
കൽപറ്റ ∙ കാർഷികസംസ്കൃതിയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതി വയനാടൻ വയലേലകളിൽ നടീൽ ഉത്സവമായ കമ്പളനാട്ടിക്കു തുടക്കം. ജില്ലയിൽ പലയിടത്തും കമ്പളനാട്ടി സജീവമായി നടന്നുവരികയാണ്.
വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ ആചാരത്തിന്റെ ഭാഗമായി തുടിയുടെയും ചീനിയുടെയും സഹായത്തോടെ വയലേലകളിൽ നൃത്തമാടി ഞാറു നടന്നതാണു കമ്പളനാട്ടി. കളി, കളി കമ്പളം എന്ന പിൻപാട്ടിന്റെ സഹായത്തോടെയാണു വയലേലകളിലെ കമ്പളനാട്ടി.
അധ്വാനഭാരം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിസ്തൃതമായ വയലേലകളിൽ ഒരുമിച്ചും വേഗത്തിലും കൃഷി തീർക്കാനാണു കമ്പളം നടത്തുന്നത്.
കാർഷിക സമൃദ്ധിയുടെ ഉത്സവമായാണു കമ്പളനാട്ടി ആഘോഷം.
പാട്ടും ആട്ടവുമായി നടത്തുന്ന കമ്പളനാട്ടിയിൽ കുട്ടികളും നാട്ടുകാരും ചേരുമ്പോൾ കാർഷിക പെരുമയുടെ കേളികൊട്ടാകും. ഒരു കൂട്ടം സ്ത്രീകൾ ഞാറു പറിക്കുകയും മറ്റുള്ളവർ ഞാറു നടുകയും ചെയ്യുന്നു.
കമ്പളം എന്നാൽ ഞാറ്. നാട്ടി എന്നാൽ നടുക.
ഇതാണ് കമ്പളനാട്ടി എന്ന പദത്തിന്റെ അർഥം.
പുരുഷന്മാർ പാടവരമ്പത്തുനിന്നു താളത്തോടെ തുടി കൊട്ടുകയും കുഴൽ വിളിക്കുകയും ചെയ്യുമ്പോൾ സ്ത്രീകൾ കമ്പളപ്പാട്ട് പാടി താളത്തിനൊപ്പം നൃത്തച്ചുവടോടെ ഞാറ് നടുന്നു. തുടിതാളവും നൃത്തച്ചുവടുകളുമായി അതിവേഗത്തിൽ കമ്പളനാട്ടി നടക്കുമ്പോൾ പരമാവധി ഒറ്റ ദിവസം കൊണ്ടു ഞാറു നടീൽ കഴിയുമെന്നത് പ്രത്യേകതയാണ്.
വയനാട്ടിലെ ഗോത്രവിഭാഗങ്ങളിലെ പണിയ, അടിയ, നായ്ക്കർ വിഭാഗങ്ങളിലുള്ളവരാണു കൂടുതലായും കമ്പളനാട്ടി നടത്തിയിരുന്നത്.
ഇക്കാലത്ത്, അന്യംനിന്നു പോകുന്ന മേളപ്പെരുമ മാത്രമായി കമ്പളനാട്ടി മാറുന്നു. കമ്പളനാട്ടിക്ക് മുന്നോടിയായി വയലുകളിൽ പണിയെടുക്കുന്നവർക്ക് ഐശ്വര്യ സമൃദ്ധി ലഭിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായി ഭൂമിപൂജയും നടത്തുന്നുണ്ട്. വയലിലെ പണികൾ തീർന്ന ശേഷം കുലദൈവങ്ങൾക്ക് ആചാരനുഷ്ഠാനങ്ങളടോടെ ഇഷ്ടമുള്ളത് സമർപ്പിക്കുന്നതോടെയാണ് കമ്പളം അവസാനിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]