
കൃഷി സ്ഥലങ്ങളിലേക്ക് ഉപ്പുവെള്ളം; കരിങ്ങോൾച്ചിറയിൽ സ്ഥിരം ഷട്ടർ വരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തൻചിറ ∙ കൃഷിയിടങ്ങളിലേക്കും ശുദ്ധജല സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കലരുന്നതു തടയാൻ കരിങ്ങോൾച്ചിറയിൽ സ്ഥിരം ഷട്ടർ സംവിധാനം നടപ്പാക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതിക്കായി 1.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ചു വിശദമായ പഠന റിപ്പോർട്ട് തയാറാക്കാനായി തൃശൂർ ഗവ.എൻജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് . പുത്തൻചിറ, മാള, വേളൂക്കര പഞ്ചായത്തുകളിൽ കർഷകർ നേരിടുന്ന പ്രതിസന്ധിക്കും ശുദ്ധജല ഭീഷണിക്കും പദ്ധതി പൂർത്തീകരണത്തോടെ പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി പറയുന്നു. മൺസൂൺ കഴിഞ്ഞാൽ ഓർപ്പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം മാള-പുത്തൻചിറ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കരിങ്ങോൾച്ചിറ വഴി മുകളിലേക്ക് വ്യാപിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
ലക്ഷങ്ങൾ ചെലവിട്ട് പഞ്ചായത്ത് പ്രതിവർഷം മണ്ണ് കൊണ്ടുള്ള ബണ്ട് നിർമിച്ചാണ് ഉപ്പുവെള്ളം വ്യാപിക്കുന്നത് പ്രതിരോധിക്കുന്നത്. കാലവർഷം തെറ്റിപ്പെയ്യുന്നതു നിമിത്തമുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി ബണ്ട് പൊളിച്ചു നീക്കുന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. കരിങ്ങോൾച്ചിറയിൽ ഷട്ടർ സംവിധാനം നടപ്പാക്കുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നു നേരത്തെ പഠന റിപ്പോർട്ട് ഉണ്ടായതാണെങ്കിലും പലവിധ കാരണങ്ങളാൽ നടപ്പാക്കാനായില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തദ്ദേശ അദാലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷട്ടർ സംവിധാനം നടപ്പാക്കാനുള്ള ചുമതല ജില്ലാ പഞ്ചായത്തിനു നൽകിയിരുന്നു.
ഇതേത്തുടർന്നാണ് സംയുക്ത പ്രോജക്ടായി ഷട്ടർ നിർമിക്കാനുള്ള തീരുമാനമുണ്ടായത്.പുതിയ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 25 ലക്ഷം, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, മാള ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം, പുത്തൻചിറ, വേളൂക്കര, മാള പഞ്ചായത്തുകൾ 25 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് തുടർ പ്രവൃത്തികൾ വേഗത്തിലാക്കാനാണ് തീരുമാനം.കരിങ്ങോൾച്ചിറ മുതൽ വൈക്കലിച്ചിറ വരെയുള്ള പ്രദേശങ്ങൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.