
ബത്തേരി ∙ ചീരാലിൽ പുലിക്കു പിന്നാലെ കടുവ. ഇന്നലെ രാവിലെ ഒൻപതേകാലോടെ പണിക്കർപടിയിലാണ് കടുവയെ കണ്ടത്.
വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പ്രദേശവാസിയായ ജിതേഷ് ആദിത്യയാണ് കടുവയെ കണ്ടത്. ജിതേഷിന്റെ നേരെ നടന്നു വന്ന കടുവ ബഹളമുണ്ടാക്കിയപ്പോൾ സമീപത്തെ മൺറോഡ് മറികടന്ന് തോട്ടത്തിലേക്ക് കയറിപ്പോവുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകർ കടുവയുടെ കാൽപാടുകൾ സ്ഥിരീകരിച്ചു.
അതോടെ ആർആർടി സംഘവും സ്ഥലത്തെത്തി.
പണിക്കർപടിയിൽ നിന്ന് മാറി മുണ്ടക്കൊല്ലിയിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെ മുണ്ടക്കൊല്ലിയിലും തിരച്ചിൽ ആരംഭിച്ചു. പിന്നീട് 4 കിലോമീറ്റർ ചുറ്റളവിൽ പലയിടത്തും കടുവയെ കണ്ടതായി വിളിയെത്തി. തുടർന്ന് നൂൽപുഴ പൊലീസ് ഡ്രോണുമായി രംഗത്തെത്തി.
പണിക്കർപടി, ചീരാൽ, മുണ്ടക്കൊല്ലി ഭാഗങ്ങളിലെല്ലാം ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പൊലീസും വനംവകുപ്പ് സ്ഥലത്ത് പട്രോളിങ് തുടരുകയാണ്.
ജാഗ്രത പുലർത്തണമെന്നും വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
നോക്കുമ്പോൾ മുന്നിലൊരു കടുവ
പണിക്കർ പടി ബസ് സ്റ്റോപ്പിൽ നിന്ന് കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിട്ട് മടങ്ങവേയാണ് കടുവയെ കണ്ടതെന്ന് പ്രദേശവാസിയും ഫൊട്ടോഗ്രഫറുമായ ജിതേഷ് ആദിത്യ പറഞ്ഞു. വീട്ടിലേക്ക് നടക്കവേഅയൽവാസിയായ പട്ടേൽ ദിലീപിനെ വഴിയോരത്തു കണ്ടു.
അദ്ദേഹത്തോട് സംസാരിച്ചു കൊണ്ടു നിൽക്കുമ്പോൾ തോട്ടത്തിൽ കാപ്പിയുടെ ശിഖരങ്ങൾ ഇളകുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ വലിയൊരു കടുവ നേരെ നടന്നു വരുന്നതാണ് കണ്ടത്. ശബ്ദമുണ്ടാക്കിയപ്പോൾ കടുവ സമീപത്തെ മൺറോഡ് മറികടന്ന് അടുത്ത കൃഷിയിടത്തിലേക്ക് കയറിപ്പോയി.
ഉടൻ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. 3 വർഷം മുൻപ് ഇതേ സ്ഥലത്തു കടുവ നായയെ പിടികൂടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]