
തൃശൂർ ∙ വീടു മാറുമ്പോഴോ വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ ബാക്കിയാവുന്ന അജൈവ മാലിന്യങ്ങൾ ഇനി ബാധ്യതയാകില്ല. അവ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും.
ഇതിനായി ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ ഇക്കോ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ആഘോഷങ്ങൾ ഉൾപ്പെടെ പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അജൈവ പാഴ്വസ്തുക്കൾ നേരിട്ടു കൈമാറുന്നതിനുള്ള കേന്ദ്രങ്ങളാണ് ഇക്കോ ബാങ്ക്.
ജില്ലയിലെ ആദ്യത്തെ അജൈവ മാലിന്യ ശേഖരണ കേന്ദ്രമാണിത്.
ഭക്ഷണ, മെഡിക്കൽ, സാനിറ്ററി മാലിന്യങ്ങൾ, അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ, ജൈവാംശമുള്ള മാലിന്യം എന്നിവ ഒഴിച്ച് മറ്റെല്ലാ അജൈവ പാഴ്വസ്തുക്കളും ഇലക്ട്രോണിക് മാലിന്യവും ഇക്കോ ബാങ്കിൽ സ്വീകരിക്കും.
മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഇക്കോ ബാങ്കിൽ നേരിട്ട് എത്തിക്കാം. പുനഃചംക്രമണം സാധ്യമായ മാലിന്യങ്ങൾക്കു വില നൽകും.
അല്ലാത്തവയ്ക്കു സംസ്കരണത്തിനുള്ള ചെറിയ തുക ഈടാക്കിയാണു ഇക്കോ ബാങ്ക് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ തരംതിരിച്ചു സംസ്കരിക്കും.
പുനഃചംക്രമണം സാധ്യമായവ ചെടിച്ചട്ടികൾ, കസേരകൾ, ഷീറ്റുകൾ എന്നിവ നിർമിക്കാനായി സ്വകാര്യ കമ്പനികൾക്കു കൈമാറും.
അല്ലാത്തവ സിമന്റ് നിർമാണത്തിനു ഫർണസ് ഇന്ധനമായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ ഇക്കോ ബാങ്കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ആവശ്യകത അനുസരിച്ചു കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിക്കും.
മന്ത്രി എം.ബി.രാജേഷാണു തിരുവനന്തപുരത്തു സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. എല്ലാ ദിവസവും ഇക്കോ ബാങ്ക് പ്രവർത്തിക്കും.
ക്ലീൻ കേരള കമ്പനിയുടെ വേളാക്കോട് പ്രവർത്തിക്കുന്ന ജില്ലാതല ആർആർഎഫിലാണു തൃശൂർ ജില്ലയിലെ ഇക്കോ ബാങ്ക് പ്രവർത്തിക്കുന്നത്. ഫോൺ: 0487 2994441, 7558084477.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]