
ടുലിപ് ഗാർഡൻ കാണാൻ യാത്രയിൽ മാറ്റം; ഒന്നര മണിക്കൂർ വൈകൽ നൽകിയത് ജീവൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ കശ്മീരിലെ പഹൽഗാമിലേക്കു പുറപ്പെടും മുൻപേ ശ്രീനഗറിലെ ദാൽ തടാകത്തിന്റെ തീരത്തുള്ള ടുലിപ് ഗാർഡൻ കാണാനായി യാത്രയിൽ മാറ്റം വരുത്തിയ നിമിഷത്തെ ഓർത്തു ചാലക്കുടി മേലൂരിൽ നിന്നുള്ള 26 അംഗ യാത്രാസംഘം ദൈവത്തിനു നന്ദി പറയുന്നു. അല്ലായിരുന്നുവെങ്കിൽ ഇവരും പഹൽഗാമിൽ തീവ്രവാദി ആക്രമണം നടക്കുമ്പോൾ അവിടെ ഉണ്ടാകുമായിരുന്നു. ചിന്തിക്കുമ്പോൾ തന്നെ മനസ്സിൽ ഭീതി പടരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന ഫ്രാൻസിസ് മേച്ചേരി പറഞ്ഞു.
പഹൽഗാമിന് നാലര കിലോമീറ്റർ അകലെ വരെ എത്തിയെങ്കിലും തീവ്രവാദ ആക്രമണ വാർത്ത അറിഞ്ഞതോടെ പാതിവഴിയിൽ യാത്ര നിർത്തി സുരക്ഷിത കേന്ദ്രത്തിലേക്കു മടങ്ങുകയായിരുന്നു. 22നു രാവിലെ 8.30ന് ശ്രീനഗറിൽ നിന്നു പഹൽഗാമിലേക്കു പുറപ്പെടാനായിരുന്നു പദ്ധതി. എന്നാൽ ടുലിപ് ഉദ്യാനം കാണാൻ തീരുമാനിച്ചതോടെ യാത്ര വൈകി.
ഉദ്യാനം കണ്ട് 10 മണിയോടെ പുറത്തെത്തിയ ഇവർ 15 മിനിറ്റിനു ശേഷം പഹൽഗാമിലേക്ക് പുറപ്പെട്ടു. 2.30ന് കുതിര സവാരി ആരംഭിക്കുന്ന സ്ഥലത്തെത്തി. അവിടെ നിന്നു തീവ്രവാദ ആക്രമണം നടന്ന ഭാഗത്തേക്കു കുതിരപ്പുറത്തു മാത്രമേ പോകാനാകൂ. എത്തിയ വാഹനത്തിൽ നിന്നു കുതിര സവാരിക്കായി പുറത്തിറങ്ങും മുൻപേ പട്ടാളക്കാർ എത്തി തീവ്രവാദ ആക്രമണ വിവരം അറിയിച്ചു.
ഉദ്യാനം കാണാനിറങ്ങി വൈകിയ ഒന്നര മണിക്കൂർ തങ്ങളുടെ ജീവൻ കാത്തുവെന്ന തിരിച്ചറിവിൽ അവരെല്ലാം അമ്പരന്നു. കുറച്ചു സമയം മുൻപ് ഈ വഴിയിലൂടെ കുതിരപ്പുറത്തു പോയവർ വെടിയേറ്റു മരിച്ചതറിഞ്ഞതോടെ ഒരു നിമിഷം അവർക്കു ഹൃദയം നിലച്ച പോലെയായി. വാഹനത്തിൽ നിന്നു പുറത്തിറങ്ങുന്നതു വിലക്കിയ സൈനികർ ഉടൻ ലോഡ്ജുകളിലേക്കു മടങ്ങാൻ നിർദേശിച്ചു. അവിടെയെത്തി വാതിൽ അകത്തു നിന്നു പൂട്ടാനും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നുമായിരുന്നു നിർദേശം.
ലോഡ്ജിൽ മടങ്ങിയെത്തിയപ്പോഴേക്കും സൈനികരും അവിടെ എത്തി. എല്ലാവരുടെയും ആധാർ കാർഡുകൾ വാങ്ങി പരിശോധിച്ചു. ധൈര്യമായിരിക്കാനും സൈന്യം ഒപ്പമുണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. 28നു കശ്മീരിൽ നിന്നു മടങ്ങാനായിരുന്നു അവരുടെ പരിപാടി. ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനവിലക്കുള്ളതിനാൽ നേരത്തെ മടങ്ങാനാണ് ഇപ്പോഴത്തെ ആലോചന. കൊരട്ടി കോനൂർ, പാലപ്പിള്ളി ഭാഗങ്ങളിൽ നിന്നുള്ള 42 അംഗ സംഘവും അവിടെ എത്തിയിരുന്നതായി മേലൂർ സ്വദേശികൾ പറഞ്ഞു.