
തൃശൂർ ∙ കൊടുങ്ങല്ലൂരിൽ നിന്നു തൃശൂരിലേക്കുള്ള റൂട്ടിലെ സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കു യാത്രാനിരക്കിളവിന്റെ (കൺസഷൻ) പേരിൽ ജീവനക്കാരിൽ നിന്നു മോശം പെരുമാറ്റവും അപമാനവുമെന്നു പരാതി. തന്റെ മകൾക്കു നേരിടേണ്ടിവന്ന ദുരനുഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി എഴുത്തുകാരൻ പി.എസ്.
റഫീഖ് കലക്ടറടക്കമുള്ള അധികൃതരുടെ ശ്രദ്ധയ്ക്കായി സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവച്ചു.
കുറിപ്പിന്റെ പകർപ്പ് ഗതാഗത വകുപ്പ് ആർടിഒയ്ക്കു കൈമാറുകയും പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തു. ജില്ലയിൽ പലയിടത്തും യാത്രാനിരക്കിളവു തോന്നിയപടിയാണ് ഈടാക്കുന്നതെന്നും കുട്ടികൾക്കു നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റമുണ്ടെന്നും പരാതിയുണ്ട്.
കൊടുങ്ങല്ലൂരിൽ നിന്നു രാവിലെ തൃശൂരിലേക്കു സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന തന്റെ മകളടക്കമുള്ള വിദ്യാർഥികളോടു 10 രൂപയാണു ബസുകാർ ഈടാക്കുന്നതെന്നു റഫീഖിന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യാത്രാനിരക്കിൽ ഇളവു നൽകില്ലെന്നും ഫുൾചാർജ് നൽകണമെന്നുമായി വിരട്ടൽ.
മോശം പെരുമാറ്റം തുടരുന്ന കാര്യം വിദ്യാർഥിനി വീട്ടിലറിയിച്ചതോടെയാണു പുറത്തറിഞ്ഞത്.
മറ്റു യാത്രക്കാരുടെ മുന്നിൽ അപമാനിക്കലും ഇറക്കിവിടലും അസഭ്യം പറയലും ദിവസവും കുട്ടികൾ നേരിടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ പരാമർശിച്ച പ്രശ്നങ്ങൾ അന്വേഷിക്കുമെന്നു മോട്ടർ വാഹന വകുപ്പു പ്രതികരിച്ചു.
ഒരു രൂപ മുതൽ 10 രൂപ വരെ ബസ് ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ചു പല നിരക്കാണു പല റൂട്ടുകളിലും ഈടാക്കുന്നതെന്നു പരാതിയുണ്ട്.
സീറ്റൊഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാൻ അനുവദിക്കുന്നില്ലെന്നും 10 രൂപ കൊടുക്കേണ്ടി വരുന്നവർ പോലും നിൽക്കേണ്ടി വരികയാണെന്നും പരാതിയുണ്ട്.
മോശം പെരുമാറ്റംഅനുവദിക്കില്ല: കലക്ടർ
വിദ്യാർഥികളുടെ ബസ് കൺസഷൻ വിഷയത്തിൽ ഇടപെട്ട് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. ചില ബസുകളിലെ ജീവനക്കാരിൽ നിന്ന് വിദ്യാർഥികൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കലക്ടർ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
വിദ്യാർഥികളോട് മാന്യമായി പെരുമാറണമെന്ന് പല തവണ കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നിട്ടും ആവർത്തിക്കുന്നത് ഖേദകരമാണ്.
വരും ദിവസങ്ങളിൽ മോട്ടർ വാഹന വകുപ്പും പൊലീസും കർശന നടപടികൾ സ്വീകരിക്കുമെന്നും നിരന്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക്, നല്ല നടപ്പും ബോധവൽക്കരണ ക്ലാസുകളും നിയമപരമായ ശിക്ഷകളും നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കലക്ടർ വ്യക്തമാക്കി. യാത്രാവേളകളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ പരാതി അറിയിക്കാനുള്ള നമ്പറുകളും അദ്ദേഹം നൽകിയിട്ടുണ്ട്.
കൂടാതെ https://forms.gle/yFepgo1LxoR6k7Jx9 എന്ന ഗൂഗിൾ ഫോം മുഖേനയും കലക്ടർക്ക് നേരിട്ട് പരാതി സമർപ്പിക്കാം.
നമ്പറുകൾ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]