
ചൂരൽമല ∙ മേഖലയിലെ കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റീബിൽഡ് ചൂരൽമല കൂട്ടായ്മയുടെ നേതൃത്വത്തിൽ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത മാർച്ച് ഫോറസ്റ്റ് സ്റ്റേഷന്റെ കവാടത്തിനു മുൻപിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ, ജനകീയ പങ്കാളിത്തത്തോടെ 3 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് സ്ഥാപിക്കുമെന്നും കൂടുതൽ ആർആർടി സംഘത്തെ മേഖലയിൽ നിയോഗിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം ചൂരൽമല, കൊയ്നാകുളം തുടങ്ങിയ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്.
കഴിഞ്ഞദിവസവും മേഖലയിൽ കാട്ടാനക്കൂട്ടമെത്തിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ ഇവിടങ്ങളിൽ പതിവായി കാട്ടാനക്കൂട്ടമെത്തുന്നുണ്ട്.
കാട്ടാനകൾ പതിവായി തമ്പടിച്ചിരുന്ന വനമേഖലകളിൽ പലതും ഉരുൾപൊട്ടലിൽ തകർന്നതും കാട്ടാനശല്യം രൂക്ഷമാകാൻ കാരണമാണ്. ഏലം, തേയില, കാപ്പി കൃഷിത്തോട്ടങ്ങൾ കൂടുതലായുള്ള മേഖലകളാണിത്.
പകൽസമയങ്ങളിൽ പോലും കാട്ടാനകൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെ കൃഷി പ്രതിസന്ധിയിലായി.
ദുരന്തത്തെ തുടർന്ന് ഈ മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചതും കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമാക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 12ന് അട്ടമല ഏറാട്ടുകുണ്ട് ഊരിലെ ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സമരം അട്ടമല വാർഡ് അംഗം എൻ.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ സി.കെ.നൂറുദ്ദീൻ, സുകന്യ ആഷിൻ, റീബിൽഡ് ചൂരൽമല കൂട്ടായ്മ ഭാരവാഹികളായ പി.വി.ജിജിത്ത്, ഷെരീഫ്, പി.വി.സുരേഷ്, കെ.എം.തമ്പി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]