കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതയായ ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്ത് ടി.സിദ്ദീഖ് എംഎൽഎ വഞ്ചിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. 120 ദിവസം കൊണ്ട് വീട് നിർമിച്ചു നൽകുമെന്ന് പറഞ്ഞ് തറക്കല്ലിട്ട് 18 മാസം കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയില്ല.
എംഎൽഎയുടെ വാക്ക് വിശ്വസിച്ച് ടൗൺഷിപ്പിൽ വീട് വേണ്ടെന്നു വച്ച ശ്രുതിയിപ്പോൾ സർക്കാരിൽ നിന്നു കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകാമെന്നും വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും കെ.റഫീഖ് പറഞ്ഞു.
ഉരുൾപൊട്ടലിൽ കുടുംബാംഗളെല്ലാവരും തുടർന്നുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട് കേരളത്തിന്റെ നൊമ്പരമായി മാറിയ ശ്രുതിയെ റീൽസുണ്ടാക്കാനും രാഷ്ട്രീയ നേട്ടത്തിനായും ടി.സിദ്ദീഖ് ഉപയോഗിക്കുകയായിരുന്നു. ശ്രുതിയെയും വാഗ്ദാനം നൽകി വഞ്ചിച്ചു.
എംഎൽഎയുടെ റീൽസും പോസ്റ്റുമെല്ലാം ഇപ്പോഴും സമൂഹ മാധ്യമങ്ങളിലുണ്ട്. ടി.സിദ്ദീഖ് പറഞ്ഞതു പ്രകാരം 2025 ജനുവരിയിൽ വീട് നൽകേണ്ടതായിരുന്നു.
2026 ജനുവരി കഴിഞ്ഞിട്ടും വീടില്ല. എല്ലാം നഷ്ടപ്പെട്ടുപോയ പെൺകുട്ടിയുടെ കണ്ണീര് സ്വന്തം ഇമേജ് വർധിപ്പിക്കുന്നതിനുള്ള റീൽസ് ഉണ്ടാക്കി എംഎൽഎ പ്രചരിപ്പിച്ചു.
ശ്രുതി ഒറ്റപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.
വിവിധ സഹായങ്ങൾക്കൊപ്പം റവന്യു വകുപ്പിൽ ജോലി നൽകി സംരക്ഷിച്ചു. ദുരന്തബാധിതരുടെ പേരിൽ പിരിച്ച കോടികണക്കിന് രൂപ തിഞ്ഞെടുപ്പ് പ്രചാരണത്തിനും നേതാക്കളുടെ കോഴ ഒതുക്കാനും കോൺഗ്രസ് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജോലി വാഗ്ദാനം ചെയ്ത് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ആഴ്ചകൾക്ക് മുൻപ് ഒരു കോൺഗ്രസ് കുടുംബം രംഗത്തെത്തിയിരുന്നു. ഡിസിസി ഓഫിസിനു മുന്നിൽ സമരം നടത്തുമെന്നു പറഞ്ഞ ഇവർ പിന്നീട് പിന്മാറി.
ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കൾ ഇവരെ കൽപറ്റയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സെറ്റിൽമെന്റ് നടത്തി.
10 ലക്ഷത്തിനുപകരം അതിൽകൂടുതൽ പണം കൊടുത്തു.
ഇൗ പണം ദുരന്തബാധിതരുടെ പേരിൽ പിരിച്ച തുകയാണെന്നും കെ.റഫീഖ് ആരോപിച്ചു. കഴിഞ്ഞ 25ന് രാത്രി എട്ടിനായിരുന്നു ഒത്തുതീർപ്പ്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തയാറായൽ ചർച്ചയ്ക്ക് എത്തിയവരെ കാണാം. ഡിസിസി അധ്യക്ഷന്റെ ഫോൺ ലൊക്കേഷൻ ആ സമയത്ത് എവിടെയായിരുന്നെന്നും പരിശോധിച്ചാൽ മനസ്സിലാകും.
പണം തരാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞെന്ന് പരാതിക്കാർ മറ്റൊരാളുമായി സംസാരിക്കുന്ന ഓഡിയോ പുറത്തായിട്ടുണ്ട്. വീട് നിർമാണത്തിന് 5 കോടി രൂപ വിനിയോഗിച്ചാണ് സ്ഥലം വാങ്ങിയതെന്നാണ് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞതെന്നും എന്നാൽ, കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മലക്കം മറിഞ്ഞെന്നും കെ.റഫീഖ് ആരോപിച്ചു.
