ക്രിസ്മസിന്റെ പ്രധാന അടയാളമാണ് നക്ഷത്രങ്ങൾ. ബത്ലഹമിൽ ഉണ്ണിയേശുവിനെ സന്ദർശിക്കാനെത്തിയവർക്കു വഴികാട്ടിയായ നക്ഷത്രം പോലെ വീടുകളിൽ പുതുവെളിച്ചമായി ക്രിസ്മസ് കാലത്ത് നക്ഷത്രങ്ങൾ സ്ഥാനം പിടിക്കും.
ഇതോടൊപ്പം മിന്നിയും തിളങ്ങിയും ഡിസംബർ രാത്രികൾക്കു നക്ഷത്രങ്ങൾ വർണക്കാഴ്ചയും സമ്മാനിക്കുന്നു. നക്ഷത്രങ്ങളില്ലാതെ ക്രിസ്മസ് ഇല്ല.
അഞ്ചും ഏഴും അതിലേറെയും വാലുകളുള്ള കടലാസ് നക്ഷത്രങ്ങൾക്കൊപ്പം ഇന്ന് എൽഇഡി, നിയോൺ നക്ഷത്രങ്ങളും ത്രീഡി നക്ഷത്രങ്ങളുമാണ് ക്രിസ്മസ് വിപണിയിൽ താരം. പല വലുപ്പത്തിലും പല രൂപങ്ങളിലും വർണങ്ങളിലും ഇവ ലഭിക്കും.
പുതിയ കാലത്തിനനുസരിച്ച് നക്ഷത്ര വിപണിയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേമന്മാർ കടലാസിൽ തീർത്ത വാൽനക്ഷത്രങ്ങൾ തന്നെയാണ്.
ഇവയുടെ ആരാധകർക്കു കുറവു വന്നിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. ഉള്ളിലെ പ്രകാശം നൽകുന്ന ഭംഗിയിൽ വെള്ള കടലാസ് നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെയും.
ഇതോടൊപ്പം കടലാസിൽ ചെറു പ്ലാസ്റ്റിക് കോട്ടിങ്ങുള്ള നക്ഷത്രങ്ങളും അസ്സൽ പ്ലാസ്റ്റിക് നക്ഷത്രങ്ങളുമുണ്ട്. വാലിനു നീളമുള്ള പേപ്പർ നക്ഷത്രത്തിന്റെ പേര് ‘കളങ്കാവൽ’ എന്നാണത്രെ!.
ഇതോടൊപ്പം കറുപ്പ് ഫ്രെയിമിൽ തീർത്ത എൽഇഡി നക്ഷത്രത്തിന്റെ പേര് ‘കാന്താര’ എന്നും.
നക്ഷത്രങ്ങൾക്കു സിനിമകളുടെ പേരു നൽകാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ലെന്നും ആളുകൾക്കു പരിചിതമായ പേരുകൾ നൽകുകയാണെന്നും വ്യാപാരികൾ പറയുന്നു. സ്ഥിരം കടകൾ കൂടാതെ വഴിയരികിലെ താൽക്കാലിക കടകളിലും നക്ഷത്ര വിൽപന സജീവമാണ്. രാത്രിയിലെ വർണപ്പൊലിമ നോക്കിയാണ് അധികം പേരും നക്ഷത്രങ്ങൾ വാങ്ങുന്നതെന്നു കച്ചവടക്കാർ പറയുന്നു.
എൽഇഡിയും നിയോണും
എൽഇഡി–നിയോൺ നക്ഷത്രങ്ങളുടെ വലിയ ശേഖരമാണ് ഇത്തവണയും വിപണിയിലുള്ളത്.
വർഷങ്ങളോളം ഉപയോഗിക്കാമെന്നതാണു പ്രത്യേകത. പ്ലാസ്റ്റിക് ചട്ടക്കൂടുകളിൽ വരുന്ന എൽഇഡി നക്ഷത്രങ്ങൾ പകൽ പതുങ്ങിയിരിക്കും.
രാത്രിയിലാണ് ഇവർ കരുത്തുകാട്ടുക. വിവിധ വർണങ്ങളിൽ തിളങ്ങി ശ്രദ്ധാകേന്ദ്രമാകും.
വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള എൽഇഡി നക്ഷത്രങ്ങളുണ്ട്. വാൽനക്ഷത്രത്തിനാണു കൂടുതൽ ഡിമാൻഡ്. പല വർണങ്ങളിലുമുള്ള ചട്ടക്കൂടുകളുണ്ടെങ്കിലും വെള്ള നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെയും.
സാധാരണ ബൾബുകളുള്ള നക്ഷത്രങ്ങളിൽ ഒരു ബൾബ് കേടായാൽ നക്ഷത്രമാകെ പണിമുടക്കുന്ന സ്ഥിതിയുണ്ട്.
എന്നാൽ എൽഇഡി നക്ഷത്രങ്ങൾക്ക് ഈ പ്രശ്നമില്ല. തെളിയാത്ത ലൈറ്റുകളെ മൈൻഡ് ചെയ്യാതെ മറ്റു ബൾബുകൾ മിന്നിപ്പായും. എൽഇഡി നക്ഷത്രങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകം ഇവയെല്ലാമാണെന്നു ഹൈറോഡ് എരിഞ്ഞേരി അങ്ങാടിയിലെ കേരള ഫാൻസി സ്റ്റോഴ്സ് ഉടമ ആർ.എച്ച് ജമാൽ പറയുന്നു.
ചെറു ലൈറ്റുകൾ വൃത്താകൃതിയിൽ ഘടിപ്പിച്ച് അതിനുള്ളിൽ നക്ഷത്രം പിടിപ്പിച്ച ‘ക്രിസ്റ്റൽ റിങ്’ സ്റ്റാറുകളും ത്രീഡി ഇഫക്ട് നൽകുന്ന നക്ഷത്രങ്ങളുമുണ്ട്. ഇവയ്ക്കൊപ്പം അരിമണിയുടെ വലുപ്പത്തിൽ വെട്ടിത്തിളങ്ങുന്ന കുഞ്ഞൻ ലൈറ്റുകൾ, പല തരത്തിലുള്ള മാല ബൾബുകൾ, ഏതു രൂപത്തിലേക്കും മാറ്റാൻ കഴിയുന്ന സ്റ്റാർ ലൈറ്റുകൾ, വിവിധ വർണങ്ങളിലുള്ള ലേസർ ലൈറ്റുകൾ എന്നിവയും വിപണിയിൽ സുലഭമാണ്.
ക്രിസ്മസ് ആഘോഷങ്ങൾക്കു തയാറെടുക്കുന്ന തൃശൂരിന് കാരൾ സംഗീതവിരുന്നുമായി മലയാള മനോരമ.
കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളുമായി ചേർന്നു സംഘടിപ്പിക്കുന്ന കാരൾഗാന മത്സരം 21ന് വൈകിട്ടു 4ന് ഹൈലൈറ്റ് മാളിൽ നടക്കും. വിജയികൾക്കു 25,000 രൂപയുടെ സമ്മാനങ്ങളുണ്ട്.
ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും ലഭിക്കും. പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതം ഏഴ് ടീമുകൾക്ക് ലഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 15 ടീമുകൾക്കു പങ്കെടുക്കാം.
18ന് വൈകിട്ട് 5ന് മുൻപ് റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്കും റജിസ്ട്രേഷനും: 89434 32219.
റജിസ്ട്രേഷൻ സൗജന്യം.
നിബന്ധനങ്ങൾ
കോളജുകൾ (ആർട്സ്, പ്രഫഷനൽ) സ്കൂളുകൾ, സംഘടനകൾ, ക്രൈസ്തവ ദേവാലങ്ങളിലെ ഗായക സംഘങ്ങൾ എന്നിങ്ങനെ ആർക്കും പങ്കെടുക്കാം. ക്രിസ്മസുമായി ബന്ധപ്പെട്ട
രണ്ടു ഗാനങ്ങളാണ് അവതരിപ്പിക്കേണ്ടത്. ഒന്ന് മലയാളത്തിലായിരിക്കണം.
സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ ഉൾപ്പെടെ ഒരു ടീമിൽ പരമാവധി 15 പേർ. അവതരണ സമയം: 10 മിനിറ്റ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

