
തൃശൂർ∙ ജില്ലയിൽ ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴ പെയ്തു. കുഴൂർ കരിക്കാട്ടുചാലിൽ മീൻ പിടിക്കാൻ പോയയാൾ മുങ്ങി മരിച്ചു.
വാടാനപ്പള്ളി ബീച്ച് മേഖലയിൽ ശക്തമായ തോതിൽ കടലാക്രമണമുണ്ടായി. ചാലക്കുടി പുഴയിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽ നിന്നു പുറന്തള്ളിയിരുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു.
പീച്ചി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. വാടാനപ്പള്ളിയിൽ തിരകൾ കരയിലേക്ക് അടിച്ച് കയറിയതു മൂലം വീടുകൾക്കുചുറ്റിലും പറമ്പുകളിലും വെള്ളക്കെട്ടായി.
പല വീടുകളും ദുർബലാവസ്ഥയിലാണ്. തെങ്ങ് അടക്കമുള്ള വൃക്ഷങ്ങൾ കടപുഴകി.
സീവാൾ റോഡ് കവിഞ്ഞും തിര കരയിലേക്ക് കയറി.
വാടാനപ്പള്ളി, ചിലങ്ക, തമ്പാൻകടവ്, പൊക്കാഞ്ചേരി, പൊക്കുളങ്ങര, സൈനുദ്ദീൻ നഗർ, ഗണേശമംഗലം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസം കടൽവെള്ളം കയറി ദുരിതാവസ്ഥയിലായ കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു.
പത്ത് വർഷത്തിനിടെ വാടാനപ്പള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെ കടലോരം അര കിലോമീറ്ററിലേറെ കടലെടുത്തിട്ടുണ്ട്. സീവോൾ റോഡിന് പകരം പുതിയ റോഡ് നിർമിച്ചതും കടലെടുത്തു.
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശമിച്ചതും ഷോളയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും കാരണം ചാലക്കുടി പുഴയിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽ നിന്നും പുറന്തള്ളിയിരുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു.
തമിഴ്നാട് മേഖലയിലെ ഡാമുകളായ പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകളിൽ നിന്നും ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുകുന്നുണ്ട്. പറമ്പിക്കുളം ഡാമിൽ നിന്ന് 4800 ക്യുസെക്സ് ജലമാണ് പെരിങ്ങൽക്കുത്ത് ഡാമിലേക്ക് എത്തിച്ചേരുന്നത്.
കഴിഞ്ഞ ദിവസം മഴയും നീരൊഴുക്കും ശക്തമായ സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് ഡാമിലെ സംഭരണം ക്രമീകരിക്കുന്നതിനായി 2 സ്ലൂസ് ഗേറ്റുകൾ വഴി അധികജലം തുറന്ന് വിട്ടു. ഇതേ തുടർന്ന് ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
കേരള ഷോളയാറിലെ മൂന്ന് അടി വീതം തുറന്നിരുന്ന നാലു ഷട്ടറുകളും ഇന്നലെ 1 അടിയായി ചുരുക്കി. ഇതോടെ ചാലക്കുടി പുഴയിലെ വെള്ളപ്പൊക്ക ഭീഷണി ഒരു പരിധിവരെ കുറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് പീച്ചി ഡാമിന്റെ 4 ഷട്ടറുകളും 4 ഇഞ്ചു കൂടി ഉയർത്തി 12 ഇഞ്ചിലേക്ക് എത്തിച്ചത്. 24 മണിക്കൂറിനിടെ പ്രദേശത്ത് 64 മില്ലി മീറ്റർ മഴ ലഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]