ബത്തേരി ∙ കാട്ടാനക്കലിക്ക് ഇരയായതു ഏറ്റവും മികച്ച കർഷകനുള്ള പഞ്ചായത്തിന്റെ ആദരം നേടിയ യുവാവ്. കദങ്ങത്ത് നടുവിൽ രജീവ് വടക്കനാട് മേഖലയിലെ മികച്ച കർഷകനായിരുന്നു.
2023 ലെ കർഷക ദിനത്തിൽ പ്രദേശത്തെ മികച്ച കർഷകനുള്ള പുരസ്കാരവും പഞ്ചായത്ത് നൽകി. ഇഞ്ചി, വാഴ, കാച്ചിൽ എന്നിവയെല്ലാം രജീവ് കൃഷി ചെയ്തിരുന്നു.
കാട്ടാനയുടെ ആക്രമണത്തിനിരയായ സ്ഥലത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ 2000 വാഴയാണ് രജീവ് കൃഷി ചെയ്തിരുന്നത്. നല്ല കായ്ഫലമുള്ള വാഴ വിളവെടുക്കാനാകാതെയാണ് അദ്ദേഹം യാത്രയായത്.
അവിവാഹിതനായ രജീവ് അമ്മയ്ക്കും 2 സഹോദൻമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പവുമാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞദിവസവും പതിവുപോലെ കൃഷിപ്പണിക്കുശേഷം രാത്രി ഒൻപതോടെ ഭക്ഷണവും കഴിച്ച് കിടക്കാനൊരുങ്ങിയതായിരുന്നു. അപ്പോഴാണ് കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയതായുള്ള ഫോൺ എത്തിയത്.
പിന്നൊന്നും നോക്കിയില്ല എപ്പോഴും ചെയ്യാറുള്ളതുപോലെ ടോർച്ചുമെടുത്ത് വീടിനു താഴേക്കിറങ്ങി. ഏതാണ്ട് 200 മീറ്റർ മാത്രം മാറിയുള്ള കൃഷിയിടത്തിലെത്തി.
പിന്നെ അവിടെ എന്താണ് നടന്നതെന്ന് കൃത്യമായി പറയുക വയ്യെന്നു നാട്ടുകാർ പറഞ്ഞു. ഉറക്കെയൊരു ചിന്നംവിളി പലരും കേട്ടിരുന്നു.
2 മണിക്കൂർ കഴിഞ്ഞിട്ടും രജീവിനെ കാണാതായതോടെ സഹോദരനാണ് അടുത്തുള്ളവരെ ഫോണിൽ വിളിച്ചത്.
അയൽവാസികളും നാട്ടുകാരുമെത്തി അന്വേഷണം തുടങ്ങി. താഴെ കാച്ചിൽകൃഷി കഴിഞ്ഞ കൃഷിയിടത്തിൽ അനക്കമില്ലാതെ കിടക്കുന്ന രജീഷിനെയാണ് നാട്ടുകാർ കണ്ടത്.
അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടോടടുത്തിരുന്നു. ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഒരു മണിക്കൂർ മുൻപേ ആളു പോയെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. മുട്ടിക്കൊമ്പൻ സ്ഥിരം പ്രശ്നക്കാരനായതിനാൽ ഈ ആനയെ പിടികൂടി മാറ്റണമെന്ന് പ്രമേയം പാസാക്കി നൂൽപുഴ പഞ്ചായത്ത് രേഖാമൂലം വനംവകുപ്പ് വഴി 2024 ൽ സമർപ്പിച്ചിരുന്നു.
ഒരു മാസം മുൻപും ഇതേ കാര്യം രേഖപ്പെടുത്തി വടക്കനാട്ടെ മൂന്നു വാർഡുകളുടെയും ഗ്രാമസഭകളും പ്രമേയം പാസാക്കി. ഈ പ്രമേയങ്ങളിൽ നടപടിയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ രജീവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
പ്രതിഷേധവുമായി തമ്പടിച്ചു നാട്ടുകാർ
രജീവിനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടണമെന്നായിരുന്നു നാട്ടുകാരുടെയും സർവകക്ഷി നേതാക്കളുടെയും പ്രധാന ആവശ്യം.
അത്തരമൊരു നീക്കമുണ്ടായാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളുവെന്നും രാവിലെ മുതൽ തന്നെ വാർത്ത പ്രചരിച്ചിരുന്നു. തുടർന്നാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സർവകക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം ബത്തേരി റെസ്റ്റ് ഹൗസിൽ ചേർന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, ജില്ല പഞ്ചായത്ത് അംഗം അമൽ ജോയി, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഡപ്യൂട്ടി കൺസർവേറ്റർ എം.ജോഷിൽ, തഹസിൽദാർ എം.എസ്.
