
വാളത്തൂരിനെ ആശങ്കയിലാക്കി പുലി ശല്യം രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിപ്പൺ ∙ വാളത്തൂരിനെ ആശങ്കയിലാക്കി പുലി ശല്യം രൂക്ഷം. വെള്ളിയാഴ്ച ഉച്ചയോടെ പ്രദേശത്തു 2 പുലികളിറങ്ങി. വാളത്തൂരിലെ ലാസ്റ്റ് ട്രാൻസ്ഫോമർ പരിസരത്തെ റിസോർട്ടിലാണു പുലികളെത്തിയത്. റിസോർട്ടിന്റെ ചില്ലുവാതിലിന് അരികിലെത്തി അകത്തേക്കു നോക്കുന്ന പുലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ സമയം റിസോർട്ടിലുണ്ടായിരുന്ന ഗുജറാത്ത് സ്വദേശിയാണു പുലികളുടെ ദൃശ്യം പകർത്തിയത്. വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മടങ്ങി. കഴിഞ്ഞ കുറച്ചു മാസങ്ങളായി മേഖലയിൽ പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. മേഖലയിൽ ഒന്നിലേറെ പുലികളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 2 മാസം മുൻപ്, പ്രദേശവാസിയായ മാർസി ഡിസിൽവയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ ജനവാസ മേഖലയിലൂടെ നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഗോത്ര ഉൗരുകൾ അടക്കമുള്ള മേഖലയിലാണു പുലി ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ നീങ്ങിയ പുലി അന്നു വാളത്തൂർ–ആനടിക്കാപ്പ് റോഡിലുമെത്തി. 6 മാസങ്ങൾക്കു മുൻപ്, പ്രദേശവാസിയായ ചേനോത്ത് ശിഹാബിന്റെ വീട്ടിലെ ആടിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. സമീപത്തെ വനമേഖലയിൽ നിന്നാണു പുലി ജനവാസ മേഖലകളിലേക്കിറങ്ങുന്നത്.