കൊടുങ്ങല്ലൂർ മേഖലയിൽ മത്സ്യബന്ധന മേഖല സജീവമാകുന്നു. അഴീക്കോട് നിന്ന് മീൻ പിടിക്കാൻ പോയ ചേറ്റുവ സ്വദേശികളുടെ ഗോകുലം ഇൻബോർഡ് എൻജിൻ വള്ളത്തിനു 34 ലക്ഷം രൂപയുടെ ചാള ലഭിച്ചു.
ഇൗ സീസണിൽ ആദ്യമായാണ് ഇത്രയും വലിയ തോതിൽ മീൻ ലഭിക്കുന്നത്. സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കുകയാണ്.
ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോട്, എറണാകുളം ജില്ലയിലെ പ്രധാന കേന്ദ്രമായ മുനമ്പം എന്നിവിടങ്ങളിൽ നിന്നു ബോട്ടുകൾ കടലിൽ ഇറങ്ങും. പുത്തൻ പ്രതീക്ഷകളുമായാണ് മത്സ്യത്തൊഴിലാളികളും ബോട്ടുകളും കടലിൽ ഇറങ്ങുന്നത്.
പ്രദേശത്തെ യാഡുകളിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയ ബോട്ടുകൾ എല്ലാം കടലിൽ ഇറക്കാൻ സജ്ജമാക്കിയിട്ടുണ്ട്. ബോട്ടുകളിലെ വലകളും മറ്റുപകരണങ്ങളും മത്സ്യത്തൊഴിലാളികൾ ഒരുക്കിക്കഴിഞ്ഞു.
പള്ളിപ്പുറം, മുനമ്പം, മാല്യങ്കര യാർഡുകളിൽ പല ബോട്ടുകളും പുഴയിലേക്കിറക്കി ട്രയൽ റൺ നടത്തി. ബോട്ടുകളിൽ ജോലിക്കു പോകുന്ന അതിഥിത്തൊഴിലാളികളിൽ പലരും അഴീക്കോട്, മുനമ്പം പ്രദേശത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, തരകൻമാർ, ലോഡിങ് തൊഴിലാളികൾ, വ്യാപാരികൾ, മത്സ്യവിൽപന തൊഴിലാളികൾ, അനുബന്ധ തൊഴിലാളികളും സജീവമാകും. അഴീക്കോട്, മുനമ്പം, മാല്യങ്കര ഭാഗത്തു നിന്ന് അറുന്നൂറിലേറെ ബോട്ടുകൾ മത്സ്യബന്ധനത്തിനു പോകുന്നുണ്ട്.
ട്രോളിങ് നിരോധന കാലയളവിൽ മീൻ ലഭ്യത കുറഞ്ഞതു വിപണിയിൽ വില കുതിച്ചുയരാൻ കാരണമായിരുന്നു. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്കു കാര്യമായി മീൻ ലഭിക്കാറുണ്ടെങ്കിലും, ഇക്കുറി കാര്യമായി മീൻ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ച മാത്രമാണ് വള്ളങ്ങൾക്ക് മീൻ ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

