മലക്കപ്പാറ ഗവ. യുപി സ്കൂളിൽ വിജ്ഞാനത്തിന്റെ ലോകത്തേക്ക് അഞ്ചു കുരുന്നുകൾ കൂടി എത്തിച്ചേർന്നു.
സ്വന്തം നിലയ്ക്ക് സ്കൂൾ കണ്ടെത്തി അഡ്മിഷനായി എത്തിയ ഈ കൊച്ചു സംഘത്തിന്റെ നിശ്ചയദാർഢ്യം ഏറെ ശ്രദ്ധേയമായി. എഇഒ പി.ബി.നിഷയുടെ നിർദേശപ്രകാരമാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കിയത്.
മാതാപിതാക്കൾ ജോലി ആവശ്യത്തിനായി വനമേഖലയിൽ പോകുന്നതിനാൽ, കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി അധ്യാപകരും പിടിഎ പ്രസിഡന്റും ചേർന്ന് സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷയിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നു. മാരാംകോട്ട് നിന്ന് താമസം മാറി മലക്കപ്പാറയിൽ എത്തിയ കുടുംബങ്ങളിലെ കുട്ടികളാണ് ഇവർ.
കഴിഞ്ഞ ദിവസം ഏഴ് വയസ്സുകാരിയായ സുധയുടെ നേതൃത്വത്തിൽ നിമില, അജിത്ത്, പവിത്ര, വാവുത്രൻ എന്നീ അഞ്ചു കുട്ടികൾ പഠനമോഹവുമായി സ്കൂളിലെത്തി. ഇതിൽ സുധയും നിമിലയും നേരത്തെ പരിയാരം കോൺവന്റ് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിച്ചവരാണ്.
ഇവർ രണ്ടാം ക്ലാസിലേക്കും മറ്റ് മൂന്നുപേർ ഒന്നാം ക്ലാസിലേക്കുമാണ് പ്രവേശനം നേടിയത്. സ്കൂൾ എവിടെയാണെന്ന് പോലും കൃത്യമായി അറിയാതെയാണ് ഈ കൊച്ചു സംഘം വീട്ടിൽ നിന്ന് ഇറങ്ങിയത്.
വഴിതെറ്റി അലഞ്ഞ കുട്ടികളെ എസ്റ്റേറ്റ് ജീവനക്കാരിയാണ് സ്കൂളിലെത്തിക്കാൻ സഹായിച്ചത്. അരയക്കാപ്പ് ഉന്നതിയിലെ ദിലീപ്–സുനിത, തമ്പി–ചിന്നമ്മ, സതീഷ്–ലക്ഷ്മി എന്നീ ദമ്പതികളുടെ മക്കളാണ് ഈ അഞ്ചംഗ സംഘം.
ഇന്നലെ രാവിലെ നിമിലയുടെ അച്ഛൻ തമ്പി കുട്ടികളെ സ്കൂളിൽ എത്തിച്ചു. രാവിലെ ഒമ്പതിന് ക്ലാസ് തുടങ്ങുന്ന സ്കൂളിൽ എട്ടരയോടെ തന്നെ ഇവർ എത്തിയിരുന്നു.
അധ്യാപകർ നൽകിയ പുത്തൻ ബാഗും പുസ്തകങ്ങളും ഉടുപ്പുമണിഞ്ഞ് മറ്റുകുട്ടികളുമായി വേഗത്തിൽ ഇണങ്ങി ചേരാൻ ഇവർക്ക് സാധിച്ചു. കുട്ടികൾക്ക് സ്കൂളിലെത്താൻ വാഹന സൗകര്യവും അധികൃതർ ഏർപ്പാടാക്കിയിട്ടുണ്ട്.
തോട്ടം തൊഴിലാളികളായ രക്ഷിതാക്കൾക്ക് ജോലിക്കു പോകുന്നതിന് മുൻപ് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാൻ ഈ ക്രമീകരണം വലിയ സഹായമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

