ചാലക്കുടി ∙ ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും പ്രഹസനങ്ങൾക്കും ജനത്തിന്റെയും ജനപ്രതിനിധികളുടെയും പ്രതിഷേധങ്ങൾക്കും ഒടുവിൽ തൃശൂർ– എറണാകുളം എൻഎച്ച് 544ൽ മുരിങ്ങൂരിൽ ബദൽ റോഡിലെ ടാറിങ് ആരംഭിച്ചു. 22ന് രാത്രി ഒൻപതോടെ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊടകരയിൽ തടഞ്ഞ് ആളൂർ വഴി തിരിച്ചുവിടാൻ തുടങ്ങി.
രാത്രി 10നാണു ടാറിങ് ആരംഭിച്ചത്. ടാറിങ് പൂർത്തിയായാൽ വാഹന ഗതാഗതം കൂടുതൽ സുഗമമാകുകയും ഗതാഗതക്കുരുക്കിന് അയവു വരികയും ചെയ്യുമെന്നാണു പ്രതീക്ഷ.
ദേശീയപാതയിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു കലക്ടർ അർജുൻ പാണ്ഡ്യൻ ഇന്നു വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും.
രാവിലെ 10ന് ആമ്പല്ലൂരിൽ ആരംഭിക്കുന്ന സന്ദർശനം ചിറങ്ങരയിലാണ് അവസാനിക്കുക. ചിറങ്ങര മുതൽ ചുവന്നമണ്ണ് വരെയുള്ള 7 അടിപ്പാതകളുടെ നിർമാണമാണു ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിനു കാരണമായത്.
അടിപ്പാതകൾ നിർമിക്കാനായി ദേശീയപാതയുടെ പ്രധാനഭാഗം അടച്ചുകെട്ടും മുൻപേ ബദൽ റോഡുകൾ ഉറപ്പോടെ സജ്ജമാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കരാറുകാർ കൂട്ടാക്കിയില്ല.
ഒടുവിൽ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ.ജനീഷ് എന്നിവർ ഫയൽ ചെയ്ത ഹർജികളിൽ ടോൾ നിർത്തലാക്കി ഹൈക്കോടതി ഉത്തരവാകുകയും ഇക്കാര്യം സുപ്രീംകോടതി ശരി വയ്ക്കുകയും ചെയ്തതോടെയാണു ദേശീയപാതയിലെ ബദൽ റോഡുകൾ വിവിധ ഭാഗങ്ങളിൽ ടാർ ചെയ്യാൻ ആരംഭിച്ചത്.
വ്യാഴാഴ്ച യോഗത്തിനെത്തിയ ദേശീയപാത സൈറ്റ് എൻജിനീയറെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ 2 മണിക്കൂറോളം പൂട്ടിയിട്ടിരുന്നു. പൊലീസ് നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച തന്നെ ടാറിങ് ആരംഭിക്കാമെന്ന് ഉറപ്പു നൽകിയ ശേഷമാണ് പ്രതിഷേധക്കാർ ഉദ്യോഗസ്ഥനെ പുറത്തിറങ്ങാൻ അനുവദിച്ചത്.
എന്നാൽ വ്യാഴാഴ്ച ടാറിങ് നടത്തിയില്ല.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറ്റിച്ചെന്നും ടാറിങ് ഇന്നലെ രാത്രി ആരംഭിച്ചില്ലെങ്കിൽ ഇന്നു മുതൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ മുരിങ്ങൂരിൽ നിരാഹാര സമരം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.സുനിത (മേലൂർ), പി.സി.ബിജു (കൊരട്ടി), പ്രിൻസി ഫ്രാൻസിസ് (കാടുകുറ്റി), കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി എന്നിവർ അറിയിച്ചിരുന്നു. ടാറിങ് ആരംഭിച്ച സാഹചര്യത്തിൽ സമരം മാറ്റിയെന്നും അവർ പിന്നീടു വ്യക്തമാക്കി.
അതേസമയം, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ നിർമാണവുമായി ബന്ധപ്പെട്ടു കരാറുകാരിൽനിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ഗുരുതര ആരോപണം പഞ്ചായത്ത് പ്രസിഡന്റുമാർ ഉന്നയിച്ചു.
കഴിഞ്ഞ ദിവസം യോഗത്തിന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ എത്താതിരുന്നത് സ്ഥലം എംപിയും എംഎൽഎയും മുടക്കിയതുകൊണ്ടാണെന്നും അവർ ആരോപിച്ചു.
എൽഡിഎഫിന്റേത് രാഷ്ട്രീയ ഇരട്ടത്താപ്പ്: എംഎൽഎ
ചാലക്കുടി ∙ എൽഡിഎഫ് ഭരിക്കുന്ന കേരള സർക്കാരോ മുഖ്യമന്ത്രിയോ മരാമത്ത് മന്ത്രിയോ തൃശൂർ ജില്ലയിലെ ഇടതു മന്ത്രിമാരോ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ഇടപെടൽ നടത്തിയില്ലെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ ആരോപിച്ചു.
ഉദ്യോഗസ്ഥനെ ബന്ദിയാക്കിയും സമരം പ്രഖ്യാപിച്ചും എൽഡിഎഫ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയതു യാത്രാദുരിതം നേരിടുന്ന ജനത്തെ സംസ്ഥാന സർക്കാരും എൽഡിഎഫ് നേതൃത്വവും മറന്നതിന്റെ ജാള്യം മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ഈ ഇരട്ടത്താപ്പു ജനം തിരിച്ചറിയുമെന്നും എംഎൽഎ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

