
ഷീലയെ കുടുക്കിയതെന്ന് ഒന്നാം പ്രതി, നാരായണദാസിനെ കുടുക്കിയത് വാട്സാപ്; മരുമകളുടെ സഹോദരിയും പ്രതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ 2023 ഫെബ്രുവരി 27ന് വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരി കാലടി മറ്റൂർ വരയിലാൻ ലിവിയയെ പൊലീസ് പ്രതിചേർത്തു. ദുബായിലുള്ള ലിവിയയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായ ഒന്നാംപ്രതി നാരായണദാസിനെ (55) റിമാൻഡ് ചെയ്തു. ഷീലയെ കുടുക്കിയതാണെന്നു പ്രതി സമ്മതിച്ചതായി അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു.കേസിൽ ഷീലയുടെ മകൻ സംഗീതിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. സംഗീതിനോടു ചോദ്യംചെയ്യലിനു ഹാജരാകാൻ പലവട്ടം നിർദേശം നൽകിയെങ്കിലും എത്തിയിരുന്നില്ല. മരുമകളുടെ സ്വർണം പണയംവച്ചതുമായി ബന്ധപ്പെട്ടു ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണു സൂചന.
കടങ്ങൾ വീട്ടാൻ വേണ്ടി ഷീല സണ്ണി ഇറ്റലിയിലേക്കു പോകാൻ ശ്രമം നടത്തിയപ്പോൾ, സ്വർണത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാതെയാണു പോകുന്നതെന്നു മരുമകളുടെ വീട്ടുകാർക്കു പരാതി ഉണ്ടായിരുന്നു. തനിക്കുകൂടി അവകാശപ്പെട്ട സ്വത്ത് നഷ്ടമാകുന്നെന്ന ലിവിയയുടെ ചിന്തയാണു വൈരാഗ്യത്തിനു കാരണമെന്നും പൊലീസിനു സൂചന ലഭിച്ചു. ഷീലയുടെ യാത്ര മുടക്കാൻ ലഹരിക്കേസ് ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നു. തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസിനെ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മനഹളളി എന്ന സ്ഥലത്തുനിന്നാണു പൊലീസ് പിടികൂടിയത്.
ലിവിയയുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചതെന്നു നാരായണദാസ് മൊഴിനൽകി. ഷീലയുടെ സ്കൂട്ടറിൽ ലഹരി സ്റ്റാംപ് ഉണ്ടെന്ന വിവരം താനാണ് എക്സൈസിനെ വിളിച്ചറിയിച്ചതെന്നും നാരായണദാസ് സമ്മതിച്ചു. എന്നാൽ, വ്യാജ സ്റ്റാംപ് സ്കൂട്ടറിൽ വച്ചതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തമായ വിവരം ലഭിച്ചില്ല. ബെംഗളൂരുവിൽനിന്നു ലിവിയ തന്നെ എത്തിച്ചതാണു സ്റ്റാംപെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷീല സണ്ണിയുമായി പരിചയം പോലുമില്ലെന്നും മുൻപൊരിക്കലും കണ്ടിട്ടില്ലെന്നും നാരായണദാസ് മൊഴിനൽകി. റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും.
നാരായണദാസിനെ കുടുക്കിയത് വാട്സാപ്
കൊടുങ്ങല്ലൂർ ∙ ഷീല സണ്ണി കേസിൽ നാരായണദാസിനെ പിടികൂടാൻ പൊലീസ് നടത്തിയ ബെംഗളൂരു യാത്ര ഫലം കണ്ടതു മൂന്നാമൂഴത്തിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത് ഇയാൾ മുങ്ങിയിരുന്നതിനാൽ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ഇയാൾ ജിം ട്രെയിനർ ആയതിനാൽ തൃപ്പൂണിത്തുറയിലും കൊച്ചിയിലും ആ വഴിക്ക് അന്വേഷണം നീങ്ങി. ബെംഗളൂരുവിൽ മലയാളികൾ നടത്തുന്ന ഫിറ്റ്നസ് സെന്ററുകളിലേക്ക് അന്വേഷണം നീങ്ങി. ഷീലയുടെ മരുമകളുടെ കുടുംബത്തെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച ചില സൂചനകളാണു നാരായണദാസിന്റെ ബന്ധങ്ങളിലേക്കു വെളിച്ചം വീശിയത്.
ഇയാൾ ബെംഗളൂരുവിൽ തന്നെയുണ്ടെന്നും സ്ഥിരീകരണമായി. നാരായണദാസിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണങ്ങൾ. പണമെടുക്കാൻ ഇയാൾ എടിഎം ഉപയോഗിക്കുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിച്ചു. എന്നാൽ, എടിഎം പോലും ഇയാൾ ഉപയോഗിച്ചിരുന്നില്ലെന്നു വ്യക്തമായതോടെ ആ വഴിയടഞ്ഞു. ഒടുവിൽ വാട്സാപ് ഉപയോഗിക്കുന്നുണ്ടെന്നു സൈബർ പൊലീസ് കണ്ടെത്തിയതു നിർണായകമായി. ബെംഗളൂരുവിലെത്തി ഒളിസങ്കേതം കണ്ടെത്തിയതുമങ്ങനെയാണ്. എസ്എച്ച്ഒമാരായ എം.കെ.ഷാജി, അമൃത് രംഗൻ, എസ്ഐമാരായ എബിൻ, സജി വർഗീസ്, ജലീൽ, സി.ആർ.പ്രദീപ്, ലാൽസൺ, എഎസ്ഐമാരായ ജിനി, ബിനു, സിപിഒമാരായ മിഥുൻ ആർ.കൃഷ്ണ, സതീശൻ, നിഷാന്ത്, വിനോദ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുൾപ്പെട്ടു.