ശിവദാസൻ, ഡിവൈഎസ്പി ആർ. രാജേഷ്, മറ്റു ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
റേഡിയോ കോളർ ഘടിപ്പിച്ച് ആനയേതെന്ന് സ്ഥിരീകരിച്ച ശേഷം 15 ദിവസത്തിനുള്ളിൽ ആനയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നായിരുന്നു വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയെ ആദ്യം യോഗത്തെ അറിയിച്ചത്.
എന്നാൽ കാട്ടാനയെ പിടികൂടാനുള്ള ഉത്തരവ് ഇന്നു തന്നെയുണ്ടാകണമെന്നും അല്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്നുമുള്ള നിലപാട് വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ കൈക്കൊണ്ടു. തുടർന്ന് വനംവകുപ്പ് ്3 ദിവസത്തെ സമയം ചോദിച്ചെങ്കിലും പ്രതിഷേധക്കാർ അതും സമ്മതിച്ചില്ല.
തുടർന്നാണ് വൈൽഡ് ലൈഫ് വാർഡൻ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി സംസാരിക്കുകയും ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഉത്തരവിടാമെന്ന് ഉറപ്പു നൽകുകയും ചെയ്തത്.
കൂടുതൽ നഷ്ടപരിഹാരം
രജീവിന്റെ കുടുംബത്തിനു കൂടുതൽ നഷ്ടപരിഹാരത്തിനായി സർക്കാരിലേക്കു ശുപാർശ ചെയ്യുമെന്നു വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മരണാനന്തര ചടങ്ങുകൾക്കായി 20000 രൂപയും കൈമാറും.
കുടുംബം പറയുന്ന അശ്രിതരിൽ ഒരാൾക്ക് വനംവകുപ്പിന്റെ ഏതെങ്കിലും സംവിധാനത്തിൽ മാസത്തിൽ 24 ദിവസം വേതനം ലഭിക്കുന്ന ജോലി നൽകും. കാട്ടാനയെ പിടികൂടി പ്രശ്നപരിഹാരമുണ്ടാകുന്നതു വരെ പ്രദേശത്ത് കാവൽ ശക്തിപ്പെടുത്തുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ 3 വർഷത്തിനിടെ പൊലിഞ്ഞത് 16 ജീവനുകൾ
2023
∙ജൂലൈ 23– പുൽപള്ളി പള്ളിച്ചിറ ഉന്നതിയിലെ ബോളൻ
∙ഓഗസ്റ്റ് 13–തോൽപെട്ടി ബേഗൂർ ഉന്നതിയിലെ ചെറിയ സോമൻ(53)
∙സെപ്റ്റംബർ 12– ട്രക്കിങ്ങിനിടെ വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പുളിഞ്ഞാൽ നെല്ലിക്കച്ചാൽ തങ്കച്ചൻ(47)
∙സെപ്റ്റംബർ 30–പുൽപള്ളി ആനപ്പാറ കുള്ളൻ(52).
മരിച്ചത്
ഒക്ടോബർ 14
∙നവംബർ 4–ചുളിക്ക എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ കുഞ്ഞവറാൻ മുസ്ല്യാർ(58)
2024
∙ജനുവരി 10– പടമന സ്വദേശി അജീഷ്(47)
∙ജനുവരി 31– തിരുനെല്ലി തോൽപെട്ടി ബാർഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണൻ(50)
∙ഫെബ്രുവരി 16– താൽക്കാലിക വനം വാച്ചർ പാക്കം സ്വദേശി പോൾ(55)
∙മാർച്ച് 28–പരപ്പൻപാറയിൽ മിനി(35)
∙ജൂലൈ 16–കല്ലൂർ കല്ലുമുക്ക് രാജു(49)
2025
∙ജനുവരി 8– കുട്ട സ്വദേശി വിഷ്ണു(22)
∙ഫെബ്രുവരി 11–നൂൽപുഴ കാപ്പാട് ഉന്നതിയിൽ അമ്പലമൂല നരിക്കൊല്ലി മാനു (45)
∙ഫെബ്രുവരി 13– മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലകൃഷ്ണൻ(27)
∙ഏപ്രിൽ 24–മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഉന്നതിയിലെ അറുമുഖൻ (66)
∙ഡിസംബർ 25–മാനന്തവാടി ചെറുമാത്തൂർ ഊരിലെ പാലച്ചി(62)
2026
∙മാർച്ച് 4– വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

