
പൂരം വെടിക്കെട്ടിനെക്കുറിച്ച് സുരേഷ്ഗോപി: വിവാദം ‘തരികിട പരിപാടി’; പൂരം നന്നായി നടക്കും, ആകുലത വേണ്ട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തൃശൂർ ∙ പൂരം വെടിക്കെട്ട് സംബന്ധിച്ച് ഇപ്പോൾ ഉയരുന്ന വിവാദം ‘തരികിട പരിപാടി’ ആണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നന്നായി നടക്കും അതിലൊന്നും ആകുലത വേണ്ട. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷിനെയും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാറിനെയും ഡൽഹിയിൽ എത്തിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി 2 മണിക്കൂർ ആണ് ചർച്ച നടത്തിയത്.
തുടർന്ന് ഓരോ വകുപ്പുകളുമായും ചർച്ച ചെയ്ത ശേഷം എല്ലാ കാര്യങ്ങളും ഇരുവരെയും ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടിനു നിയന്ത്രണം വരുത്തിയ നിയമം രാജ്യത്തെ എല്ലാ ഭാഗത്തെയും ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നമ്മുടെ മുന്നിൽ ഉണ്ട്. 2019 ൽ തന്നെ നടപ്പിൽ വരുത്തേണ്ട ഈ നിയമം കോവിഡ് അടക്കമുള്ള കാരണം കൊണ്ടാണ് നീണ്ടുപോയത്.
നിയമത്തിൽ ഇളവിന് ശ്രമിക്കുന്നതിനിടയിലാണ് കണ്ണൂരിൽ അപകടം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൂരത്തെ ഇഷ്ടപ്പെടുമ്പോഴും ജനങ്ങളുടെ സുരക്ഷയ്ക്ക് ഉത്തരം പറയേണ്ടതുണ്ട്. വേലയ്ക്ക് വെടിക്കെട്ടനുമതി ലഭിക്കുന്നതിനു വേണ്ടി താൻ ദേവസ്വങ്ങളോടൊപ്പം നിന്നു. എന്നാൽ രാഷ്ട്രീയ വളർച്ച ലഭിക്കുമോ എന്നു കരുതി അവർ അത് പറയാത്തതാണ്. രാഷ്ട്രീയ സൗകര്യത്തിനു വേണ്ടി ചില കാര്യങ്ങൾ മറച്ചുപിടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെയും സുരേഷ് ഗോപിയെയും നേരിൽ കണ്ട് സംസാരിച്ചിട്ടും പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ദേവസ്വങ്ങൾ രംഗത്തെത്തിയിരുന്നു. ഒക്ടോബറിൽ കേന്ദ്രം ഭേദഗതി വരുത്തിയ പെസോ നിയമത്തിൽ ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം. വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലം വേണമെന്നും ഫയർ ലൈനിൽ നിന്ന് 100 മീറ്റർ ദൂരത്തിൽ വേണം ആളുകളെ നിർത്താൻ എന്നുമുള്ള നിബന്ധന വെടിക്കെട്ട് അനുമതി ലഭിക്കുന്നതിനു തടസ്സമാകുമെന്നാണ് ആശങ്ക.
അനുമതി എങ്ങനെയെന്ന് കേന്ദ്രമന്ത്രി പറയണം: ജോസഫ് ടാജറ്റ്
തൃശൂർ ∙പൂരം വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാതെ എങ്ങനെയാണ് വെട്ടിക്കട്ടിന് അനുമതി ലഭിക്കുകയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.പെസോ നിയമം ഭേദഗതി ചെയ്തത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്.
ഫയർ ലൈനിലേക്ക് മാഗസനിൽ നിന്ന് 200 മീറ്റർ അകലം വേണമെന്നുള്ള നിർദേശം ഒട്ടും പ്രായോഗികമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. 45 മീറ്റർ എന്നത് 200 മീറ്റർ ആക്കിയതിന് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലെന്നു മുൻ ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഓഫ് പെസോ ആർ.വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. സ്വന്തം മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പിൻവലിക്കാതെ പൂരം ആകാറായപ്പോൾ വ്യക്തതയില്ലാതെ മറുപടി പറയുന്നത് ശരിയല്ല– ജോസഫ് ടാജറ്റ് പറഞ്ഞു.