ചാലക്കുടി ∙ ഒടുവിൽ സബ് ട്രഷറി മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 2 കോടി രൂപ ചെലവിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടും വർഷങ്ങളായിട്ടും സബ് ട്രഷറി മന്ദിരം നിർമാണം ആരംഭിക്കാത്തതു സംബന്ധിച്ചു മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു 2025 മേയ് 31നു നിർമാണം ആരംഭിച്ചു.
ഇനി കുറച്ചു മിനുക്കു പണികൾ കൂടി തീർത്താൽ മന്ദിരം തുറന്നു നൽകാനാകും.
സനീഷ്കുമാർ ജോസഫ് എംഎൽഎ നിയമസഭയിൽ പലവട്ടം സബ് ട്രഷറി നിർമാണം ആരംഭിക്കാൻ ആവശ്യപ്പെട്ടു സബ് മിഷൻ ഉന്നയിച്ചിരുന്നു. സബ് ട്രഷറി വർഷങ്ങളായി ചോരുന്നതായും പുതുക്കി പണിയാൻ അടിയന്തര നടപടി വേണമെന്നുമായിരുന്നു എംഎൽഎ അറിയിച്ചത്.
മറുപടി നൽകിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാനത്ത് ഇരുപതോളം സബ് ട്രഷറികൾ പുതുക്കി പണിയുന്നുണ്ടെന്നും ചാലക്കുടിയുടെ കാര്യം പരിശോധിക്കാമെന്നും അറിയിച്ചെങ്കിലും നിർമാണം ആരംഭിക്കുന്നതു സംബന്ധിച്ച് ഉറപ്പൊന്നും നൽകാൻ മന്ത്രി തയാറായില്ല. സബ് ട്രഷറി മന്ദിരം ജീർണാവസ്ഥയിലായിട്ടു പതിറ്റാണ്ടിലേറെയായെങ്കിലും പുനർനിർമാണത്തിനു നടപടിയില്ലാത്തതു പ്രതിഷേധത്തിനു കാരണമായതോടെ മനോരമ ഇതുസംബന്ധിച്ചു വാർത്ത നൽകി.
കഴിഞ്ഞ വർഷം കെട്ടിടം പൊളിച്ചു മാറ്റിയതോടെ നിർമാണം അതിവേഗം മുന്നോട്ടു പോയി.
ധനമന്ത്രി കെ.എൻ.ബാലഗോപാലാണു നിർമാണോദ്ഘാടനം നടത്തിയത്. ഫെബ്രുവരി 15ന് നിർമാണം പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ട്രഷറി വകുപ്പ് അധികൃതർ അറിയിച്ചു.
ഇലക്ട്രിക് വയറിങ് പൂർത്തിയായി. സീലിങ്, ഫ്ലോറിങ് ജോലികൾ അന്തിമഘട്ടത്തിലാണ്.
സെപ്റ്റിക് ടാങ്ക്, ശുചിമുറി എന്നിവ സജ്ജമാക്കലും പൂർത്തിയായി വരുന്നു. അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കി എൻഒസി ലഭിക്കുന്നതിനു കാത്തിരിക്കുകയാണ്.
ഫർണിച്ചർ, ജനൽ, വാതിൽ എന്നിവ സജ്ജമാക്കണം.കെട്ടിടം പൊളിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുകളിലാണു ഒരു വർഷമായി സബ് ട്രഷറി പ്രവർത്തിക്കുന്നത്.
പ്രായമായ പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ഇവിടേക്ക് എത്തിച്ചേരുന്നത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പുത്തൻ കെട്ടിടം തുറക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾ ഒഴിയുമെന്ന ആശ്വാസത്തിലാണ് അവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

