
ദിവസത്തിൽ 15 മണിക്കൂറോളം ട്രെയിൻ നിർത്താത്ത ഒരു റെയിൽവേ സ്റ്റേഷന്; ആ ‘ബഹുമതി’ ഒല്ലൂരിന് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒല്ലൂർ∙ ദിവസത്തിൽ 15 മണിക്കൂറോളം ട്രെയിൻ നിർത്താത്ത ഒരു റെയിൽവേ സ്റ്റേഷനുണ്ട്, ഒല്ലൂർ..! കയറാൻ ആളുണ്ടെങ്കിലും ട്രെയിൻ നിർത്താത്തതിനെത്തുടർന്ന് യാത്രക്കാർക്ക് ദുരിതം. എറണാകുളം ഭാഗത്തേക്കാണ് 15 മണിക്കൂർ നേരം ഒല്ലൂരിൽനിന്നു ട്രെയിനിൽ കയറാൻ ആകാത്തത്. ദിവസവും ഉച്ചയ്ക്ക് 2നു ഗുരുവായൂർ – എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ പിന്നെ ഒരു ട്രെയിൻ ഈ പ്ലാറ്റ്ഫോമിൽ നിർത്തുന്നത് പിറ്റേന്ന് പുലർച്ചെ 5.30നാണ്.
ഷൊർണൂരിൽ നിന്നുവരുന്ന എറണാകുളം മെമുവാണിത്. ഇതിനു ശേഷം ഉച്ചവരെ 4 ട്രെയിനുകൾ ഇവിടെ നിർത്തുന്നുണ്ട്. വൈകിട്ട് ജോലി കഴിഞ്ഞ് എത്തുന്നവർക്ക് എറണാകുളം ഭാഗത്തേക്ക് ഒല്ലൂരിൽനിന്നു ട്രെയിനില്ലെന്ന അവസ്ഥയാണ് ഇപ്പോൾ. നിലമ്പൂർ – കോട്ടയം എക്സ്പ്രസ് വൈകിട്ട് 5.45 നു ഒല്ലൂരിൽ കൂടി കടന്നു പോകുന്നുണ്ട്. കോവിഡിനു മുൻപ് ഈ ട്രെയിൻ ഇവിടെ നിർത്തിയിരുന്നു. ഇത് വീണ്ടും ഒല്ലൂരിൽ നിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വന്ദേഭാരത് എക്സ്പ്രസിനു കടന്നുപോകുന്നതിനു വേണ്ടി ഈ ട്രെയിൻ ദിവസവും വൈകിട്ട് 5.50നു പുതുക്കാട് പിടിച്ചിടുന്നുണ്ട്. അത് ഒല്ലൂരിൽ ആക്കണമെന്നാണ് ആവശ്യം. ഇപ്പോൾ എറണാകുളം ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്തതുമൂലം യാത്രക്കാർ മറ്റു വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. വ്യവസായകേന്ദ്രമായ ഒല്ലൂരിൽനിന്നു ഒട്ടേറെ യാത്രക്കാരാണ് എറണാകുളം ഭാഗത്തേക്ക് വൈകിട്ട് പോകാനുള്ളത്. കഴിഞ്ഞ 3 വർഷമായി യാത്രക്കാർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് എങ്കിലും നടപടി ആയിട്ടില്ല.