
ദേശീയപാത: ഒടുവിൽ നടപടിക്ക് തുടക്കം; വെള്ളം വാർന്നുപോകുന്നതിന് എർത്ത് ഡ്രെയ്ൻ നിർമാണം തുടങ്ങി
കൊരട്ടി ∙ ദേശീയപാതയിലെ അടിപ്പാതകളുടെ നിർമാണം കാരണമുള്ള റോഡിന്റെ അപകടാവസ്ഥയ്ക്കും ഗതാഗതക്കുരുക്കിനും അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായി കലക്ടർ അർജുൻ പാണ്ഡ്യൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിനും പരിശോധനയ്ക്കും ശേഷം നൽകിയ നിർദേശങ്ങൾ നടപ്പാക്കാൻ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ അറിയിച്ചു. റോഡിന്റെ അപാകതയും ഡ്രെയ്നേജിന്റെ പൂർത്തീകരണവും അടക്കമുള്ള കാര്യങ്ങളാണു പരിഹരിക്കുന്നത്.
മുരിങ്ങൂരിൽ സൈഡ് റോഡുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം വാർന്നുപോകുന്നതിന് എർത്ത് ഡ്രെയ്ൻ നിർമിക്കാൻ തുടങ്ങി.
നേരത്തെ ജനപ്രതിനിധികളും നാട്ടുകാരും കലക്ടറെ ബോധ്യപ്പെടുത്തിയ ഡ്രെയ്നേജ് പൂർത്തിയാക്കാതെയും സ്ലാബ് സ്ഥാപിക്കാതെയും പൈപ്പുകൾ ഇട്ടിരുന്ന ഭാഗത്തു നിർമാണം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും വെള്ളക്കെട്ട് കാരണം നടന്നില്ല. മുരിങ്ങൂരിൽ 3 സ്ഥലത്തു ഡ്രെയ്നേജിന്റെ നിർമാണം പൂർത്തിയാക്കാനായില്ല. മുരിങ്ങൂരിൽ ഗതാഗതത്തിനു തടസ്സമായി നിൽക്കുന്ന വൈദ്യുതക്കാൽ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ കലക്ടർ നിർദേശിച്ചിരുന്നു.
എന്നാൽ ഷട്ട് ഡൗൺ അനുമതി ലഭിക്കാത്തതിനാൽ പോസ്റ്റ് മാറ്റിയിട്ടില്ല. ഇതിനു 2 ദിവസം വേണ്ടിവരുമെന്നാണു സൂചന. കൊരട്ടിയിൽ വൈദ്യുതക്കാലുകൾ മാറ്റുന്ന ജോലി തുടരുകയാണ്.
ജല അതോറിറ്റിയുടെ ശേഷിച്ച പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന കാര്യത്തിലും നടപടി തുടങ്ങിയില്ല. ഇതിനും അനുമതി സംബന്ധിച്ച സാങ്കേതികക്കുരുക്കുകളാണു തടസ്സമാകുന്നത്.
ചിറങ്ങരയിൽ ദേശീയപാതയ്ക്കു കുറുകെ ചിറയിൽനിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തോടിനു മുകളിലെ പാലത്തിനു തകരാറുണ്ടെന്ന പരാതിയെ തുടർന്നു കോൺക്രീറ്റിങ് അടർന്ന ഭാഗം പ്ലാസ്റ്ററിങ് നടത്തി. പാലത്തിനു ബലക്ഷയമില്ലെന്നു പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
ഈ ഭാഗത്തു സ്ലാബ് നീട്ടി നിർമിക്കാനുള്ളതും വൈകാതെ നടത്തും. സംരക്ഷണഭിത്തിയും നിർമിക്കും. വാഹനങ്ങൾ തിരിച്ചുവിടുന്ന ബദൽ റോഡുകളിലെ കുഴികൾ കരിങ്കൽച്ചീളുകളും മറ്റും ഇട്ടു മൂടുന്ന ജോലി ദിവസവും തുടരും.
രാവിലെത്തന്നെ സ്ഥലം പരിശോധിച്ചു കുഴികളുണ്ടെങ്കിൽ മൂടും. ഉച്ചയ്ക്കു ശേഷം വീണ്ടും പരിശോധന നടത്തുകയും ആവശ്യമെങ്കിൽ കുഴികൾ മൂടുകയും ചെയ്യും.
അടിപ്പാതകളുടെ ബോക്സ് സ്ട്രക്ചറിനോടു ചേർന്ന് ഭിത്തി നിർമാണത്തിനായി കുഴിച്ച ഭാഗത്തെ വെള്ളക്കെട്ടിനെത്തുടർന്ന് ഈ ഭാഗം മൂടാൻ തുടങ്ങി. മഴ ശക്തമായ സമയമായതിനാലാണിത്.
സെപ്റ്റംബർ വരെ ഭിത്തി നിർമാണം നിർത്തിവയ്ക്കും. മഴ ശമിച്ച ശേഷമാകും തുടർ നിർമാണം. ഭിത്തി നിർമാണത്തിനായി കുഴിച്ച ഭാഗത്തെ വെള്ളക്കെട്ടിൽനിന്ന് വെള്ളം പമ്പ് ചെയ്തു ടാങ്കർ ലോറിയിൽ നീക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഈ വെള്ളം തൊട്ടടുത്തു റോഡിൽ തന്നെ തുറന്നുവിടുന്നത് വെള്ളം വീണ്ടും വെള്ളക്കെട്ടിലേക്ക് ഒഴുകിയെത്താൻ കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇതു തടഞ്ഞതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ ടാങ്കറിൽ വെള്ളം സംഭരിച്ചു മുരിങ്ങൂരിൽ വെള്ളം പോകുന്ന കൽവർട്ടിനു സമീപം തുറന്നുവിടാമെന്നു നിർദേശിച്ചു.
ഇക്കാര്യത്തിൽ പൊലീസിന്റെ മേൽനോട്ടമുണ്ടാകും. ചിറങ്ങരയിൽ വീട്ടിലേക്ക് ഇറങ്ങാൻ വഴിയില്ലാതിരുന്ന കുടുംബത്തിനു കലക്ടറുടെ സന്ദർശനത്തിനുശേഷം പരിഹാരമാർഗമായി.
കൊടിയപ്പാടം തോമസിന്റെയും വിനുവിന്റെയും കുടുംബത്തിനാണു ദേശീയപാതയിൽ നിന്നു 8 അടിയോളം താഴെയുള്ള വീട്ടിലേക്ക് ഇറങ്ങാനായി ചെറിയ കോൺക്രീറ്റ് പാത സജ്ജമാക്കിയത്. കൊരട്ടിയിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി ഡ്രെയ്നേജിന്റെ ഭാഗം പൊട്ടിച്ചു.
അതേസമയം, സമാന്തര റോഡുകൾ തകർന്നതു പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയില്ല. ഇന്നലെ എഡിഎം സി.മുരളിയുടെ സാന്നിധ്യത്തിൽ യോഗം നടത്തി പരിഹാരപ്രവർത്തനങ്ങൾ വിലയിരുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]