പുൽപള്ളി ∙ വീടിനടുത്തുള്ള വനാതിർത്തിയിലെ നിലയ്ക്കാത്ത കടുവ ഗർജനത്തിൽ ഭയന്ന് മാടപ്പള്ളിക്കുന്ന് ഊരുനിവാസികൾ. കടുവയെ ഭയന്ന് ഊരിലെ വിജേഷ് ഓമനിച്ചു വളർത്തിയ ഒരു പോത്തിനെ കഴിഞ്ഞദിവസം വിറ്റു.
ബാക്കിയുള്ള 2 പോത്തുകുട്ടികളെ രാപകൽ കാത്തുസംരക്ഷിക്കുകയാണ്. കർണാടക ബന്ദിപ്പൂർ കടുവസങ്കേതത്തോടു ചേർന്നുള്ള ഊരിലെ കന്നുകാലികളെ ഇപ്പോൾ ആരും പുറത്തിറക്കുന്നില്ല. കഴിഞ്ഞയാഴ്ച കന്നാരംപുഴയോരത്ത് മേയാൻവിട്ട
വിജേഷിന്റെ പോത്തിനെ ലക്ഷ്യംവച്ച് പട്ടാപ്പകൽ കടുവയെത്തിയതോടെയാണ് ഇവിടത്തുകാർ ഭീതിയിലായത്.
പുഴയിൽ വസ്ത്രമലക്കിയിരുന്നവരാണ് തൊട്ടപ്പുറത്ത് പോത്തിനെ ലക്ഷ്യംവച്ച് കടുവ കുറ്റിക്കാട്ടിൽ പതുങ്ങികിടക്കുന്നതുകണ്ടത്. ഇവർ ബഹളമുണ്ടാക്കിയപ്പോൾ നാട്ടുകാർ ഓടിക്കൂടി പുഴയോരത്തുണ്ടായിരുന്ന കന്നുകാലികളെയെല്ലാം കടുവയുടെ മുന്നിൽനിന്നു രക്ഷപ്പെടുത്തുകയായിരുന്നു.
കഷ്ടപ്പെട്ടു വളർത്തിയ പോത്തിനെ സംരക്ഷിക്കാൻ നിർവാഹമില്ലാതായതോടെയാണ് കഴിഞ്ഞദിവസം വിജേഷ് പോത്തിനെ വിറ്റത്. വീടിനോടു ചേർന്ന ഷെഡിലാണ് ഇവർ മൃഗങ്ങളെ വളർത്തുന്നത്.
നാടാകെ അലഞ്ഞാണ് പുല്ലുചെത്തി കാലികൾക്കു നൽകുന്നത്.
ഇനിയുള്ള രണ്ടു പോത്തുകുട്ടികളെ വീട്ടുമുറ്റത്തേക്കുപോലും ഇറക്കുന്നില്ല. വയൽ വരമ്പത്തുനിന്നു കിട്ടുന്ന പുല്ലരിഞ്ഞാണ് തീറ്റ നൽകുന്നത്.
രാത്രിയും പോത്തിന്റെ സുരക്ഷയോർത്ത് ഉറക്കമില്ല. ഷെഡിൽ ലൈറ്റിട്ട് ജനാലയും തുറന്നിട്ടു നിരീക്ഷിക്കും.
അടച്ചുറപ്പുള്ള തൊഴുത്തില്ലാത്തതിനാൽ കന്നുകാലി വളർത്തൽ പ്രദേശത്ത് പലരും ഉപേക്ഷിക്കുന്നു.
മാടപ്പള്ളിക്കുന്നിൽ 5 പേർ ഇതിനകം പശുക്കളെ വിറ്റു. ജീവിത മാർഗമായിരുന്ന പശുക്കളെയാണ് കടുവാഭീതിയിൽ വിറ്റൊഴിവാക്കിയത്.
കടുവ മൃഗത്തെ കൊന്നാൽ കിട്ടുന്ന തുച്ഛമായ നഷ്ടപരിഹാരവും അതു കിട്ടാനുള്ള കഷ്ടപ്പാടുമോർക്കുമ്പോൾ കിട്ടുന്ന വിലയ്ക്ക് അവയെ വിൽക്കുന്നതാണ് നല്ലതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

