തൃശൂർ ∙ അനാഥാലയത്തിൽ മരിച്ച വ്യക്തിയുടെ മൃതദേഹം അരിമ്പൂരിലെ വസതിയിൽ എത്തിച്ചപ്പോൾ മകനും കുടുംബവും വീടു പൂട്ടിപ്പോയ സംഭവത്തിൽ കലക്ടറുടെ ഇടപെടൽ. ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസറോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു.അരിമ്പൂർ കൈപ്പിള്ളി സ്വദേശി പ്ലാക്കൻ തോമസിന്റെ (80) മൃതദേഹമാണ് വീടിനു പുറത്ത് കിടത്തേണ്ടി വന്നത്. പിന്നീട് മണിക്കൂറുകൾക്കു ശേഷമാണ് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ സംസ്കരിച്ചത്.
മനോരമ ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് കലക്ടറുടെ നടപടി. മകന്റെയും മരുമകളുടെയും മർദനത്തെത്തുടർന്നു 8 മാസം മുൻപാണ് തോമസും ഭാര്യ റോസിലിയും (76) വീടുവിട്ടിറങ്ങിയത്.
മകൻ ജയ്സണും മരുമകൾ റിൻസിയും ഉപദ്രവിക്കുന്നെന്നു ചൂണ്ടിക്കാട്ടി ഇരുവരും അന്തിക്കാട് പൊലീസിൽ പരാതിയും നൽകിയിരുന്നു.
സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ തോമസിനെ മണലൂരിലും റോസിലിയെ കാരമുക്കിലുമുള്ള അനാഥാലങ്ങളിലേക്കാണ് മാറ്റിയത്.പനി ബാധിച്ച് ബുധനാഴ്ച പുലർച്ചെ തോമസ് മരിച്ചു. തുടർന്നു പൊതുദർശനത്തിനും വസതിയിലെ സംസ്കാര ശുശ്രൂഷകൾക്കുമായി ബന്ധുക്കൾ ചേർന്ന് അരിമ്പൂർ കൈപ്പിള്ളിയിലുള്ള വീട്ടിൽ മൃതദേഹമെത്തിച്ചു.
എന്നാൽ മകൻ വീടുപൂട്ടി സ്ഥലംവിട്ടതോടെ മൃതദേഹം മുറ്റത്ത് പൊതുദർശനത്തിനു വയ്ക്കേണ്ടിവന്നു.
കാരമുക്കിലെ അനാഥാലയത്തിൽ നിന്നു തോമസിന്റെ ഭാര്യ റോസിലിയും വിവരമറിഞ്ഞ് മകൾ ജോയ്സിയും വീട്ടിലെത്തിയിരുന്നു.ഇവരും ബന്ധുക്കളുമടക്കം 6 മണിക്കൂറോളം വീട്ടുമുറ്റത്ത് മൃതദേഹവുമായി ചെലവഴിക്കേണ്ടി വന്നു. മകൻ ജയ്സണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.തുടർന്നാണ് നാട്ടുകാരുടെ സാന്നിധ്യത്തിൽ വൈകിട്ട് എറവ് പള്ളിയിൽ സംസ്കാരം നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]