കൊരട്ടി ∙ നവംബർ അവസാനിക്കാറായിട്ടും കാർഷിക ജലസേചനം നടപ്പാകാതെ പോയതോടെ വഴിച്ചാൽ പാടശേഖരം വരളുന്നു. ചാലക്കുടിപ്പുഴയിൽ നിന്ന് ഇടതുകര കനാൽ വഴി ഒഴുകിയെത്തുന്ന വെള്ളവും തുലാവർഷവും കനിയാതെ വന്നതോടെ കർഷകർ കണ്ണീരിലാണ്.
കൊരട്ടിച്ചാലിനെ ബന്ധിപ്പിക്കുന്ന വഴിച്ചാൽ തോടും പാലത്താൻകുഴി തോടും അരികിലുണ്ടായിട്ടും പാടശേഖരം വരണ്ടു കിടക്കുകയാണിപ്പോൾ. വേനൽ കൂടുതൽ ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും.
അടുത്തിടെ കോടികൾ മുടക്കി നവീകരിച്ച മുടപ്പുഴ ഡാമിൽ കനാൽജലം സംഭരിച്ചു മഴയില്ലാത്തപ്പോൾ കൃഷിക്കായി വെള്ളമെത്തിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പൂർണമായി പ്രയോജനപ്പെടുന്നില്ലെന്നാണു കർഷകരുടെ പരാതി. വഴിച്ചാലിൽ എതാണ്ട് 30 ഏക്കർ പാടശേഖരത്തിലാണ് ഇടതുകര കനാലിനെ ആശ്രയിച്ച് ഒക്ടോബർ മാസത്തോടെ കൃഷി ഇറക്കാറുള്ളത്.
തുലാവർഷവും കനിഞ്ഞില്ല. വരണ്ടു വിണ്ടു തുടങ്ങിയ പാടത്തു കർഷകരുടെ കണ്ണീരിന്റെ ഉപ്പു കലരുകയാണിപ്പോൾ.
വഴിച്ചാൽ, കുലയിടം, വാപ്പറമ്പ് പാടശേഖരങ്ങളിലെ കൃഷിക്കാണ് വെള്ളം കിട്ടാതെ ഉണങ്ങുന്നത്. മുടപ്പുഴ ഡാമിൽ ശേഖരിക്കുന്ന ഇടതുകര കനാലിലെ വെള്ളം വേനലിൽ കൊരട്ടിച്ചാൽ വഴി തുറന്നു വിട്ട് ഈ പാടശേഖരങ്ങളിൽ കൃഷിക്കു പ്രയോജനപ്പെടുത്താമെന്നായിരുന്നു പ്രതീക്ഷ.
കൊരട്ടിമുത്തിയുടെ തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി ഇടതുകര കനാൽ വൃത്തിയാക്കുന്നതാണു പതിവ്. ഒക്ടോബറിൽ കനാൽ വൃത്തിയാക്കിയെങ്കിലും കർഷകർ ആവശ്യപ്പെട്ടിട്ടും വെള്ളം തുറന്നുവിടാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണു പരാതി.
വേനൽച്ചൂട് ശക്തമായാൽ വഴിച്ചാൽ പാടശേഖരത്തിനു പുറമേ താഴേത്തട്ടിലുള്ള പാടശേഖരങ്ങളിലെ കൃഷിയെയും ജലക്ഷാമം ബാധിക്കുമെന്നു കർഷക സമിതി പ്രസിഡന്റ് എം.ആർ.ശശിയും സെക്രട്ടറി സി.കെ.ചന്ദ്രബാബു, കർഷകരായ ബിജു മോൻ, എം.എ.രാജൻ, ജോയി പറോക്കാരൻ എന്നിവർ പറയുന്നു. നിലവിൽ 6 ഏക്കർ പാടത്താണ് വെള്ളമില്ലാത്ത പ്രശ്നമുള്ളത്.
ചെറിയൊരു ഭാഗത്തു സ്വാഭാവിക നീരുറവ കൃഷിക്ക് അനുകൂലമാണ്.
വെള്ളം തുറന്നു വിടാൻ വൈകിയാൽ ഈ ഭാഗത്തെ ഞാറും പ്രതിസന്ധിയിലാവും. സാധാരണ നിലയിൽ വഴിച്ചാൽ തോട് വഴി വരുന്ന വെള്ളം തോടിന് കുറുകെ ബണ്ട് കെട്ടി പാലത്താൻകുഴി തോട്ടിലേക്ക് എത്തിച്ചാണു പാടത്തേക്കു വെള്ളം എത്തിക്കുന്നത്. കൃഷി ഇറക്കിയതോടോപ്പം നേരത്തെ തന്നെ ബണ്ട് ഒരുക്കിയിരുന്നെങ്കിലും വെള്ളം എത്തിയില്ല. ഇതിനിടെ ചിലയിടങ്ങളിൽ മഴ പെയ്തതോടെ വെള്ളം തുറന്നു വിടുന്നതിൽ നിന്ന് അധികൃതരും പിന്നോട്ട് പോയി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

