
പൂത്തക്കൊല്ലി ∙ പുത്തുമല ദുരന്തത്തിന് 6 വർഷം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ദുരന്തബാധിതർ ഇപ്പോഴും ദുരിതക്കയത്തിൽ. ചോർന്നൊലിക്കുന്ന, ചുമരുകൾ വിണ്ടു കീറിയ വീടുകളിൽ കഴിഞ്ഞ 4 വർഷമായി ഇവർ ദുരിത ജീവിതം നയിക്കുന്നു.
ദുരന്തബാധിതരായ 52 കുടുംബങ്ങളെയാണു സ്വകാര്യ ട്രസ്റ്റ് വിലയ്ക്കു വാങ്ങി ജില്ലാ ഭരണകൂടത്തിനു കൈമാറിയ, പുത്തുമലയിലെ 7 ഏക്കറിൽ പുനരധിവസിപ്പിച്ചത്. നിലവിൽ 49 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
ദുരന്തത്തിനു 2 വർഷങ്ങൾക്കു ശേഷമാണു 49 വീടുകളുള്ള പുനരധിവാസ പദ്ധതി യാഥാർഥ്യമായത്.
550 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണു നിർമിച്ചത്. 6.5 ലക്ഷം രൂപ ഒരു വീടിനായി ചെലവഴിച്ചു.
ഇതിൽ 4 ലക്ഷം രൂപ സർക്കാർ നൽകി. ബാക്കി തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു.
2 കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി സൗകര്യങ്ങളാണു വീടുകളിലുള്ളത്. വിവിധ സന്നദ്ധ സംഘടനകൾ ചേർന്നാണു വീടു നിർമാണം പൂർത്തിയാക്കിയത്.
താമസം തുടങ്ങി 6 മാസം കഴിയും മുൻപേ വീടുകൾ ചോർന്നൊലിച്ചു തുടങ്ങിയിരുന്നു. വീടുകളുടെ അശാസ്ത്രീയ നിർമാണം തുടക്കംമുതലേ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അവഗണിച്ചതായി ഗുണഭോക്താക്കൾ പറഞ്ഞു.
ചോർന്നൊലിക്കുന്നതിനാൽ ഇവിടത്തെ വീടുകളുടെ ഭൂരിഭാഗത്തിന്റെയും മേൽക്കൂരയ്ക്കു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച നിലയിലാണ്.
ദുരിതം ഇങ്ങനെ
‘ചാറ്റൽ മഴ പെയ്താൽ പോലും വീടുകൾക്കുള്ളിലേക്ക് വെള്ളമെത്തും, സദാസമയവും നിലം തുടച്ച് വെള്ളമൊഴിവാക്കേണ്ട ഗതികേട്.
കുട്ടികൾ നടക്കുമ്പോൾ തെന്നി വീഴാതെ നോക്കണമല്ലോ’ –ചോർന്നൊലിക്കുന്ന മേൽക്കൂര ചൂണ്ടിക്കാട്ടി പി.എ.ഷറീജ പറയുന്നു. സമാനമായ അവസ്ഥയാണു മറ്റു വീടുകളിലും.
മഴ ചാറിയാൽ പോലും ഇവരുടെ നെഞ്ചിൽ ആധിയാണ്. വീടുകൾക്ക് വേണ്ടത്ര ബലമില്ലാത്തതിനു പുറമേയാണു മഴ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും.
‘മഴ തുടങ്ങിയാൽ ബക്കറ്റുകളും അലൂമിനിയം പാത്രങ്ങളുമായി ഓടി നടക്കേണ്ട അവസ്ഥ.
മേൽക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം നിലത്തു വീഴാതെ നോക്കണമല്ലോ’–വീട്ടമ്മയായ സുഹറാബി സങ്കടത്തോടെ പറഞ്ഞു. ‘ഇൗ ദുരിതം തുടങ്ങിയിട്ട് 3 വർഷത്തിലേറെയായി.
അധികൃതരോടു പരാതി പറഞ്ഞു മടുത്തു.
ആരും തിരിഞ്ഞു നോക്കുന്നില്ല’ –കദീജയുടെ വാക്കുകളിൽ നിറയെ രോഷം. ‘വീടുകളുടെ വലിപ്പം നിർണയിച്ചതിലും പാകപ്പിഴയുണ്ടായി.
