തൃശൂർ ∙ പാലായിലെ വിളക്കുമാടത്തെ തൂങ്കുഴി തറവാട്ടുവീട്ടിൽ ഒരു പാട്ടുകാരൻ ചാക്കോ ഉണ്ടായിരുന്നു. ശർക്കര കൊടുത്താൽ വീണ്ടും വീണ്ടും പാട്ടുപാടുന്ന ഒരു കുഞ്ഞു ചാക്കോ.
ചാക്കോയുടെ ശബ്ദം നല്ലതാണെന്നും നന്നായി പാടുമെന്നും വീട്ടുകാർക്കും നാട്ടുകാർക്കും മനസ്സിലായി. വൈകിട്ട് ചാക്കോ സ്കൂൾ വിട്ടുവന്നാൽ അയൽപക്കത്തുകാർ ചാക്കോയെ വിളിച്ചുകൊണ്ടുപോകുമായിരുന്നത്രേ.
അക്കാലത്ത് റേഡിയോ എല്ലാ വീട്ടിലും ഉണ്ടായിരുന്നില്ല. എങ്കിലും പലപ്പോഴായി കേട്ട
സിനിമാ പ്പാട്ടുകളും പള്ളിയിലെ പാട്ടുകളും ചാക്കോ നന്നായി പാടുമായിരുന്നു.
ചാക്കോയെക്കൊണ്ടു പാട്ടുപാടിക്കാനാണ് അയൽവാസികൾ വിളിച്ചുകൊണ്ടുപോയിരുന്നത്. പാടിയാൽ അവർ ചാക്കോയ്ക്കു സമ്മാനവും കൊടുക്കും – ശർക്കര.
അതു വീണ്ടും തരാമെന്നു സമ്മതിച്ചാൽ ചാക്കോ വീണ്ടും പാട്ടുപാടും. പാട്ടിന്റെ മധുരവും ശർക്കരയുടെ മധുരവും ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ ചാക്കോയാണു പിതാക്കന്മാരുടെ ഇടയിലെ ഗായകനെന്നും ഗായകർക്കിടയിലെ പിതാവെന്നും അറിയപ്പെട്ടിരുന്ന മാർ തൂങ്കുഴി.
സെമിനാരിയിൽ ചേരുന്ന സമയത്തു സെമിനാരിയിലെ വൈസ് റെക്ടർ ആയിരുന്ന ഫാ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയാണു റജിസ്റ്ററിൽ ചാക്കോ എന്നതിനു പകരം ജേക്കബ് എന്ന പേര് എഴുതിച്ചേർത്തത്. അങ്ങനെ മാർ ജേക്കബ് തൂങ്കുഴി ആയി.
ചാക്കോയുടെ അപ്പൻ കുര്യപ്പനും നന്നായി പാടുമായിരുന്നു.
സന്ധ്യയായാൽ സഹോദരങ്ങൾക്കൊപ്പം വിളക്കിനു മുന്നിൽ ഇരുന്നു ചാക്കോ പാടിത്തുടങ്ങും. വണക്കമാസ ആചരണത്തിന്റെ ദിവസങ്ങളിൽ ചൊല്ലുന്ന പ്രത്യേക പ്രാർഥനകൾ പാട്ടുരൂപത്തിലാണു ചൊല്ലേണ്ടത്.
അതു ചൊല്ലി പ്രാർഥിക്കാൻ ചാക്കോയ്ക്കു വലിയ ഇഷ്ടമായിരുന്നു. ചാക്കോ നന്നായി പാടുന്നതിനാൽ എപ്പോഴും ചാക്കോയെക്കൊണ്ടു തന്നെ അപ്പനും അമ്മയും പാടിക്കും. എന്നാൽ ചിലപ്പോൾ സഹോദരങ്ങൾ ആരെങ്കിലും വണക്കമാസത്തിന്റെ പുസ്തകം ചാക്കോ കാണാതെ ഒളിച്ചുവയ്ക്കും.
