
ഇടമുറിയാതെ ഇടവപ്പാതിയുടെ ഇരമ്പം; തിങ്കൾ രാത്രി 8 മുതൽ ചൊവ്വാ രാവിലെ 8 വരെ തോരാതെ മഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുരുവായൂർ ∙12 മണിക്കൂർ നിർത്താതെ മഴ. ഇടയ്ക്കത് പെരുമഴയായി മാറി. തോടുകൾ നിറഞ്ഞു, കിണറുകൾ താഴ്ന്നു. ചില കിണറുകളിൽ വെള്ളം താഴ്ന്നു. ഗുരുവായൂരിലും പരിസരത്തും തിങ്കൾ രാത്രി 8 മുതൽ ഇന്നലെ രാവിലെ 8 വരെ പെയ്ത തോരാമഴയിൽ നാശനഷ്ടങ്ങളേറെ. ചൊവ്വല്ലൂർ പടിയിൽ ഫ്രോണ്ടിയർ തോട് നന്നാക്കാൻ തോട്ടിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രം വെള്ളത്തിൽ മുങ്ങി.
മഴയ്ക്കു മുൻപ് തോട് നന്നാക്കാനായി നഗരസഭ ഏൽപിച്ച കരാറുകാരന്റെ യന്ത്രമാണ് വെള്ളത്തിലായത്. വറ്റി വരണ്ട തോട് മിനിയാന്ന് രാവിലെ മുതലാണ് നന്നാക്കാൻ തുടങ്ങിയത്. വൈകിട്ട് പണി അവസാനിപ്പിച്ച് യന്ത്രം തോട്ടിൽ തന്നെ നിർത്തി തൊഴിലാളികൾ മടങ്ങി. രാത്രി മഴ പെയ്തതോടെ ഇരുകരകളും കവിയും വിധം വെള്ളം നിറഞ്ഞ് ഒഴുക്കായതോടെ യന്ത്രം കരയ്ക്കു കയറ്റാൻ പറ്റുന്നില്ല.
കോട്ടപ്പടി പള്ളിപ്പടി റോഡിൽ പനയ്ക്കൽ ജയിംസിന്റെ വീട്ടിലെ ആൾമറയുള്ള കിണർ പൂർണമായും ഇടിഞ്ഞു താണു. മോട്ടറും വെള്ളത്തിലായി. ഇന്നലെ രാവിലെയാണ് കിണർ ഇടിഞ്ഞത് വീട്ടുകാർ അറിഞ്ഞത്. ഇതിനു സമീപം ചെറുപറമ്പിൽ ശ്രീരഥ്, താനപറമ്പിൽ അനിൽകുമാർ എന്നിവരുടെ കിണറുകളിൽ ക്രമാതീതമായി വെള്ളം ഉയർന്നു. താനപറമ്പിൽ അച്യുതന്റെ കിണറ്റിൽ വെള്ളം താഴ്ന്നു പോയി. ചൊവ്വല്ലൂർപടി പെരിങ്കരപ്പാടം പുലിക്കോട്ടിൽ മമ്മായിപറമ്പിൽ ചാക്കോയുടെ വീട്ടിലെ കിണർ ഭാഗികമായി ഇടിഞ്ഞു. സമീപത്ത് ഭൂമി വീണ്ടുകീറിയ സ്ഥിതിയിലാണ്. ഇരിങ്ങപ്പുറം എഎൽപി സ്കൂളിലെ കിണറിന്റെ ഒരു വശം ഇടിഞ്ഞു. ഇന്നലെ രാവിലെ മഴ നിന്നു.