തിരുവില്വാമല ∙ മധ്യ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്കു നാന്ദി കുറിച്ചു വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ആഘോഷിച്ചു. കന്നിയിലെ മുപ്പെട്ടു വ്യാഴത്തിനു നടന്ന ആഘോഷത്തിന് ആയിരക്കണക്കിന് ഉത്സവപ്രേമികൾ സാക്ഷ്യം വഹിച്ചു.
താമരപ്പൂക്കളാൽ അലംകൃതമായ ശ്രീകോവിലുകൾ, കുലവാഴകളും കുരുത്തോലയും കൊണ്ടു കമനീയമാക്കിയ നടപ്പന്തൽ, പൂമാല ചാർത്തിയ കവാടം, കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലുള്ള മേളത്തോടെ പ്രഭാത ശീവേലി, കുനിശ്ശേരി അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ കാഴ്ച ശീവേലി, വില്വാദ്രിനാഥനെ വണങ്ങാനെത്തിയ ഒട്ടേറെ കൊമ്പൻമാർ, അങ്ങനെ അങ്ങനെ വില്വമല കയറി എത്തിയ ആസ്വാദകർക്കു കണ്ണിനും കാതിനും വിരുന്നായി നിറമാല ചന്തം വിടർന്നു.
ചിറയ്ക്കൽ കാളിദാസനും അക്കിക്കാവ് കാർത്തികേയനും തിടമ്പേന്തിയ പ്രഭാത ശീവേലി പടിഞ്ഞാറേ നടയിൽ തുടങ്ങി. ഉച്ചയ്ക്കു കിഴക്കേ നടയിൽ മേളം അവസാനിച്ച ശേഷം പാറപ്പുറത്ത് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇടുതുടി വാദ്യത്തിന്റെ അകമ്പടിയിൽ പ്രദക്ഷിണം പൂർത്തിയാക്കി പ്രഭാത ശീവേലി സമാപിച്ചു.
വൈകിട്ട് കാഴ്ച ശീവേലിക്കു തിരുവാണിക്കാവ് രാജഗോപാലും ചെത്തല്ലൂർ മുരളീകൃഷ്ണനും രാമ–ലക്ഷ്മണൻമാരുടെ തിടമ്പേറ്റി.
ഉത്സവകാല സമൃദ്ധിക്കായ് പ്രാർഥിച്ചു വില്വാദ്രിനാഥനു മുന്നിൽ നാദാർച്ചനയ്ക്കെത്തിയ വാദ്യകലാകാരൻമാർ വാദ്യ–മേളങ്ങളുടെ താളലയം തീർത്തു. ഉച്ചയ്ക്ക് ഓട്ടൻ തുള്ളൽ, നൃത്തം, വൈകിട്ട് നാഗസ്വരം, വിളക്കു വയ്പ്, സോപാന സംഗീതം, ആർഎൽവി രാമകൃഷ്ണന്റെ നേതൃത്വത്തിൽ മോഹിനിയാട്ടം, ഭജന, രാത്രി തായമ്പക, മദ്ദളകേളി എന്നിവയും നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]