
ആമ്പല്ലൂർ ∙ റോഡ്, പാലങ്ങൾ തുടങ്ങി അടിസ്ഥാന വികസനങ്ങൾ രാജ്യത്തപുരോഗതിയിലേക്ക് നയിക്കുമെന്നാണ് പറയുന്നത്. എന്നാൽ വികസനത്തിന്റെ പേരിൽ യാത്രക്കാരും നാട്ടുകാരും ദുരിതമനുഭവിക്കുന്ന കാഴ്ചയാണ് ആമ്പല്ലൂരിൽ. അടിപ്പാത നിർമാണത്തിന്റെ പേരിൽ ജനം അനുഭവിക്കുന്ന ദുരിതത്തിന് കണക്കില്ല. റോഡിന് കുറുകെ കടക്കാനോ വാഹനം ഓടിക്കാനോ കഴിയാത്ത സ്ഥിതി. അര മിനിറ്റ് യാത്രയ്ക്ക് അരമണിക്കൂർ വിനിയോഗിക്കണം. റോഡിന്റെ ഇരുവശങ്ങളിലുമുള്ളവർക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ ബുദ്ധിമുട്ട്, ഒരു ഓട്ടം പോയാൽ കിട്ടുന്നതിലും കൂടുതൽ പെട്രോൾ അടിക്കേണ്ടിവരുന്ന സങ്കടത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ.
ഗതാഗതക്കുരുക്കിനിടയിൽ വാഹനങ്ങൾക്ക് നിർത്താൻ പോലും സ്ഥലമില്ലാതായതോടെ കച്ചവടം ഉപേക്ഷിക്കേണ്ട ഗതികേടിൽ വ്യാപാരികൾ.
പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി വാഗ്ദാനം ചെയ്ത 11 മാസം കഴിഞ്ഞെങ്കിലും അടിപ്പാതയുടെ ബോക്സ് നിർമാണം മാത്രമാണ് തീർന്നത്.
ഇനിയും ദുരിതമനുഭവിപ്പിക്കാതെ നിർമാണ പ്രവർത്തനങ്ങളുടെ വേഗം കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടോൾ പിരിവിന്റെ ഭാരംകൂടിയുണ്ടായിരുന്നത് ഒഴിവാക്കപ്പെട്ടതിന്റെ ആശ്വാസമുണ്ടെങ്കിലും ഓണത്തിരക്കിനിടെ വീണ്ടും ഗതാഗതക്കുരുക്കുണ്ടായാൽ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും.
വിവിധ മേഖലകളിലുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിക്കുകയാണ് ഇവിടെ…
വ്യാപാരികൾ നാളെ പ്രതിഷേധിക്കും
2024 ജൂലൈ അവസാനത്തിൽ പ്രളയം ബാധിച്ചതിനു പിന്നാലെ തുടങ്ങിയതാണ് അടിപ്പാത നിർമാണം. കാന നിർമാണത്തിനായി ആമ്പല്ലൂരിന്റെ റോഡ് വശങ്ങൾ ഉടനീളം പൊളിച്ചു. നിർമാണത്തിനായി ആഴ്ചകളോളം പലസ്ഥാപനങ്ങളും അടച്ചിടേണ്ടിവന്നു. ഗതാഗതക്കുരുക്കും അശാസ്ത്രീയ നിർമാണവും കാരണം വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിലാണ്. പ്രളയത്തിൽ വലിയ നഷ്ടം നേരിട്ട
ആമ്പല്ലൂരിലെ പല സ്ഥാപനങ്ങളും ഇതോടെ വീണ്ടും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
മഴ പെയ്താൽ ചെളി തെറിക്കുന്ന സ്ഥിതിയാണ് കടകളിൽ. വെയിൽ ഉദിച്ചാൽ പൊടിശല്യത്താലും ബുദ്ധിമുട്ടുന്നു.
