
പെരുമ്പിലാവ്∙ കടവല്ലൂരിൽ നെല്ലുൽപാദനം കുറയുന്നു. നെൽവയലുകൾ നികത്തുന്നത് വ്യാപകമാവുകയും പ്രധാന റോഡിനോടു ചേർന്ന പാടങ്ങളിൽ കൃഷി നിർത്തുകയും ചെയ്തതാണു ഉൽപാദനത്തെ കാര്യമായി ബാധിച്ചത്.
തരിശുരഹിതമാക്കും എന്ന പ്രഖ്യാപനം ഉണ്ടെങ്കിലും സംസ്ഥാനപാതയോടു ചേർന്ന കടവല്ലൂർ പാടശേഖരത്തിൽ ഏക്കർ കണക്കിനു നിലം തരിശായി കിടക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽപെടാത്ത വിധം പലയിടത്തും നിലം നികത്തലും തുടരുന്നുണ്ട്.
തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയോരത്തും പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാനപാതയോരത്തുമാണ് കൂടുതലായി നികത്തുന്നത്. ചെറിയ തോതിൽ കല്ലും മണ്ണും കൊണ്ടുവന്നിട്ടാണു തുടക്കം.
വർഷങ്ങൾ എടുത്താണു പാടം കരഭൂമിയാക്കുക. പിന്നീട് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും.
കാലക്രമേണ വലിയ കെട്ടിടങ്ങളും നിർമിക്കും.
കൃഷിയിലെ പ്രതിസന്ധികളും ബാധിച്ചു
പ്രതിസന്ധികൾ ഏറിയതോടെ കർഷകർ കൃഷിയിൽ നിന്നു പിൻവാങ്ങിയതും നെല്ലുൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. വളം, കീടനാശിനി, കൂലി എന്നിവയിൽ ഉണ്ടായ വർധന, സപ്ലൈകോയുടെ നെല്ല് സംഭരണത്തിൽ വരുന്ന പാളിച്ചകൾ തുടങ്ങിയവ കർഷകരെ പ്രതിസന്ധിയിലാക്കി.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനഷ്ടവും തിരിച്ചടിയായി.കടവല്ലൂരിൽ 800 ഏക്കറോളം പാടത്താണു നെൽക്കൃഷിയുള്ളത്. 2022-23 സീസണിൽ 569 കർഷകർ കൃഷി ചെയ്തപ്പോൾ കഴിഞ്ഞ സീസണിൽ 412 പേരായി ചുരുങ്ങി.
157 കർഷകരാണു 2 വർഷത്തിനിടയിൽ കൃഷിയിൽ നിന്നു പിൻവാങ്ങിയത്.
കഴിഞ്ഞ 4 സീസണിലെ നെല്ലുൽപാദന കണക്ക്
2021-22
കർഷകർ 503 – ലഭിച്ച നെല്ല് 1436 ടൺ
2022-23
കർഷകർ 569 – ലഭിച്ച നെല്ല് 1877 ടൺ
2023-24
കർഷകർ 462 – ലഭിച്ച നെല്ല് 1386 ടൺ
2024-25
കർഷകർ 412 – ലഭിച്ച നെല്ല് 1326 ടൺ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]