കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ അർഹതയുണ്ടായിട്ടും പുനരധിവാസ പട്ടികയിൽ ഉൾപ്പെടാതെ 88 കുടുംബങ്ങൾ പുറത്തായെന്നു ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി. അട്ടമലയിൽ 23, പടവെട്ടിക്കുന്നിൽ 23, മുണ്ടക്കൈയിൽ 16, റാട്ടപ്പാടിയിൽ 26 എന്നിങ്ങനെയാണു പട്ടികയിൽ നിന്നു പുറത്തായ കുടുംബങ്ങളുടെ എണ്ണമെന്ന് കൺവീനർ ഷാജിമോൻ ചൂരൽമല, ഉസ്മാൻ ബാപ്പു എന്നിവർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ് പദ്ധതി, സന്നദ്ധ സംഘടനകളുടെ പുനരധിവാസ പദ്ധതി എന്നിവയിലൊന്നും ഇടംനേടാത്തവരാണിവർ. 49 പേരെ കൂടി ഉൾപ്പെടുത്തിയ പുതുക്കിയ പട്ടിക ദിവസങ്ങൾക്കു മുൻപാണ് വന്നത്.
ഈ പട്ടികയിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം.
സ്വന്തക്കാരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ചില റവന്യു ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് അർഹതപ്പെട്ടവർ പുറത്താകാൻ കാരണമെന്നും ഇവർ ആരോപിച്ചു. അനർഹരായ 12 പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒരു വീട്ടിൽ താമസിച്ചിരുന്നവർക്ക് പല റേഷൻ കാർഡുകളുണ്ടായിരുന്നതിനാൽ രണ്ടും മൂന്നും വീടുകൾക്ക് വരെ അർഹത നേടുന്ന സാഹചര്യമുണ്ടായി. പ്രദേശത്ത് താമസമില്ലാത്തവർ പോലും ഗുണഭോക്തൃ പട്ടികയിൽ ഇടം നേടിയതായും ഇവർ ആരോപിച്ചു.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 107 കുടുംബങ്ങൾ ആശങ്കയിലാണ്.
ഭൂമിയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളിൽ ദുരന്തബാധിതരാണെന്നു കണക്കിലെടുത്ത് സർക്കാർ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കെട്ടിട
ഉടമകൾ, കർഷകർ എന്നിവർക്കുള്ള നഷ്ടപരിഹാര പാക്കേജും പ്രഖ്യാപിക്കണം. ടൗൺഷിപ് നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയുമായും മേൽനോട്ടം വഹിക്കുന്നവരുമായും ദുരന്തബാധിതർക്ക് ആശയവിനിമയം നടത്താൻ അവസരമൊരുക്കണം. മുണ്ടക്കൈ–ചൂരൽമല ദുരന്തമേഖലയിൽ ഇനിയൊരു ദുരന്തമുണ്ടാകുമോ എന്നതിൽ വിദഗ്ധ പഠനം നടത്തി ആശങ്ക പരിഹരിക്കണം.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാജൻ എന്നിവരെ നേരിൽക്കണ്ട് നിവേദനം നൽകുമെന്നും അനുകൂല നിലപാടുകളില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഇവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]