പല സ്ഥാപനങ്ങളും തുറക്കാനാകാത്ത സ്ഥിതി. പാർക്കിങ് മറ്റൊരു പ്രതിസന്ധിയായി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആമ്പല്ലൂരിലെ വ്യാപാരികൾ നാളെ രാവിലെ 9 മുതൽ 10.30വരെ കടകൾ അടച്ച് പ്രതിഷേധിക്കും. ജോയ് പണ്ടാരി പ്രസിഡന്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി,ആമ്പല്ലൂർ യൂണിറ്റ്
കടയിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു
അടിപ്പാത നിർമാണം ആരംഭിച്ചതോടെ കടയിലെത്തുന്നവരുടെ എണ്ണം പകുതിയായി.
ദേശീയപാതയുടെ മറുഭാഗത്തു നിന്നും ആളുകൾ നെന്മണിക്കര ഭാഗത്തേക്ക് എത്തുന്നത് അത്യാവശ്യത്തിനു മാത്രമായി. തിരിച്ചും അങ്ങനെ തന്നെ.
സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് പ്രതിസന്ധി. ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്നം.
നികുതി കൊടുത്താലും നീതിയില്ലാത്ത സ്ഥിതിയാണ്. അശാസ്ത്രീയ നിർമാണത്തെ തുടർന്നുള്ള ഗതാഗതക്കുരുക്കിൽ ഞെരുങ്ങുകയാണ് ആമ്പല്ലൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ.
ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെയും പ്രതിസന്ധികളെയും കുറിച്ച് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ മനോരമ നൽകിയ വാർത്തകളും ക്യാംപെയ്നുകളും ജനശ്രദ്ധ പിടിച്ചുപറ്റി.
വാർത്തകൾ ടീ സ്റ്റാളിന്റെ ചുമരുകളിലും ഒട്ടിച്ചുവച്ചിട്ടുണ്ട്. വാർത്തകൾ കോടതികൾ പോലും ശ്രദ്ധിക്കുന്ന തലത്തിലേക്ക് എത്തിയതിലും ടോൾ ഒഴിവാക്കിയതിലും ഏറെ സന്തോഷം.സന്തോഷ് ചേർപ്പുകാരൻ, മഹാദേവ ടീ സ്റ്റാൾ, നെന്മണിക്കര(ടോൾ വിരുദ്ധ സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം)
ഓട്ടോ ഓടി കിട്ടുന്നത് വർക്ഷോപ്പിൽ തീരും
ഓടികിട്ടുന്നത് പെട്രോളടിക്കാനും വർക് ഷോപ്പിൽ നൽകാനും മാത്രമേ തികയുന്നുള്ളൂവെന്നാണ് ആമ്പല്ലൂരിലെ ഓട്ടോ ഡ്രൈവർമാരുടെ പരാതി.
ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കും കുണ്ടുംകുഴികളും നിറഞ്ഞ റോഡുമാണ് ചെലവ് കൂട്ടുന്നത്. ആമ്പല്ലൂരിൽ നിന്നും തലോരിലേക്ക് പോയാൽ ഇതേവഴി തിരിച്ചുവരാൻ കഴിയില്ല.
സമീപത്തെ മറ്റു റോഡുകളെ ആശ്രയിച്ചുവേണം തിരിച്ചെത്താൻ. പുതുക്കാട്ടേക്ക് ദേശീയപാത വഴി മിക്കപ്പോഴും പോകാനും വരാനും കഴിയാറില്ല.
ചെറുറോഡുകളിലൂടെ കറങ്ങിത്തിരിഞ്ഞുവേണം ലക്ഷ്യസ്ഥാനത്ത് എത്താൻ.
എല്ലാവരും ചെറുറോഡുകളേയും സമാന്തര പാതകളേയും ആശ്രയിച്ചുതുടങ്ങിയതോടെ ചില റോഡുകൾ തകർന്നു, മറ്റുചിലത് തകർച്ചാഭീഷണിയിലുമാണ്. ഇത് വാഹനങ്ങളുടെ നടുവൊടിക്കുകയാണ്.
വർക് ഷോപ്പുകളിൽ വലിയ തുകയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ചെലവഴിക്കേണ്ടിവന്നത്. റോഡിലെ പൊടിശല്യം ആരോഗ്യത്തെയും ബാധിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]