ഗുരുവായൂരപ്പന്റെ തിരുവാഭരണങ്ങളുടെ തിരോധാനം ഒരു കാലത്ത് കേരളമാകെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. 1985 ഏപ്രിൽ 1ന് ക്ഷേത്രത്തിൽ മേൽശാന്തിയായി തിയ്യന്നൂർ കൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു.
സ്ഥാനമൊഴിയുന്ന മേൽശാന്തിയും ഓതിക്കനുമായ കക്കാട് ദാമോദരൻ നമ്പൂതിരിയിൽ നിന്ന് കച്ചീട്ട് പ്രകാരം ഭഗവാന് ചാർത്താനുള്ള ആഭരണങ്ങൾ ഏറ്റു വാങ്ങുമ്പോൾ 3 മാലകളുടെ കുറവു കണ്ടു. 45 ഗ്രാം തൂക്കമുള്ള മഹാലക്ഷ്മിമാല, 96 ഗ്രാം തൂക്കമുള്ള നീല, പച്ച, ചുവപ്പ് കല്ലുകൾ പതിച്ച രണ്ടു വരി മാല, ചുവന്ന കല്ലുകൾ പതിച്ച 60 ഗ്രാം നാഗപടത്താലി എന്നിവയാണ് കാണാതായത്.
ഒരു ഭക്ത വഴിപാടായി സമർപ്പിച്ചതായിരുന്നു ഈ 3 മാലകളും.
കക്കാട് ദാമോദരൻ നമ്പൂതിരിയിൽ നിന്ന് നഷ്ടപരിഹാരമായി ദേവസ്വം 50,000 രൂപ ഈടാക്കി പ്രശ്നം പരിഹരിച്ചു. ഏപ്രിൽ 8ന് ആഭരണങ്ങൾ നഷ്ടപ്പെട്ടത് പത്രവാർത്തയായി. ഇതോടെ ദേവസ്വം പൊലീസിൽ പരാതി നൽകി. അന്ന് കെ.കരുണാകരൻ കേരള മുഖ്യമന്ത്രി.
പി.ടി.മോഹനകൃഷ്ണൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ. മേൽശാന്തിയോ കുടുംബമോ തിരുവാഭരണം എടുക്കില്ലെന്നാണ് തന്റെ ബോധ്യമെന്നും അന്വേഷണം നടക്കട്ടെയെന്നും കെ.കരുണാകരൻ പരസ്യമായി പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
ദാമോദരൻ നമ്പൂതിരിയും രണ്ട് ആൺമക്കളും പ്രതികളായി. ഡൽഹിയിൽ പോളിഗ്രാഫ് പരിശോധനയടക്കം നടത്തി. കേരളത്തിലെ രണ്ടാമത്തെ പോളിഗ്രാഫ് ആയിരുന്നു അന്നു നടന്നത്. തെളിവുകളൊന്നും ലഭിച്ചില്ല. 1989ൽ ദാമോദരൻ നമ്പൂതിരി മരിച്ചു.
1993ൽ തെളിവില്ലാതെ കേസ് വെറുതെവിട്ടു. തിരുവാഭരണം ക്ഷേത്രത്തിലെ മണിക്കിണറ്റിൽ ഉണ്ടെന്ന് കാണിച്ച് 1994 ജൂലൈയിൽ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് അജ്ഞാതന്റെ കത്തു ലഭിച്ചു.
ഇതിനിടെ ഒരു തവണ മണിക്കിണർ വറ്റിച്ചിരുന്നു.
വെള്ളം മോശമായതിനാൽ 2013 മാർച്ചിൽ മണിക്കിണർ വറ്റിച്ചു. 2014 ഏപ്രിൽ 25ന് പരിചയസമ്പന്നരായ കിണർ പണിക്കാരെ വരുത്തി ചെളി കോരി. നഷ്ടപ്പെട്ടതിന് സമാനമായ നാഗപടത്താലിയും പാലക്കാമാലയുടെ 15 കഷണങ്ങളും ചെളിയിൽ നിന്നു കിട്ടി.
എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ദർശനത്തിനെത്തുന്ന കെ.കരുണാകരന് എതിരെയുള്ള രാഷ്ട്രീയ ആയുധമായി ഈ സംഭവത്തെ പ്രതിപക്ഷം മാറ്റി.
1987ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ചുമരുകളിൽ ഗുരുവായൂരപ്പന്റെയും കരുണാകരന്റെയും ചിത്രങ്ങൾ വരച്ച് എന്റെ രത്നമാല തിരിച്ചു തരൂ എന്നു പറയുന്ന കാർട്ടുൺ നിറഞ്ഞു. പാരഡി ഗാനവും ഇറങ്ങി.
‘ചെപ്പു കിലുക്കണ കരുണാകരാ.. നിന്റെ ചെപ്പു തുറന്നൊന്നു നോക്കിയാലോ, മിന്നുന്നതെന്താണയ്യയ്യാ..
ഗുരുവായൂരപ്പന്റെ പൊൻമാല’ എന്നായിരുന്നു വരികൾ. തിരഞ്ഞെടുപ്പിൽ കെ.കരുണാകരനും പി.ടി.മോഹനകൃഷ്ണനും വിജയിച്ചു. ഗുരുവായൂരിലെ തിരുവാഭരണ തിരോധാനം കൂടി പരാമർശിക്കുന്ന ആര്യൻ, അദ്വൈതം എന്നീ സിനിമകൾ ഇറങ്ങി.
രണ്ടിലും നായകൻ മോഹൻലാൽ. രണ്ടിന്റെയും സംവിധായകൻ പ്രിയദർശനും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