ചാക്കോ എന്തുചെയ്യും.
അതു കാണാതെ പാടും! അന്നത്തെ കാലത്തു സുറിയാനി ഭാഷയിലായിരുന്നു കുർബാനയിലെ ചില പാട്ടുകൾ.
ആലാഹാ.. എന്നു തുടങ്ങുന്ന പാട്ട് ഒരു തവണ കേട്ടാൽ മതിയാവില്ല വീട്ടുകാർക്ക്.
എന്നാൽ വീണ്ടും പാടണമെങ്കിൽ ശർക്കര വേണമെന്നു ചാക്കോ ഡിമാൻഡ് വയ്ക്കും. അന്നത്തെ പാട്ടുബിസിനസിനെക്കുറിച്ചു പറഞ്ഞാൽ പിതാവ് കുസൃതിയോടെ ചിരിക്കാറുണ്ടെന്നു സഹോദരി സിസ്റ്റർ ബെർട്ടില്ല ഓർക്കുന്നു.
സെമിനാരിയിൽ ചേർന്നശേഷം അവധിക്കു വീട്ടിൽ വന്നപ്പോൾ ജേക്കബിന്റെ കയ്യിൽ ഒരു ബ്യൂഗിൾ ഉണ്ടായിരുന്നു.
പിന്നെ അതു വായിച്ചായി പാട്ടുകൾ. ഹാർമോണിയം വായിക്കാനും അറിയാമായിരുന്നു.
പാട്ടുകുർബാനയ്ക്ക് പുരോഹിതൻ പാടുന്ന ഭാഗം സാധാരണയായി ഗായകസംഘം പാടുകയാണു പതിവ്. എന്നാൽ തൂങ്കുഴി പിതാവ് പാട്ടുകുർബാന ചൊല്ലുമ്പോൾ ഗായക സംഘത്തിന് അറിയാം, പുരോഹിതന്റെ ഭാഗം പിതാവ് തന്നെ പാടുമെന്ന്.
ശ്രുതി തെറ്റില്ല. താളം മുറിയില്ല.
സംഗീതത്തെ ദിവ്യബലിയെന്ന പോലെ ഹൃദയത്തോടു ചേർത്തുവച്ചിരുന്നു പിതാവ്.
ഡ്രൈവിങ് സീറ്റിലെ തൂങ്കുഴി
തൃശൂർ ∙ ഡ്രൈവിങ് ഹരമായിരുന്ന ആർച്ച് ബിഷപ്; ഒപ്പം സാഹസികതയും. അതിരൂപതയുടെ സാരഥ്യം വഹിച്ചിരുന്ന മാർ ജേക്കബ് തൂങ്കുഴിയുടെ വാഹനത്തിന്റെ സാരഥ്യം കയ്യാളിയിരുന്ന ജോഷിക്കു ഓർമയിലുള്ളത് മാർ ജേക്കബ് തൂങ്കുഴിയുമൊത്തുള്ള യാത്രയിലെ സാഹസിക നിമിഷങ്ങൾ.
അൾത്താരയിൽ കാസയും പീലാസയുമേന്തി പ്രാർഥിക്കുന്ന അജപാലകന്റെ കൈകളിൽ കാറിന്റെ സ്റ്റിയറിങ് സുരക്ഷിതമായിരുന്നെന്നു ജോഷി ഓർക്കുന്നു.
യാത്രകളോട് എന്നും പ്രിയമായിരുന്ന മാർ തൂങ്കുഴി ദീർഘയാത്രകളിൽ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. ജോഷിയെ വിശ്രമിക്കാൻ വിടും.
അപകടമൊന്നുമില്ലാതെ സുരക്ഷിതമായി ഡ്രൈവ് ചെയ്തിരുന്നു അദ്ദേഹമെന്നു ജോഷി ഓർമിക്കുന്നു. പിൻസീറ്റിൽ വിശ്രമിക്കുന്ന ജോഷിക്കു മാർ തൂങ്കുഴിയുടെ ഡ്രൈവിങ് ഓർത്ത് ഒട്ടും ടെൻഷൻ അടിക്കേണ്ടിവന്നിട്ടില്ല.
