ബത്തേരി ∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകാത്തതിനാൽ വനംവകുപ്പിന്റെ 2 വാഹനങ്ങൾ ബത്തേരി മുൻസിഫ് കോടതി പിടിച്ചെടുത്തു.
മുത്തങ്ങയിൽ കാനന സഫാരിക്ക് ഉപയോഗിക്കുന്ന വനവികസന ഏജൻസിയുടെ കീഴിലുള്ള 2 മിനി ബസുകളാണ് കോടതി കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ വിട്ടുകൊടുത്ത വണ്ടികളാണ് 4,22,400 രൂപ അടയ്ക്കാമെന്നു നൽകിയ വാക്ക് സർക്കാർ പാലിക്കാത്തതിനെ തുടർന്ന് ഇന്നലെ വൈകിട്ട് വീണ്ടും കസ്റ്റഡിയിലെടുത്തത്.
പണമടച്ചില്ലെങ്കിൽ ലേലം ചെയ്യാനുള്ള നടപടികളിലേക്കു കോടതി കടന്നേക്കും. 7,97,180 രൂപയാണ് പലിശയും മറ്റു ചെലവുകളുമടക്കം ഇപ്പോൾ ബാധ്യതയുള്ളത്.
2014ൽ വാകേരി കൂടല്ലൂർ താഴത്തേടത്ത് രജീഷ് (30) കൊല്ലപ്പെട്ട
സംഭവത്തിലാണു സർക്കാർ വണ്ടികൾ കസ്റ്റഡിയിലായത്. രജീഷിനു നിയമപ്രകാരമുള്ള 6 ലക്ഷം രൂപ അന്നു വനംവകുപ്പ് നഷ്ടപരിഹാരമായി നൽകിയിരുന്നു.
നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നു കാണിച്ച് രജീഷിന്റെ അമ്മ സലില ഹർജി നൽകിയതോടെ 5 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നൽകാൻ 2021 ൽ കോടതി വിധിച്ചു. ഇതിനെതിരെ വനം വകുപ്പ് സബ് കോടതിയിൽ നൽകിയ അപ്പീൽ 2023 ൽ തള്ളി.
വനം വകുപ്പ് പണം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുകയും പണം അടയ്ക്കാമെന്ന വനം വകുപ്പിന്റെ അപേക്ഷ പരിഗണിച്ചു വിട്ടുനൽകുകയും ചെയ്തിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും പമം നൽകാതായതോടെയാണു വണ്ടികൾ കസ്റ്റഡിയിലെടുക്കാൻ ഇന്നലെ കോടതി വീണ്ടും ഉത്തരവിട്ടത്. കോടതിയുടെ നിർദേശത്തെ തുടർന്ന് വനം ഉദ്യോഗസ്ഥർ 2 സഫാരി ബസുകളും കോടതിയിലെത്തിച്ചു.
ബത്തേരി ബാറിലെ അഭിഭാഷകനായ കെ.ജെ. വിജയകുമാറാണ് രജീഷിന്റെ കുടുംബത്തിനായി ഹാജരായത്.
നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും മുൻസിഫ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും വിധി റദ്ദാണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റേഞ്ച് ഓഫിസർ എം.കെ.രാജീവ് കുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

