കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിലെ 49 പേരെക്കൂടി ഉൾപെടുത്തിയ ഗുണഭോക്തൃപട്ടികയിലും അർഹരായവർ പുറത്തായതിൽ പ്രക്ഷോഭത്തിനൊരുങ്ങി ദുരന്തബാധിതർ. പടവെട്ടിക്കുന്ന്, റാട്ടപ്പാടി, അട്ടമല നിവാസികളായ ദുരന്തബാധിതർ ഈ പട്ടികയിലും ഉൾപ്പെടാത്തതിലാണു പ്രതിഷേധം. ഇന്നലെ ചേർന്ന ജനശബ്്ദം ആക്ഷൻ കൗൺസിലിന്റെ എക്സിക്യുട്ടീവ് യോഗത്തിൽ തുടർപ്രക്ഷോഭപരിപാടികൾ ചർച്ച ചെയ്തു.
പടവെട്ടിക്കുന്ന്, റാട്ടപ്പാടി, അട്ടമല, മുണ്ടക്കൈ പാടി എന്നിവിടങ്ങളിലായി 107 കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽനിന്നു പുറത്തായതായി ജനശബ്ദം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ് പദ്ധതി, സന്നദ്ധസംഘടനകളുടെ പുനരധിവാസ പദ്ധതി എന്നിവയിലൊന്നും ഇടംനേടാതെപോയ 3 വാർഡുകളിൽനിന്നുള്ള കുടുംബങ്ങളുടെ പട്ടിക ആക്ഷൻ കൗൺസിൽ തയാറാക്കിയിട്ടുണ്ട്.
ഇത് റവന്യു മന്ത്രി ഉൾപ്പെടെയുള്ള അധികൃതർക്കു കൈമാറി തുടർനടപടികൾക്കു നേതൃത്വം കൊടുക്കാനാണു തീരുമാനം.
എത്രയും വേഗം ഇവരെക്കൂടി ഉൾപ്പെടുത്തി പുനരധിവാസ പദ്ധതി പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം. നടപടികൾ വൈകിയാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ആദ്യഘട്ട
പട്ടികയിൽ, നോ ഗോ സോണിൽ വീടു പൂർണമായി നഷ്ടപ്പെട്ടരോ വാടകയ്ക്കോ പാടികളിലോ താമസിച്ചിരുന്നവരോ ആയ 242 കുടുംബങ്ങളാണുണ്ടായിരുന്നത്. പിന്നീടുണ്ടാക്കിയ 2 പട്ടികകളിലായി 87, 73 എന്നിങ്ങനെ കുടുംബങ്ങളെ കൂട്ടിച്ചേർത്ത് 409 പേരുടെ പട്ടികയും തയാറാക്കി. വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്നാണു 49 കുടുംബങ്ങളെക്കൂടി ഉൾപെടുത്തി പട്ടിക പുതുക്കിയത്.
ഈ പട്ടികയിലെങ്കിലും പടവെട്ടിക്കുന്ന്, അട്ടമല, അട്ടമല എന്നിവിടങ്ങളിൽനിന്നുള്ളവർ ഉൾപ്പെടുമെന്നായിരുന്നു പ്രതീക്ഷ.പുനരധിവാസ പദ്ധതിയിലേക്കു കുടുംബങ്ങളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പലതും അശാസ്ത്രീയമാണു നടപ്പിലാക്കിയതെന്നാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്.
താഴെത്തട്ടിലുള്ള റവന്യു ഉദ്യോഗസ്ഥർ ഏകപക്ഷീയമായെടുക്കുന്ന തീരുമാനങ്ങൾ മേൽത്തട്ടിലെ ഉദ്യോഗസ്ഥരും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും അംഗീകരിക്കുന്ന സ്ഥിതിയാണെന്ന വിമർശനമാണു ദുരന്തബാധിതർക്ക്.
വീടിനു തറ കെട്ടിയവർക്കു വീടു ലഭിച്ചപ്പോഴും വീടു നശിച്ചുപോയവർ പട്ടികയിൽനിന്നു പുറത്തായി. ഒരു വീട്ടിൽ താമസിച്ചിരുന്നവർക്ക് പല റേഷൻ കാർഡുകളുണ്ടെന്നതിനാൽ 5 വീടുകൾക്കു വരെ അർഹത നേടുന്ന സാഹചര്യവുമുണ്ടായി.
വർഷങ്ങളായി പ്രദേശത്തു താമസമില്ലാത്തവർക്കു പോലും ഗുണഭോക്തൃപട്ടികയിൽ ഇടംനേടാനായതും മാനദണ്ഡങ്ങൾ തോന്നിയതുപോലെ നിശ്ചയിച്ചതിന്റെ ഫലമാണെന്നാണ് ദുരന്തബാധിതരുടെ പക്ഷം. എത്ര അനർഹരെ ഉൾപ്പെടുത്തിയാലും അർഹരായ ഒരാളെപ്പോലും പദ്ധതിയിൽനിന്ന് ഒഴിവാക്കരുതെന്ന ആവശ്യമാണുയരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

