കൽപറ്റ ∙ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്നു ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതിൽ രാഷ്ട്രീയ വിവാദം കത്തുന്നു. കിറ്റുകൾ വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് ആരോപിച്ച് എൽഡിഎഫ് രംഗത്തെത്തി.
എന്നാൽ, തങ്ങളുടെ സിറ്റിങ് സീറ്റായ വാർഡിൽ കിറ്റുകൾ നൽകി വോട്ടു പിടിക്കേണ്ട ആവശ്യമില്ലെന്നു യുഡിഎഫ് തിരിച്ചടിച്ചു.
അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ, കലക്ടർ എന്നിവർക്ക് പരാതി നൽകി.
ബുധനാഴ്ച രാത്രി എട്ടരയോടയാണു വിവാദങ്ങളുടെ തുടക്കം. 5–ാം ഡിവിഷനായ എമിലിയിലെ യുഡിഎഫ് സ്ഥാനാർഥി കെ.ചിത്രയുടെ വീട്ടിൽ നിന്നാണു ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തത്.
ഓട്ടോറിക്ഷയിലെത്തിച്ച കിറ്റുകൾ വീട്ടിലേക്ക് ഇറക്കുന്നതിനിടെ കൽപറ്റ പൊലീസും തിരഞ്ഞെടുപ്പ് സ്ക്വാഡും ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് എൽഡിഎഫും പ്രവർത്തകരും പിന്നാലെ യുഡിഎഫും പ്രവർത്തകരുമെത്തി.
തുടർന്ന് കിറ്റുകൾ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസും തിരഞ്ഞെടുപ്പ് സ്ക്വാഡും മടങ്ങി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം: സിപിഎം
നഗരസഭയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം കൽപറ്റ ഏരിയ കമ്മിറ്റി ആരോപിച്ചു. 5–ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തിയത് ഇതിന്റെ ഭാഗമായാണ്. നിയമവിരുദ്ധ പ്രവർത്തനമാണിത്.
കിറ്റുകൾ പിടിച്ചത് മുതൽ പരസ്പര വിരുദ്ധമായാണ് യുഡിഎഫ് നേതാക്കൾ സംസാരിക്കുന്നത്. ബാലിശമായ വാദങ്ങളാണു യുഡിഎഫിന്റേതെന്നും കച്ചവട
സ്ഥാപനങ്ങളിൽ ഭക്ഷ്യസാധനങ്ങൾ കിറ്റുകളാക്കി വച്ച് ടോക്കൺ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതായി സംശയിക്കുന്നതായും ആരോപിച്ചു.
“യുഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. ഇവിടെ കിറ്റുകൾ നൽകി വോട്ടുകൾ പിടിക്കേണ്ട
സാഹചര്യം യുഡിഎഫിനില്ല. ഭരണസ്വാധീനം ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാർഥികളെ കരിവാരി തേയ്ക്കാനാണു സിപിഎം ശ്രമിക്കുന്നത്.
ബുധനാഴ്ച രാത്രിയിൽ എമിലിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തിയതും സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണ്. വീട്ടിലേക്കെത്തിച്ച ഭക്ഷ്യക്കിറ്റുകൾ ഉൗരുകളിൽ വിതരണം ചെയ്യാനായി എത്തിച്ചതാണെന്ന് വ്യാജ പ്രചാരണം നടത്തി നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിച്ചത്.”
പി.കെ.മുരളി ,കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡന്റ്
ഇതിനിടെ, കിറ്റുകൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ നൽകിയ വിശദീകരണത്തിൽ ഗോത്രവിഭാഗക്കാരെ അപമാനിച്ചതായി ആരോപിച്ച് ആദിവാസി ക്ഷേമസമിതിയും രംഗത്തെത്തി. ഞങ്ങളുടെ വാർഡിൽ കിറ്റുകൾ നൽകാൻ ഉൗരുകൾ ഇല്ല എന്ന പ്രസ്താവന ഗോത്ര വിഭാഗത്തെ അപമാനിക്കുന്നതാണെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് പി.വിശ്വനാഥൻ പറഞ്ഞു. ഇത്തരം പ്രസ്താവന നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“നഗരസഭയിൽ യുഡിഎഫ് വലിയ പരാജയഭീതിയിലാണ്. പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം പല വാർഡുകളിലും യുഡിഎഫിന് വിമതരെ എത്തിച്ചു.
നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത അടച്ചു തീർക്കാത്തതിനാൽ വെള്ളാരംകുന്ന് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുന്ന അവസ്ഥയുമുണ്ടായി. കൽപറ്റ എംഎൽഎ വീടുകളിലെത്തി തെറ്റായ പ്രചാരണങ്ങളും വാഗ്ദാനങ്ങളും നൽകുകയാണ്.”
വി.ഹാരിസ്സി, പിഎം കൽപറ്റ ഏരിയ സെക്രട്ടറി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

