മുളങ്കുന്നത്തുകാവ് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡിഎസ്) ഫണ്ട് തട്ടിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനം.
പുതിയ ആശുപത്രിയിൽ എച്ച്ഡിഎസ് ഫണ്ടിൽ ഏകദേശം 85 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
2023 ജൂണിൽ എച്ച്ഡിഎസ് ചെയർമാൻ കൂടിയായ കലക്ടർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയപ്പോഴാണ് വിവരം ആദ്യം പുറത്തു വരുന്നത്. തുടർന്ന് കലക്ടർ കലക്ടറേറ്റിൽ നിന്ന് ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തിയപ്പോൾ പണാപഹരണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും തട്ടിപ്പിന് സംഘടിത സ്വഭാവമുണ്ടെന്നും കണ്ടെത്തി.
ആശുപത്രിയിൽ എത്തുന്ന രോഗികളിൽ നിന്ന് സർവീസ് ചാർജായി പിരിച്ചെടുക്കുന്ന തുകയിൽ ഒരു ഭാഗം വരവ് കാണിക്കാതെ എടുത്തുമാറ്റി പണാപഹരണം നടത്തിയെന്നാണ് കണ്ടെത്തൽ.
കൗണ്ടർ സ്റ്റാഫ് എച്ച്ഡിഎസ് ഓഫിസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ഓരോ ദിവസത്തെയും വരവു സംഖ്യ, വരവ്–ചെലവ് പുസ്തകത്തിൽ കുറവ് രേഖപ്പെടുത്തി മിച്ചം പിടിക്കുന്നതാണ് തട്ടിപ്പിന്റെ പൊതു സ്വഭാവം.
ഇതിനു പുറമേ ഈ പണം ചില ഉദ്യോഗസ്ഥർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
താൽക്കാലികക്കാരായ ചില കീഴ് ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകി, ഉദ്യോഗസ്ഥർ പറയുന്ന വ്യക്തികൾക്കു ഗൂഗിൾ പേ വഴി പണം കൈമാറ്റം ചെയ്തിരുന്നതായാണ് ഉയർന്നു വന്ന മറ്റൊരു ഗുരുതര ആരോപണം.
പ്രതിദിനം 3.5 ലക്ഷം രൂപ വരെ വരുമാനമുള്ള എച്ച്ഡിഎസിന്റെ നിയന്ത്രണത്തിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിലെ വരുമാനത്തിലും ക്രമക്കേടുകൾ നടന്നതായി പരിശോധനയിൽ വ്യക്തമായി. ഒരു താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കി ഉദ്യോഗസ്ഥർ തടിതപ്പാനാണ് ആദ്യം ശ്രമിച്ചത്.
എന്നാൽ കൂടുതൽ വിശദമായ അന്വേഷണം നടത്തണമെന്ന് കലക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടതോടെ ആരോഗ്യ വകുപ്പും വെട്ടിലായി.
പരാതി ഹൈക്കോടതിയുടെ മുന്നിലെത്തിയതോടെയാണു ഓഡിറ്റ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് 85 ലക്ഷത്തിൽ അധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
തട്ടിപ്പിനെക്കുറിച്ചു തുടക്കത്തിൽ പൊലീസ് പേരിനൊരു കേസെടുത്തെങ്കിലും അന്വേഷണം പാതിവഴിയിൽ നിലച്ചു.
പ്രാഥമിക പരിശോധനയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പറഞ്ഞ് വിജിലൻസ് നൽകിയ ശുപാർശയിൽ മൂന്ന് വർഷമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചില്ല.
ഈ സാഹചര്യത്തിലാണ് തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

