തൃശൂർ ∙ മീനച്ചൂട് അവഗണിച്ച് സ്വരാജ് റൗണ്ടിലെത്തിയ ജനക്കൂട്ടത്തെ ഹരം കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കിലോമീറ്റർ റോഡ് ഷോ. വിവിധ കലാരൂപങ്ങൾ അണിനിരത്തിയും ആർപ്പുവിളിച്ചും സാംസ്കാരിക നഗരിയും തിരികെ പ്രധാനമന്ത്രിക്കും ഉൗഷ്മള സ്വീകരണം നൽകി.
പ്രധാനമന്ത്രിയെ കാണാൻ മണിക്കൂറുകൾക്കു മുൻപേ സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തിയവർക്കു റോഡ് ഷോ അടിമുടി മോദിമയമായി. ചെറുതും വലുതുമായ ബിജെപി പതാകകൾ വീശിയും പ്രധാനമന്ത്രിയുടെ ചെറു കട്ടൗട്ടുകൾ ഉയർത്തിയും പൂക്കൾ വിതറിയും ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു.
തിരികെ കൈവീശിയും തലകുനിച്ച് നന്ദി പറഞ്ഞും പ്രധാനമന്ത്രിയും 30 മിനിറ്റോളം നീണ്ട റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു.
പുലിക്കളി, പുലിക്കൊട്ട്, കുമ്മാട്ടി, കഥകളി, മാർഗംകളി തുടങ്ങിയ കലാരൂപങ്ങളാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കിയിരുന്നത്.
ഒഴുകിയെത്തി ജനക്കൂട്ടം
29ന് വൈകിട്ടു നാലിനായിരുന്നു റോഡ് ഷോ നിശ്ചയിച്ചിരുന്നതെങ്കിലും ഉച്ചയ്ക്കു 12 മണിയോടെ തന്നെ ജനങ്ങൾ സ്വരാജ് റൗണ്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് എംഒ റോഡ്, കുറുപ്പം റോഡ്, എംജി റോഡ്, ഷൊർണൂർ റോഡ് തുടങ്ങിയ പ്രധാന വഴികളിലൂടെ ജനങ്ങളെ റൗണ്ടിലെ ഇടതുവശത്തെ നടപ്പാതയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.
എല്ലായിടങ്ങളിലും മെറ്റൽ ഡിറ്റക്ടർ സുരക്ഷാ പരിശോധനയ്ക്കു ശേഷമായിരുന്നു പ്രവേശനം. ഒരിടത്തും കുപ്പി വെള്ളവും ബാഗും വലിയ കൊടികളും പൊലീസ് അനുവദിച്ചില്ല.
മിക്കതും ജനങ്ങൾ റോഡിൽ തന്നെ ഉപേക്ഷിച്ചു.
പിന്നീട് ബിജെപി നേതാക്കൾ ഇടപെട്ടാണ് ചെറിയ കട്ടൗട്ടുകളും കൊടികളും കടത്തിവിട്ടത്. സുരക്ഷയ്ക്കായി സ്വരാജ് റൗണ്ടിന്റെ റോഡിനിരുവശത്തും നിരനിരയായി സ്ഥാപിച്ച ബാരിക്കേഡുകളിലും നിറയെ ബിജെപി പതാകകളായിരുന്നു.
നിശ്ചിത അകലത്തിൽ പൊലീസുകാർ അണിനിരന്ന ഈ ബാരിക്കേഡുകൾക്കിടയിലൂടെ തിക്കിത്തിരക്കിയാണ് നടപ്പാതയിലേക്ക് ജനങ്ങളെത്തിയത്. മറുഭാഗത്ത് തേക്കിൻകാട് മൈതാനത്ത് തെക്കേഗോപുരനടയ്ക്കു സമീപമുള്ള നടപ്പാതയിലേക്കും സബ് വേ വഴി ജനങ്ങളെ പ്രവേശിപ്പിച്ചു.
മറ്റിടങ്ങളിൽ മൈതാനത്തിനു സമീപത്തെ നടപ്പാതയിലേക്കു ജനത്തിനു പ്രവേശനമുണ്ടായിരുന്നില്ല. 4 മണിയോടെ നടപ്പാതയിലുടനീളം ജനത്തിരക്കായി.
ഇതിനിടെ കുടിവെള്ളവും പൂക്കളും ബിജെപി പതാകയും താമര ചിഹ്നമുള്ള തൊപ്പികളും പ്രവർത്തകർ വിതരണം ചെയ്തു. പിന്നാലെ വിവിധ എൻഡിഎ നേതാക്കളുടെ കട്ട് ഔട്ടുകൾ കൂടി എത്തി.
അരമണിക്കൂർ ആവേശം
കൃത്യം 4.50ന് സെന്റ് തോമസ് കോളജ് റോഡിൽ നിന്ന് വിഐപി വാഹനനിര സ്വരാജ് റൗണ്ടിലെത്തി.
പൈലറ്റ് വാഹനം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വെയിലിലും ചൂടിലും വാടാത്ത ആവേശത്തോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ആർപ്പുവിളിച്ചു. നാലു സുരക്ഷാ വാഹനങ്ങൾക്കും രണ്ടു വാഹനങ്ങളിലുള്ള ക്യാമറ യൂണിറ്റുകൾക്കും പിന്നിൽ അടിമുടി പൂക്കളാൽ അലങ്കരിച്ച തുറന്ന വാഹനത്തിൽ പ്രധാനമന്ത്രിയെ കണ്ടതോടെ ‘ജയ് മോദി’ വിളികൾ അലയടിച്ചു.
തുടർന്ന് പാർട്ടി പതാകകളും കട്ടൗട്ടുകളും വീശി ജനങ്ങളുടെ അഭിവാദ്യം. ജനറൽ ആശുപത്രി പിന്നിട്ട
ശേഷം ആളുകൾ തിങ്ങി നിന്ന റൗണ്ടിന്റെ ഇടതു ഭാഗത്തേക്ക് അലങ്കരിച്ച വാഹനം ചേർത്തതോടെ ആവേശം ഉയരത്തിലായി. പ്രധാനമന്ത്രി കൈവീശി പതിയെ എത്തിയതോടെ തിങ്ങിനിറഞ്ഞ ജനം ആവേശത്തോടെ ആർപ്പുവിളിച്ചു.
തുടർന്ന് ജനങ്ങളുടെ നേർക്കു കൈ വീശി പ്രധാനമന്ത്രിയും സംഘവും നീങ്ങി.
പിന്നാലെ പലയിടങ്ങളിലായി കരഘോഷവും പുഷ്പവൃഷ്ടിയും മുദ്രാവാക്യങ്ങളും അകമ്പടിയായി. പുഷ്പവൃഷ്ടിയും ആവേശവും കണ്ട് ചിരിയോടെ കൈവീശിയും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടു സംസാരിച്ച് കാഴ്ചകൾ ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രിയും ആവേശത്തിനൊപ്പം കൂടി.
ആരവത്തിനും പൂമഴയ്ക്കും നടുവിലൂടെ വാഹന നിര കടന്നുപോയ ശേഷവും ഒട്ടേറെ പ്രവർത്തകർ ആവേശം ചോരാതെ നിൽപുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

