
40 ലക്ഷത്തിന്റെ ആനരക്ഷാ ദൗത്യം, എന്നിട്ടും ചരിഞ്ഞത് മൂന്നാനകൾ; അതിരപ്പിള്ളി കൊമ്പന് മാത്രം 16 ലക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാനയുടെ ചികിത്സയ്ക്കും രക്ഷാപ്രവർത്തനത്തിനും മാത്രം വാഴച്ചാൽ വനം ഡിവിഷൻ ചെലവാക്കിയതു 15.96 ലക്ഷം രൂപ. ആദ്യം കണ്ടപ്പോൾ നെറ്റിയിലെ മുറിവിനു കാര്യമായ ആഴമുണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനം ഒരുമാസം വൈകിയതോടെ ഇത് ഒരടി ആഴമുള്ള വ്രണമായി മാറി. ഒരുവട്ടം പിടികൂടി മുറിവിൽ മരുന്നു പുരട്ടി വിട്ടതല്ലാതെ പഴുപ്പ് തടയാനുള്ള ശാസ്ത്രീയ ചികിത്സ പോലും നൽകിയില്ലെന്ന് ആരോപണമുയർന്നിരുന്നു. ഒരുമാസത്തിനു ശേഷം വീണ്ടും കാട്ടിൽ നിന്നു പിടികൂടി കോടനാട്ടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയെങ്കിലും ചരിഞ്ഞു. വാഴച്ചാൽ വനം ഡിവിഷന്റെ ഇക്കോ സിസ്റ്റം മാനേജ്മെന്റ് ഫണ്ടിൽ നിന്നാണു പണം ചെലവഴിച്ചത്.
വയനാട്ടിലെ തണ്ണീർക്കൊമ്പനും ഇടുക്കിയിലെ അരിക്കൊമ്പനും അതിരപ്പിള്ളിയിലെ മുറിവേറ്റ കൊമ്പനുമടക്കം കാടിറങ്ങിയ 6 കാട്ടാനകളെ പിടികൂടാനുള്ള രക്ഷാദൗത്യത്തിനു വനംവകുപ്പിനു ചെലവായതു 40.15 ലക്ഷം രൂപ. അരിക്കൊമ്പൻ ദൗത്യത്തിനു മാത്രം 21.38 ലക്ഷം ചെലവായി. കടുവകളെയും പുലികളെയും പിടികൂടിയ വകയിൽ ചെലവായ 10 ലക്ഷം രൂപയടക്കം സമീപവർഷങ്ങളിലെ വന്യജീവി രക്ഷാദൗത്യങ്ങൾക്ക് ആകെ അരക്കോടി രൂപയോളം ചെലവായി. പിടികൂടിയ 6 ആനകളിൽ മൂന്നെണ്ണം രക്ഷാപ്രവർത്തനത്തിനു പിന്നാലെ ചരിഞ്ഞെങ്കിലും ചികിത്സാ വീഴ്ചയില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്.
മുറിവുകളിലെ അണുബാധ ആന്തരികാവയവങ്ങളെ ബാധിച്ചതാണു തണ്ണീർക്കൊമ്പന്റെ മരണ കാരണമെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും അതിരപ്പിള്ളിയിലും മാനന്തവാടിയിലും കൊമ്പന്മാർ ചരിഞ്ഞതിന്റെ കാരണം വനംവകുപ്പു പരാമർശിക്കുന്നില്ല. വയനാട് ബേഗൂർ റേഞ്ചിലെ തൃശിലേരിയിൽ കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിക്കു വേണ്ടി 5 മാസം മുൻപു നടത്തിയ രക്ഷാദൗത്യവും വിജയിച്ചില്ല. മുത്തങ്ങ ആന ക്യാംപിലെത്തിച്ച ആന രണ്ടാഴ്ചയ്ക്കു ശേഷം ചരിഞ്ഞു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണു വനംവകുപ്പിന്റെ വാദം.
ചെലവേറെയും കടുവ, കാട്ടാന ദൗത്യങ്ങൾക്ക്
ആന, പുലി, കടുവാ രക്ഷാദൗത്യങ്ങൾക്കാണു ചെലവേറെയുമെന്നു വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വയനാട്ടിലെ പേര്യ, മാനന്തവാടി, ബേഗൂർ എന്നിവിടങ്ങളിലായി കടുവാ ദൗത്യങ്ങൾക്കു മാത്രം 8.33 ലക്ഷം രൂപ ചെലവായി. ബേഗൂർ റേഞ്ചിലെ കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ നടത്തിയ ദൗത്യമാണ് ഇതിലേറ്റവും പണച്ചെലവുള്ളത്. 5.61 ലക്ഷം രൂപ ഇതിനു വേണ്ടി ചെലവാക്കി. ആന ദൗത്യങ്ങൾക്കു 3.19 ലക്ഷം രൂപയും ചെലവായി. പുലിയെ കൂടുവച്ചു പിടികൂടാൻ കോഴിക്കോട്, മാനന്തവാടി മേഖലകളിലായി 30,000 രൂപയിലേറെ ചെലവാക്കിയിട്ടുണ്ട്.