ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വിഖ്യാതമായ തൃശൂർ പുലിക്കളിക്ക് നാടൊരുങ്ങുന്നു. വരുന്ന 29ന് വൈകിട്ട് 4ന് സ്വരാജ് റൗണ്ടും നഗരവീഥികളും കീഴടക്കി നാനൂറോളം പുലികളാണ് അരമണികിലുക്കവുമായി ചുവടുവയ്ക്കുന്നത്.
എല്ലാ വിവാദങ്ങളെയും അതിജീവിച്ച്, നാടൻ കലാരൂപത്തിന്റെ തനിമയും കൂട്ടായ്മയുടെ കരുത്തും ഒട്ടും ചോരാതെയാണ് ഇത്തവണത്തെ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തവണ ആകെ ഒമ്പത് പുലിക്കളി സംഘങ്ങളാണ് മത്സരത്തിലും ആഘോഷത്തിലുമായി മാറ്റുരയ്ക്കുന്നത്.
വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിവയാണ് ആ സംഘങ്ങൾ. ഇതിൽ ഒളരിക്കര ദേശം ഇതാദ്യമായാണ് പുലിക്കളിയിൽ പങ്കെടുത്തു ചുവടുവയ്ക്കുന്നത്.
ചതയം ദിനാഘോഷങ്ങൾ നടക്കുന്നതിനാൽ ഇന്നു വൈകിട്ടു 3 മുതൽ തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസുകളും ശക്തൻ സ്റ്റാൻഡിൽ നിന്നാകും സർവീസ് നടത്തുക.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട പ്രദേശങ്ങളിൽ നിന്നുള്ള ഓർഡിനറി കെഎസ്ആർടിസി ബസുകൾ ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ സർവീസ് നടത്തും.
29ന് വൈകിട്ട് 4ന് വിയ്യൂർ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തും. ഏറ്റവും ഒടുവിലായി രാത്രി 7.20ന് അയ്യന്തോൾ ദേശവും റൗണ്ടിലെത്തും.
ആറ് സംഘങ്ങൾ എംജി റോഡിലൂടെയും രണ്ട് ടീമുകൾ വടക്കേ ബസ് സ്റ്റാൻഡ് വഴി ബിനി ജംക്ഷനിലൂടെയും റൗണ്ടിൽ പ്രവേശിക്കും. പാട്ടുരായ്ക്കൽ ടീം ഷൊർണൂർ റോഡ് വഴി റൗണ്ടിലെത്തും.
ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരും വാദ്യ സംഘത്തിൽ 25 മുതൽ 35 വരെ അംഗങ്ങളുമുണ്ടാകും. ഇവർക്കൊപ്പം വിവിധ നിശ്ചലദൃശ്യങ്ങളും അകമ്പടിയായുണ്ടാകും.
പുലി സംഘങ്ങളിൽ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
നാളെ രാവിലെ പുലി കലാകാരന്മാരുടെ ഒരുക്കം തുടങ്ങും. തുടർന്ന് ദേശങ്ങളിൽ നിന്നുള്ള പുലിക്കളി യാത്ര ഉച്ചയ്ക്കു രണ്ടോടെ ആരംഭിക്കും.
വൈകിട്ട് 4ന് സ്വരാജ് റൗണ്ടിലെ ബിനി ജംക്ഷനിലാണു ഫ്ലാഗ് ഓഫ്. മന്ത്രി ഒ.ജെ.
ജനീഷ് ഫ്ലാഗ് ഓഫ് നിർവഹിക്കും. രാത്രി ഏഴോടെ പുലി സംഘങ്ങളെല്ലാം സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
ഓരോ സംഘങ്ങളും ചുവടുവച്ച് നടുവിലാലിലെത്തും. രാത്രി പത്തോടെ ആഘോഷവും വിധിനിർണയവും പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
പുലിക്കളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അടുത്ത വർഷം കൂടുതൽ സംഘങ്ങളെ പങ്കെടുപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്നും മേയർ നിജി ജസ്റ്റിൻ വ്യക്തമാക്കി. വലിയ വയറൻ പുലികളും കുട്ടിപ്പുലികളും അണിനിരക്കുന്ന പുലിക്കളി കാഴ്ചയ്ക്കായുള്ള കാത്തിരിപ്പിലാണ് നാട്.
ഓരോ പുലിക്കളി സംഘത്തിലും രണ്ടുവീതം നിശ്ചല ദൃശ്യങ്ങളുണ്ടാകും. പുരാണം, സമകാലികം എന്നീ ആശയങ്ങളിൽ ഉള്ളവയാണിവ.
കോർപറേഷന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളുണ്ടായിരുന്ന ഹരിതവാഹനം നിശ്ചലദൃശ്യം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസും കോർപറേഷനുമായി ചേർന്ന് ‘ഓപ്പറേഷൻ തൂഫാൻ’ പ്രത്യേക പൊതു നിശ്ചല ദൃശ്യമുണ്ടാകുമെന്ന് ഡപ്യൂട്ടി മേയർ എ.പ്രസാദ് പറഞ്ഞു.
പുലിക്കളി ടീമുകൾക്കു 250 ലീറ്റർ കുടിവെള്ളവും ദേഹത്തെ ചായം കളയാൻ 120 ലീറ്റർ മണ്ണെണ്ണയും നൽകുമെന്ന് പുലിക്കളി കൺവീനറും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ടി.ആർ. സന്തോഷ് അറിയിച്ചു.
പാറമേക്കാവ് ക്ഷേത്രത്തിനു സമീപം, എംഒ റോഡ്, നടുവിലാൽ ജംക്ഷൻ എന്നീ കേന്ദ്രങ്ങളാണു പുലിക്കളിയുടെ വിജയികളെ നിർണയിക്കുന്ന ജഡ്ജിങ് പോയിന്റുകൾ. മികച്ച പുലിക്കളി സംഘം ഉൾപ്പെടെ ആകെ ഒമ്പത് ഇനങ്ങളിലാണ് കോർപറേഷൻ നൽകുന്ന കാഷ് പ്രൈസും ട്രോഫിയും അടങ്ങുന്ന സമ്മാനങ്ങൾ.
മികച്ച ടീമിന് 70,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും നൽകും. കൂടാതെ നിശ്ചലദൃശ്യങ്ങൾ, പുലിക്കൊട്ട്, പുലിവേഷം, പുലിവാഹനം, പുലിവര, പുലിച്ചമയം എന്നിവയിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയുമുണ്ട്.
മികച്ച അച്ചടക്കം പാലിക്കുന്ന ടീമിനു 20,000 രൂപ സമ്മാനം ലഭിക്കും. ഇതാദ്യമായാണ് പുലിച്ചമയത്തിനു സമ്മാനം ഏർപ്പെടുത്തിയത്.
മുൻപ് 3.12 ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഇത്തവണ 3.50 ലക്ഷമാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ 1.75 ലക്ഷം രൂപ ഇതിനകം കോർപറേഷൻ നൽകിയിട്ടുണ്ട്.
ബാക്കി തുക ആഘോഷത്തിനു ശേഷം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

