വടക്കുന്നാഥനെ വണങ്ങി തുടക്കം, വടക്കുന്നാഥനെ പ്രാർഥിച്ചു മടക്കം. നടൻ മോഹൻലാലിന്റെ റോയൽ എൻട്രിയോടെ സംസ്ഥാന സ്കൂൾ കലോൽസവത്തിനു ലഭിച്ചതു കിടിലൻ ക്ലൈമാക്സ്.
കാത്തിരുന്ന ആയിരങ്ങൾക്കു നടുവിലേക്കു ഖദർ ജുബ്ബയും കസവുകര മുണ്ടും ധരിച്ചായിരുന്നു വരവ്. സദസ്സ് ആവേശത്താൽ തിളച്ചുതൂവി.
മൈക്കിനു മുന്നിലെത്തിയപ്പോൾ സദസ്സിൽ നിന്ന് ഉച്ചത്തിൽ ‘ലാലേട്ടാ’ വിളികൾ. പുഞ്ചിരിയോടെ ഒരു നിമിഷത്തെ മൗനം.
‘തൃശൂരിലെ’ എന്ന ആദ്യ വാക്കിൽ തന്നെ കാണികളിൽ ആരവം പൊട്ടിവിരിഞ്ഞു. ‘ഈ വേദിയിലെത്താൻ ഇടവരുത്തിയ വടക്കുന്നാഥനെ ഓർത്തുകൊണ്ട്, സ്മരിച്ചുകൊണ്ടു ഞാൻ സംസാരിക്കുന്നു, നമശിവായ’ എന്ന വാചകത്തിലായിരുന്നു തുടക്കം.
മുഖവുരകൾക്കു ശേഷം വലിയ കയ്യടികളിലേക്കു നയിച്ച വാചകം വന്നു: ‘എന്തു വേഷമിട്ടു കൊണ്ടുവരണമെന്നതൊരു ചർച്ചാ വിഷയമായിരുന്നു.
എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടു ഖദർ ധരിച്ചു. കുട്ടികൾക്കു വേണ്ടി കുറച്ചു മീശയും പിരിച്ചു.
എനിക്കേറ്റവും ഇഷ്ടപ്പെട്ട വേഷമാണിത്.’ വസ്ത്രധാരണത്തിൽ നിന്നു കലോത്സവ വേദിയിലേക്കു പ്രസംഗം വഴിതിരിഞ്ഞു.
‘ക്ഷണിച്ചപ്പോൾ തന്നെ എന്തായാലും വരുമെന്നു ഞാൻ പറഞ്ഞിരുന്നു. വന്നില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ.
എല്ലാവിധ ഭാഗ്യവും ഒത്തുവന്നതു കൊണ്ടു വരാനായി. ഈ വേദിയോട് അത്രയും ആദരവുണ്ട്.
മുൻപു യുവജനോൽസവങ്ങൾ മലയാള സിനിമയ്ക്ക് എത്രയോ പ്രതിഭകളെ സമ്മാനിച്ചു. മഞ്ജു വാരിയർ, നവ്യ നായർ ഒക്കെ കലോത്സവ വേദികളുടെ സംഭാവനകളാണ്.
കെ.എസ്. ചിത്രയും ഗായകൻ ജി.
വേണുഗോപാലുമൊക്കെ കലോത്സവ വേദികളിലൂടെ ഉയർന്നുവന്ന താരങ്ങളാണ്.’
ഓരോ താരത്തിന്റെ പേരും വലിയ കയ്യടികൾ സദസ്സിൽ സൃഷ്ടിച്ചു. പ്രസംഗത്തിനിടയിലും ‘ലാലേട്ടാ’ വിളികൾ അനുസ്യൂതം മുഴങ്ങുന്നതിനിടെ കുട്ടികളോടായി സ്നേഹത്തോടെ ചില നിർദേശങ്ങൾ: ‘കലോത്സവങ്ങൾ കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങളാണ്.
പങ്കുവയ്ക്കലിന്റെ രസം കുട്ടികളെ പഠിപ്പിക്കുന്നു. പരാജയങ്ങൾ വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവുണ്ടാക്കുന്നു.
പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്നു. നിങ്ങളിലെ കലാകാരനെയും കലാകാരിയെയും ഈ വേദിയിൽ ഒതുക്കരുത്.
നിങ്ങൾക്കു മുന്നിലെ സാധ്യതകൾ അനന്തമാണ്. നിങ്ങളിലെ കലയെ വളർത്തിയെടുക്കുക.
പരമാവധി അവസരങ്ങൾ ഉപയോഗപ്പെടുത്തുക. കഴിഞ്ഞ 12 വർഷമായി ഓവറോൾ കിരീടം നേടുന്ന ഗുരുകുലം സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കുന്നു.
ഇതൊരു മത്സരമല്ല, ഉത്സവമാണെന്ന് ഓർമിക്കുന്നു.’
പ്രസംഗം അവസാനിപ്പിക്കുമ്പോഴും വടക്കുന്നാഥനെ ഓർക്കാൻ മറന്നില്ല. ‘എല്ലാവർക്കും വടക്കുന്നാഥന്റെ പ്രാർഥനകൾ നേരുന്നു..’ കനത്ത കയ്യടികൾക്കിടെ സമ്മാനസമർപ്പണത്തിനു തുടക്കം.
ഓരോ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ വാങ്ങാൻ വേദിയിലെത്തിയവർ സെൽഫിക്കും ഹസ്തദാനത്തിനുമായി തിക്കിത്തിരക്കിയതോടെ സംഘാടകർ വലഞ്ഞു. വേദിയിൽ കയറിയവരെ അതിവേഗം താഴെയിറക്കാൻ പ്രയാസപ്പെട്ടു.
സ്വർണക്കപ്പ് കണ്ണൂർ ടീമിനു സമ്മാനിച്ചതും മോഹൻലാൽ തന്നെ. അദ്ദേഹം പോയിട്ടും ആവേശം സദസ്സിൽ ബാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

