ആമ്പല്ലൂർ ദേശീയപാതയിൽ പുരോഗമിക്കുന്ന അടിപ്പാത നിർമാണം പ്രദേശത്ത് ഗുരുതരമായ വെള്ളക്കെട്ടിന് വഴിയൊരുക്കുമെന്ന് നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ മുന്നറിയിപ്പ്. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള മേഖലകളിൽ ആവശ്യമായ ഡ്രെയ്നേജ് സംവിധാനങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ദേശീയപാതയിലെ അടിപ്പാതകൾ കേന്ദ്രീകരിച്ച് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന മഴവെള്ളം നെന്മണിക്കരയുടെ ഉൾപ്രദേശങ്ങളിലേക്കാണ് എത്തുന്നത്. നിലവിൽ ഈ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ അഭാവം ജനവാസ മേഖലകളിൽ വലിയ ഭീഷണിയുയർത്തുന്നു.
പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട മൂന്ന് റോഡുകളിലും വരുംദിവസങ്ങളിൽ വെള്ളക്കെട്ടും ചെളിയും രൂപപ്പെടാൻ സാധ്യതയേറെയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തേക്കാം. പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച്, മഴക്കാലത്തിന് മുൻപായി ദേശീയപാതയ്ക്ക് കുറുകെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ കഴിയുന്ന ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനം ഒരുക്കണമെന്ന് പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ പരാതിയെത്തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെ നിർമ്മാണസ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി. പരിശോധനാ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

