
ചേലക്കര ∙ ഓണ വിപണി ലക്ഷ്യമാക്കി നട്ടു വളർത്തിയ ചെങ്ങാലിക്കോടൻ നേന്ത്രവാഴകൾക്കു രാപകൽ കാവൽ ഇരിക്കുകയാണു തോന്നൂർക്കര പടിഞ്ഞാട്ടുമുറി പാപ്പുള്ളിപ്പടി രാധാകൃഷ്ണൻ (58) എന്ന കർഷകൻ. മാസങ്ങളോളം കിളച്ചും നനച്ചും വളർത്തിയ വാഴകൾ വിളവെടുക്കാറായപ്പോൾ പകൽ കുരങ്ങൻമാരെയും രാത്രി കാട്ടാനകളെയും തുരത്താൻ കൃഷിയിടത്തിൽ കണ്ണടയ്ക്കാതെ കാവലിരിക്കേണ്ട
സ്ഥിതിയാണ്. കൂലിപ്പണിക്കാരനായ രാധാകൃഷ്ണൻ പാട്ടത്തിനെടുത്ത സ്ഥലത്ത് 200 വാഴകളുടെ കൃഷി തുടങ്ങിയതു കടം വാങ്ങിയ തുക കൊണ്ടാണ്.
ഇത്തവണത്തെ കൃഷിക്ക് ഇതുവരെ അറുപതിനായിരത്തോളം രൂപ ചെലവായി. അധ്വാനം അതിനു പുറമേയാണ്.
ഓണക്കാലത്തു നല്ല വില ലഭിക്കുകയാണെങ്കിൽ ലാഭം ഉണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. അപ്പോഴാണു വില്ലൻമാരായി കാട്ടാനകളുടെ വരവ് പതിവായത്.
ആശങ്കയോടെ ഓരോ രാത്രിയും രാധാകൃഷ്ണൻ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കാവലിരിക്കുകയാണ്.
മേഖലയിൽ 2 വർഷം മുൻപാണ് ആദ്യമായി ആനകൾ എത്തിയത്. അന്നു രാധാകൃഷ്ണന്റെ ഇരുപതോളം വാഴകൾ നശിപ്പിക്കപ്പെട്ടു.
രണ്ടാഴ്ച മുൻപു തോട്ടത്തിൽ എത്തിയ ആനയെ അലമുറയിട്ടു തുരത്തി. കുറേ നേരം കാത്തു നിന്ന ശേഷം ആന അന്നു മടങ്ങി.
കാര്യമായ നാശങ്ങളും ഉണ്ടാക്കിയില്ല. മച്ചാട് വനമേഖലയിലൂടെ എത്തിയ 3 കാട്ടാനകൾ തോന്നൂർക്കരയ്ക്കു സമീപം തമ്പടിച്ചിട്ടുണ്ടെന്നാണു രാധാകൃഷ്ണൻ പറയുന്നത്. ഓണ പ്രതീക്ഷയായ ചെങ്ങാലിക്കോടൻ കുലകൾ സംരക്ഷിക്കാൻ പകൽ പണി കളഞ്ഞും രാത്രി ഉറക്കമിളച്ചും കാവൽ ഇരിക്കുകയാണു രാധാകൃഷ്ണൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]