
തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാത: നിർമാണം വേഗം കൂട്ടാൻ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേച്ചേരി∙ തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ മഴയെത്തുടർന്ന് വേഗത്തിലാക്കാൻ കെഎസ്ടിപി അധികൃതർ കരാറുകാർക്ക് നിർദേശം നൽകി. 28ന് കേച്ചേരിയിൽ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ടിപി അധികൃതർ. ഇൗ ഭാഗത്ത് ഇപ്പോൾ ഒറ്റവരി ഗതാഗതമാണ് ഉള്ളത്. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗത്തെ ടാറിങ്ങാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാറന്നൂർ പാടത്തെ 6 കലുങ്കുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായി. പാറന്നൂർ മുതൽ ചൂണ്ടൽ പാറപ്പുറം വിഷ്ണു ക്ഷേത്രം വരെയുള്ള 600 മീറ്റർ ദൂരമാണ് ഇനി ടാറിങ് പൂർത്തിയാവാനുള്ളത്. ഇവിടെ മെറ്റൽ വിരിക്കൽ ഏതാണ്ട് പൂർത്തിയായി.
പാതയോരത്തെ റോഡിന്റെ അരികുകൾ കെട്ടുന്ന പണി അവസാന ഘട്ടത്തിലാണ്. കൈപ്പറമ്പ് നൈൽ ആശുപത്രി മുതൽ ത്രിവേണി ഫാർമസി കോളജ് വരെയുള്ള ഭാഗത്തെ ടാറിങ്ങും പൂർത്തിയാവാനുണ്ട്. മഴ മാറിയാൽ 2 ദിവസത്തിനകം ഇൗ മേഖലയിലെ ടാറിങ് പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് കരാറുകാർ. സംസ്ഥാനപാതയിൽ കുന്നംകുളത്തുനിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ് ചൂണ്ടലിൽ നിന്ന് കേച്ചേരി ഭാഗത്തേക്ക് ഇപ്പോൾ കടത്തിവിടുന്നത്. തൃശൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കേച്ചേരിയിൽ നിന്ന് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ആളൂർ, മറ്റം, കൂനംമൂച്ചി വഴിയാണ് ഇപ്പോൾ വാഹനങ്ങൾ ചൂണ്ടലിൽ എത്തിച്ചേരേണ്ടത്.
പലപ്പോഴും പല വലിയ വാഹനങ്ങളും നേരത്തേ എത്താനായി വെട്ടുകാട്, പാറപ്പുറം വഴിയുള്ള ഇടുങ്ങിയ റോഡിലൂടെയാണ് ഇപ്പോൾ ചൂണ്ടലിൽ എത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. മുതുവറ–പുഴയ്ക്കൽ ഭാഗത്ത് റോഡിന്റെ കോൺക്രീറ്റിങ് ഇനിയും പൂർത്തിയാവാനുണ്ട്. മുതുവറ സെന്റർ മുതൽ 270 മീറ്റർ ദൂരം റോഡിന്റെ ഒരു ഭാഗത്ത് കോൺക്രീറ്റിങ് പൂർത്തിയായി. ഇനി 600 മീറ്റർ ദൂരം കൂടി പൂർത്തിയാക്കാനുണ്ട്. മുതുവറ സെന്റർ മുതൽ പുഴയ്ക്കലിലെ പുതിയ പാലം വരെയാണ് കോൺക്രീറ്റിങ് നടത്തുന്നത്. പുഴയ്ക്കലിൽ പാലത്തിന്റെ നിർമാണം ഒരു ഭാഗത്തു നടക്കുന്നതിനാൽ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനും കാരണമാകുന്നുണ്ട്.