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും യാത്ര പോകുമ്പോൾ കൂടുതൽ സമയവും മാർ തൂങ്കുഴിയായിരുന്നു വാഹനമോടിച്ചിരുന്നത്.
എന്നാൽ രാത്രിയിലെ ഡ്രൈവിങ് ജോഷിയുടെ ഉത്തരവാദിത്വമായിരുന്നു. വർഷങ്ങളോളം യാത്രകൾ നടത്തിയിട്ടും മാർ തൂങ്കുഴി ഒരിക്കൽ പോലും ഒരു ചെറിയ അപകടം പോലും ഉണ്ടാക്കിയിട്ടില്ലെന്നു ജോഷി ഓർക്കുന്നു.
താമരശേരി രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റെടുത്ത കാലം മുതൽ തൃശൂരിൽ ആർച്ച് ബിഷപ് പദവിയിൽനിന്ന് വിരമിക്കുന്നതുവരെ മാർ ജേക്കബ് തൂങ്കുഴിയുടെ ഡ്രൈവറായിരുന്നു ജോഷി. താമരശേരി രൂപത വികാരി ജനറലിന്റെ ഡ്രൈവറായിരുന്ന ജോഷി മാർ ജേക്കബ് തൂങ്കുഴി താമരശേരി രൂപത അധ്യക്ഷനായതോടെ അദ്ദേഹത്തിന്റെ ഡ്രൈവറായി.
അപ്പനും മകനും തമ്മിലുള്ളത്ര ആത്മബന്ധമായിരുന്നു തങ്ങൾ തമ്മിലെന്നു ജോഷി അനുസ്മരിച്ചു.
മാർ തൂങ്കുഴി വാഹനത്തിൽ കയറിയാൽ പ്രാർഥനയ്ക്കാണ് ഏറെ സമയം വിനിയോഗിക്കുക. ക്ഷീണമുണ്ടെങ്കിൽ കാറിൽ തന്നെ ഉറങ്ങുകയാണ് പതിവ്. ജോഷിക്കു ക്ഷീണം തോന്നുന്നുണ്ടോയെന്ന് ഇടയ്ക്കിടെ അന്വേഷിക്കുകയും ജോഷിയെ മാറ്റി ഡ്രൈവിങ് സ്വയം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.പാലയൂർ തീർഥയാത്രയിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാർ ജേക്കബ് തൂങ്കുഴി.
ആർച്ച് ബിഷപ് പദവിയിൽ നിന്നു വിരമിച്ചശേഷവും പ്രായാധിക്യത്തിലും ചുറുചുറുക്കോടെ കിലോമീറ്ററുകൾ താണ്ടി മാർ തൂങ്കുഴി പാലയൂരിലേക്കു ജാഗരണ പദയാത്ര നടത്തി സാഹസികത തന്റെ കൂടപ്പിറപ്പാണെന്നു തെളിയിച്ചു.
കോഴിക്കോട് താമരശേരി പുല്ലൂരാംപാറ പുൽത്തകിടിയിൽ കുടുംബാംഗമായ ജോഷി തൃശൂരിൽ മാർ ജേക്കബ് തൂങ്കുഴിയുമൊത്ത് എത്തിയതോടെ താമസം തൃശൂർ കൊട്ടേക്കാട്ടേക്കു മാറ്റി. ഭാര്യ സിജിക്കും മക്കളായ ലിട്രീസ്, ജോയൽ എന്നിവർക്കുമൊപ്പം ഇടയ്ക്കിടെ മാർ തൂങ്കുഴിയെ സന്ദർശിക്കുമായിരുന്നെന്നും കഴിഞ്ഞ ആഴ്ചയിലും പോയിരുന്നെന്നും ജോഷി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]