സിപിഎം പറയുന്നത് പച്ചക്കള്ളം: ടി.സിദ്ദീഖ്
കൽപറ്റ ∙ശ്രുതിക്ക് വീട് നിർമിച്ച് കൊടുക്കുന്നത് ‘ടൈം ന്യൂസ്’ എന്ന യൂട്യൂബർമാർ ആണെന്നത് മറച്ചുവച്ച് സിപിഎം ജില്ലാ സെക്രട്ടറി പച്ചക്കള്ളം പറയുകയാണെന്നും ഇതിനു പിന്നിൽ തന്നെ അപമാനിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കൽപറ്റ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.സിദ്ദീഖ്.
മുട്ടിലിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. താൻ ഫേസ്ബുക്കിലിട്ട
പോസ്റ്റിലെ ടൈം ന്യൂസിന്റെ ഭാഗം വെട്ടി പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു മിനിമം മര്യാദയെങ്കിലും കാണിക്കണം.
ഇത് വൃത്തികെട്ട
രാഷ്ട്രീയമാണ്. കൽപറ്റയിലെ ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ ഇതിന് മറുപടി നൽകും.
സിപിഎമ്മും എൽഡിഎഫും വിഷയദാരിദ്ര്യത്തിലാണെന്ന് മാത്രമല്ല, ദുർബലരും അവശരുമാണെന്നു കൂടി ഇന്നത്തെ ജില്ലാസെക്രട്ടറിയുടെ പത്രസമ്മേളനത്തിൽ നിന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയില്ലെന്നായിരുന്നു ആദ്യം തനിക്കെതിരെ ഉയർത്തിയ ആരോപണം.
എന്നാൽ. പണം നൽകിയതിന്റെ തെളിവ് സഹിതം പുറത്തുവിട്ടപ്പോൾ അതുവിട്ടു.
രകൂവി തോൽപിക്കാനുള്ള ശ്രമമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തെ ശ്രമമാണ് ഇപ്പോഴത്തെ ഈ പച്ചക്കള്ളം.
ശ്രുതിക്ക് വീട് നൽകാമെന്ന് താൻ എവിടെയും പറഞ്ഞിരുന്നില്ല. തൃശൂരിൽ നിന്നുള്ള ടൈം ന്യൂസ് എന്ന സ്ഥാപനം ശ്രുതിയുമായി നേരിട്ട് സംസാരിച്ചാണ് വീട് നിർമിച്ചു നൽകാനുള്ള തീരുമാനമെടുത്തത്.
തറക്കല്ലിടൽ ചടങ്ങിന് അവർ പലരെയും ക്ഷണിച്ചിരുന്നു.
ദുരന്തബാധിതരുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ട്. അതുപോലെ ഈ ചടങ്ങിനും പോയിട്ടുണ്ട്.
ഇതെല്ലാം അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്താണ്. വിവിധ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ദുരന്തബാധിതർക്കായി നിർമിച്ചു നൽകിയ ഒട്ടേറെ വീടുകൾക്ക് തറക്കല്ലിട്ടിട്ടുണ്ട്.
ഒരുപാട് കടകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സാമ്പത്തിക സഹായം നൽകുന്ന ചടങ്ങുകളുടെ ഭാഗമായിട്ടുണ്ട്.
എന്നാൽ, ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മധ്യത്തിൽ വച്ച്, ശ്രുതിക്ക് വീടു കൊടുക്കാൻ തീരുമാനിച്ച് അതിൽ നിന്നു പിന്മാറി എന്ന രീതിയിൽ അതിലേക്ക് തന്നെ ബന്ധപ്പെടുത്താനുള്ള ശ്രമമാണ്. സ്ഥാനാർഥി കൂടിയായ തനിക്കെതിരെ മനപൂർവം ചെയ്യുന്നതാണിത്.
ശ്രുതിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ ഇടപെടലുകൾ എല്ലാവർക്കുമറിയാം. പച്ചകള്ളം പ്രചരിപ്പിക്കുന്നതിന് വേണ്ടി പത്രസമ്മേളനം നടത്താൻ സിപിഎമ്മിന്റെ ജില്ലയിലെ ഒന്നാമത്തെയാൾ തന്നെ നേതൃത്വം നൽകുകയാണ്.
ബ്രഹ്മഗിരി വിഷയം ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണിത്.
സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട് അഴിമതിക്ക് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ആദ്യം അവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ സിപിഎം തയാറാകണം.
വ്യാജ ആരോപണം ഉന്നയിക്കാൻ ശ്രുതിയെ പോലുള്ള ദുരന്തബാധിതയായ ഒരു കുട്ടിയെ വലിച്ചിഴച്ചതിലൂടെ മനുഷ്യത്വരഹിതമായ നടപടിയാണ് സിപിഎം ജില്ലാസെക്രട്ടറി സ്വീകരിച്ചത്. ടി.സിദ്ദീഖ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