2 അംഗങ്ങളുള്ള കുടുംബത്തിനും 6 ലധികം അംഗങ്ങളുള്ള കുടുംബത്തിനും ഒരേ വലിപ്പത്തിലാണു വീടുകൾ നിർമിച്ചത്. ശോച്യാവസ്ഥയിലായ, വീടുകളിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടിയാണു ഓരോ ദിവസവും തള്ളിനീക്കുന്നത്’ – ഹർഷം കമ്മിറ്റി പ്രസിഡന്റ് കൂടിയായ സലീമ മുജീബ് പറയുന്നു.
‘ചോർന്നൊലിക്കുന്നതിനാൽ കിടക്കകൾക്കു മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിക്കണം, നനവുള്ളതിനാൽ ചുമരിനോട് ചേർത്ത് കട്ടിൽ ഇടാനാകില്ല. ശ്രദ്ധ പാളിയാൽ കുട്ടികളുടെ പുസ്തകങ്ങളും ഉടുപ്പുമെല്ലാം നനയും –വീടിന്റെ ദുരവസ്ഥയെക്കുറിച്ചു പറയുമ്പോൾ സാബിറയുടെ കണ്ണുകൾ നിറഞ്ഞു.
മഴ പെയ്യുമ്പോൾ ഭീതിയാണ്
ചുമരും മേൽക്കൂരയും തമ്മിൽ ഉയരവ്യത്യാസമുള്ളതിനാലാണു മഴവെള്ളം അകത്തേക്ക് എത്തുന്നത്.
സദാസമയവും ഇൗർപ്പം നിലനിൽക്കുന്നതിനാൽ ചുമരുകൾ വീണ്ടുകീറിത്തുടങ്ങി. ഡൈനിങ് റൂമിനും അടുക്കളയ്ക്കും സിറ്റൗട്ടിനും മുകളിൽ ടൈൽഡ് (ഓടുകൾ കൊണ്ടുള്ള) മേൽക്കൂരയാണു നിർമിച്ചത്.
2 കിടപ്പുമുറികൾക്ക് കോൺക്രീറ്റ് ഷീറ്റുകളും. വീടുകളെ താങ്ങിനിർത്തുന്ന സിമന്റ് തൂണുകൾക്കു ബലമില്ല.
ബലക്ഷയം വീടിന്റെ നിലനിൽപ് ഭീഷണിയിലാക്കിയതോടെ ചില കുടുംബങ്ങൾ ഈ തൂണുകൾ പൊളിച്ചുമാറ്റി സ്വന്തം ചെലവിൽ പുതിയ തൂണുകൾ നിർമിച്ചു. ചോർന്നൊലിക്കുന്ന വീടുകളിൽ ചിലതിൽ വൈദ്യുതി ചോർച്ചയുമുണ്ടെന്നു കുടുംബങ്ങൾ പറഞ്ഞു.
‘വൈദ്യുതാഘാതമേൽക്കുമോയെന്ന് ഭയന്ന് മഴ പെയ്യുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കേണ്ട
ഗതികേടാണ് ’ വീട്ടമ്മയായ ഷരീഫ പറയുന്നു. ഗുണഭോക്താക്കളുടെ പരാതിയെ തുടർന്ന് പരിശോധന നടത്തിയ നിർമിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വീടുകളുടെ നിർമാണം അശാസ്ത്രീയമാണെന്നു റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ ഡപ്യൂട്ടി കലക്ടറുടെ(ജനറൽ) അധ്യക്ഷതയിൽ ചേർന്ന യോഗം, വീടുകളുടെ ബലം ഉറപ്പുവരുത്താനും ടൈൽഡ് മേൽക്കൂര മാറ്റി പകരം കോൺക്രീറ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ തുടർനടപടികളില്ലെന്നു ഗുണഭോക്താക്കൾ പറയുന്നു.
പ്രഖ്യാപനങ്ങളിൽ പലതും പാഴ്വാക്കായി
വീടുകൾക്കു പുറമേ, കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള സൗകര്യങ്ങൾ, കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങളുമായി മുന്നോട്ടുപോകാനുള്ള സ്ഥലം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം തുടങ്ങിയവയും ടൗൺഷിപ്പിനോടൊപ്പം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇവയൊന്നും ഇതുവരെ യാഥാർഥ്യമായിട്ടില്ല. 2019 ഓഗസ്റ്റ് 8നാണു പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്. 17 ജീവനുകൾ പൊലിഞ്ഞു.
5 പേർ ഇപ്പോഴും കാണാമറയത്താണ്. ദുരന്തത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട
10 കുടുംബങ്ങൾ സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈപ്പറ്റി മറ്റിടങ്ങളിലേക്കു മാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]