
പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം 9ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ വയനാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിനു പരിഹാരമായി ജില്ലയ്ക്കു സ്വന്തമായി പാസ്പോർട്ട് സേവാ കേന്ദ്രമായി. കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരു വർഷം മുൻപ് ഒരുങ്ങിയെങ്കിലും ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. 9നു രാവിലെ 10നു കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് കൽപറ്റ ടൗണിലെ ഹെഡ് പോസ്റ്റ് ഓഫിസിനോടു ചേർന്നു ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പ്രിയങ്ക ഗാന്ധി എംപി, മന്ത്രി ഒ.ആർ.കേളു എന്നിവർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
കാലങ്ങളായി പാസ്പോർട്ട് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും വയനാട്ടുകാർ വടകര, കോഴിക്കോട് പാസ്പോർട്ട് ഓഫിസുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എത്തിപ്പെടാനുള്ള സൗകര്യത്തിനായി കോഴിക്കോട്ടെ ഓഫിസിനെ ആയിരുന്നു ജില്ലക്കാർ കൂടുതലും ആശ്രയിച്ചത്. പാസ്പോർട്ടിന് അപേക്ഷിക്കൽ, പുതുക്കൽ എന്നിവയ്ക്കൊക്കെ ഒന്നിലേറെ തവണ പോകേണ്ട അവസ്ഥയായിരുന്നു. പാസ്പോർട്ട് ലഭിക്കാനും ദിവസങ്ങളുടെ കാത്തിരിപ്പു വേണ്ടി വന്നിരുന്നു.
ഓഫിസിനുള്ള സൗകര്യവും ജീവനക്കാർക്കുള്ള പരിശീലനവും കൽപറ്റയിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പാസ്പോർട്ട് ഓഫിസ് ഇല്ലാത്ത ജില്ല വയനാട് മാത്രമായിരുന്നു. മുൻപ് പാസ്പോർട്ട് ഓഫിസ് ജില്ലയിൽ ആരംഭിക്കാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും സ്ഥല സൗകര്യം ഇല്ലാത്തതിനാൽ നീണ്ടു പോവുകയായിരുന്നു. ഇപ്പോൾ കൽപറ്റയിൽ പോസ്റ്റൽ വകുപ്പിന്റെ സ്ഥലത്തു പുതുതായി നിർമിച്ച ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടത്തോടനുബന്ധിച്ചാണു പാസ്പോർട്ട് ഓഫിസിനായി സൗകര്യം കണ്ടെത്തിയത്. കൽപറ്റ ടൗണിൽ ആരംഭിക്കുന്ന ഓഫിസ് ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുള്ളവർക്കും എത്തിപ്പെടാൻ സൗകര്യത്തിൽ ആണ്.