തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോയിൽ അദ്ദേഹത്തിനൊപ്പം തുറന്ന ജീപ്പിൽ സഞ്ചരിക്കാൻ അവസരം ലഭിച്ച മൂന്നു സ്ഥാനാർഥികളിൽ രണ്ടുപേരും ഇടതു, വലതു മുന്നണികൾ വിട്ടെത്തിയവരാണെന്നതിലെ രാഷ്ട്രീയ സന്ദേശം ശ്രദ്ധേയമായി. തൃശൂരിലെ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയത്.
ഇതിനു സമാനമായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സിപിഐ വിട്ടു സിറ്റിങ് എംഎൽഎ സി.സി. മുകുന്ദനും ബിജെപിയിലെത്തി.
ഇവർക്കു പുറമേ മോദിക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കാൻ അവസരം ലഭിച്ച ഒരേയൊരു സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ മാത്രം.
കേരളത്തിൽ എൻഡിഎ സർക്കാരുണ്ടാക്കുമെന്നു പാലക്കാട്ടു പ്രഖ്യാപിച്ച ശേഷമാണു മോദി തൃശൂരിലെത്തിയത്.
യുഡിഎഫും എൽഡിഎഫും ഭയക്കുന്നതു ബിജെപിയെ ആണെന്നും മോദി പറഞ്ഞിരുന്നു. ഇരു മുന്നണികളിൽ നിന്നും ബിജെപിയിലെത്തിയ സ്ഥാനാർഥികളെ ഒപ്പം നിർത്തിയതിലൂടെ വിശാലമായ ലക്ഷ്യങ്ങളോടെയാണ് എൻഡിഎ നീങ്ങുന്നതെന്ന രാഷ്ട്രീയ സന്ദേശത്തിന്റെ പ്രഖ്യാപനം കൂടിയായി റോഡ് ഷോ.
സിറ്റിങ് എംഎൽഎ ആയ സി.സി. മുകുന്ദനു സിപിഐ വിട്ടതിന്റെ 13–ാം ദിവസമാണ് മോദിയുടെ കൂടെ റോഡ്ഷോയിൽ പങ്കെടുക്കുന്നത്.
മുകുന്ദൻ ബിജെപിയിൽ ചേർന്നതിനെച്ചൊല്ലിയുള്ള ബഹളം പൂർണമായി അടങ്ങുന്നതിനു മുൻപേയാണിത്. നാട്ടികയിൽ മുകുന്ദന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ റോഡ്ഷോ നിർണായകമായേക്കാം.
റോഡ്ഷോയിൽ മോദിക്കൊപ്പം ഇടത്തും വലത്തുമായി നിന്നതു സുരേഷ് ഗോപിയും പത്മജയുമാണെന്നതിലുമുണ്ടു മറ്റൊരു കൗതുകം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖാമുഖം മത്സരിച്ചവരാണ് ഇരുവരും. എൻഡിഎയ്ക്കു വേണ്ടി സുരേഷ് ഗോപിയും യുഡിഎഫിനു വേണ്ടി പത്മജയും.
40,457 വോട്ട് പിടിച്ചു സുരേഷ് ഗോപി നടത്തിയ വൻ മുന്നേറ്റം പത്മജയുടെ തോൽവിയിൽ നിർണായകമായി. ഇത്തവണ പത്മജയ്ക്കു വേണ്ടി വോട്ടഭ്യർഥിക്കാൻ പ്രധാനമന്ത്രിക്കൊപ്പം മുന്നിട്ടിറങ്ങിയതു സുരേഷ് ഗോപി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു റോഡ്ഷോയുടെ പേരിലുണ്ടായ അഭിപ്രായ വ്യത്യാസവും അപമാനവുമാണു പത്മജയെ കോൺഗ്രസ് വിടുന്നതിലേക്കെത്തിച്ച ആദ്യ സംഭവം. പ്രിയങ്ക ഗാന്ധി തൃശൂരിൽ റോഡ്ഷോയ്ക്കെത്തിയപ്പോൾ തുറന്ന വാഹനത്തിൽ ഒപ്പം കയറാൻ അനുവദിക്കാതെ ചില നേതാക്കന്മാർ പത്മജയെ ഇറക്കിവിട്ടതു വലിയ അകൽച്ചയ്ക്കിടയാക്കി.
തൃശൂരിലെത്തുന്നത് നാലാം തവണ
തൃശൂർ ∙ പ്രധാനമന്ത്രിയായ ശേഷം നാലാം തവണയാണു നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായും പിന്നീടു ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായും എത്തിയ പ്രധാനമന്ത്രി 2024 ജനുവരി 3ന് ബിജെപി സംഘടിപ്പിച്ച മഹാളി സമ്മേളനത്തിൽ പങ്കെടുക്കാനും തൃശൂരിലെത്തി. സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി അന്ന് തേക്കിൻകാട് മൈതാനത്തെ മഹിളാ സമ്മേളനത്തിലും പങ്കെടുത്തു.
‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന സമ്മേളനമായിരുന്നു പരിപാടി. നാലാം തവണ തൃശൂരിലെത്തുന്നതിനെക്കുറിച്ച് ഇന്നലെ സമൂഹ മാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിപ്പ് പങ്കുവച്ചിരുന്നു.
‘കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നു’ എന്ന ആമുഖത്തോടെ പാലക്കാട്ടെ റാലിയെക്കുറിച്ചും തൃശൂരിലെ റോഡ് ഷോയെക്കുറിച്ചുമാണ് മലയാളത്തിലും ഇംഗ്ലിഷിലുമുള്ള കുറിപ്പ് പ്രധാനമന്ത്രി പങ്കുവച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

