കൽപറ്റ ∙ മികച്ച വിലയുണ്ടെങ്കിലും ഉൽപാദനക്കുറവിൽ വിലയുടെ മെച്ചം ലഭിക്കാതെ കമുക് കർഷകർ. ഈ വർഷത്തെ തുടർച്ചയായ മഴയും രോഗബാധയും കാരണം കമുക് തോട്ടങ്ങളിൽ നല്ല തോതിൽ കായ് കൊഴിച്ചിൽ ആയിരുന്നു. മാസങ്ങളോളം തുടർന്ന മഴയായിരുന്നു പ്രധാന കാരണം.
പലയിടത്തും തോട്ടങ്ങൾ പാട്ടത്തിന് എടുക്കാൻ ആളില്ലായിരുന്നു. പൈങ്ങയ്ക്ക് ഇത്തവണ നല്ല വിലയുണ്ടെങ്കിലും ലഭ്യത കുറവാണ്. ക്വിന്റലിന് 17500 രൂപയാണ് ഇപ്പോഴത്തെ വിപണി വില.
നല്ലൊരു വാർഷിക വരുമാനമായിരുന്നു കർഷകർക്കു കമുകിൽ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഞ്ഞളിപ്പ് രോഗം വ്യാപകമായതോടെ കമുക് കൃഷി ജില്ലയിലും വളരെ കുറഞ്ഞു.
മരുന്നു പ്രയോഗം നടത്തിയുമെല്ലാം കർഷകർ പരമാവധി കൃഷി നിലനിർത്തി പോന്നിരുന്നു. വിളവെടുപ്പിനു മാസങ്ങൾക്കു മുൻപു വ്യാപാരികൾ കമുക് തോട്ടങ്ങൾ പാട്ടത്തിന് എടുക്കുന്നതും പതിവായിരുന്നു. ഈ വർഷം ശമനമില്ലാത്ത മഴയെ തുടർന്നു രോഗമില്ലാത്ത കമുകിൽ നിന്നു പോലും അടയ്ക്ക ലഭിക്കാത്തഅവസ്ഥയാണ്.
ജൂൺ, ജൂലൈ മാസങ്ങളിലെ മഴ കാരണം കായ്കൾ പിടിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ കൊഴിഞ്ഞു നശിച്ചു. തോട്ടങ്ങളിൽ തലയില്ലാത്ത കമുകുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.
പഴയ കമുകുകൾ വെട്ടി മാറ്റി പലരും പുതിയവ നട്ടു പരീക്ഷണം നടത്തുന്നുണ്ടെങ്കിലും കായ്ക്കുന്നതിനു മുൻപു രോഗം വരുന്നതു തടയാൻ കൃഷി വകുപ്പിനും കഴിയുന്നില്ല. കുരുമുളകിനു ശേഷം കമുക് കൃഷിയും രോഗബാധ കാരണം ജില്ലയിൽ നിന്നു ക്രമേണ കുറഞ്ഞു തുടങ്ങുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

