സൗമ്യസ്വരൂപൻ സേവനം മൂന്ന് രൂപതകളിൽ
തൃശൂർ ∙ ആരും ഇഷ്ടപ്പെടുന്ന നിഷ്കളങ്കമായ പുഞ്ചിരി ജീവിത മുഖമുദ്രയാക്കിയ, ശാന്തതയുടെയും സൗമ്യതയുടെയും പ്രതീകമായിരുന്നു കാലം ചെയ്ത ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴി. പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തുകയും അത് ഓർമിച്ചു വയ്ക്കുകയും പറയുകയും ചെയ്യുന്ന മനസ്സിനുടമ.
എല്ലാ കാര്യത്തിലും എല്ലായിടത്തും ഓടിയെത്തിയ പിതാവ് ജീവിതത്തിലുടനീളം തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനം, സ്നേഹം, ലാളിത്യം എന്നിവയാൽ അന്വർഥമാക്കി.
ഇടവക ഭരണം പരിചയമില്ലാതിരുന്നിട്ടും ഏറ്റെടുക്കാൻ നിയോഗമുണ്ടായതു 3 രൂപതകളിലെ ലക്ഷക്കണക്കിനു വിശ്വാസികളുടെ ആത്മീയാചാര്യ സ്ഥാനമായിരുന്നു. മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പും താമരശേരി രൂപതയുടെ രണ്ടാം ബിഷപ്പും തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പുമായിരുന്ന അദ്ദേഹം 95–ാം വയസ്സിലാണു വിടവാങ്ങുന്നത്.
ജില്ലയിലെ വിവിധ വേദികളിൽ സൗമ്യ സാന്നിധ്യമായിരുന്ന പിതാവിന്റെ വിയോഗം തൃശൂരിനും വലിയ നഷ്ടമാണ്. ആലുവ സെന്റ് ജോസഫ്സ് സെമിനാരിയിലും റോമിലും വൈദികപഠനം.
1956 ഡിസംബർ 22നു റോമിൽ വൈദികപ്പട്ടം സ്വീകരിച്ചു.
വൈദികനായശേഷം കാനൻ നിയമത്തിലും സിവിൽ നിയമത്തിലും പിഎച്ച്ഡി നേടി. പിന്നീട് തലശ്ശേരി ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറിയായും രൂപതയുടെ ചാൻസലറായും മൈനർ സെമിനാരി റെക്ടറായും കർമവേദിയിലെത്തിയ അദ്ദേഹം ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
മാനന്തവാടിയുടെ പ്രഥമ ഇടയൻ
1973 മേയ് ഒന്നിനാണു മലബാറിൽ മാനന്തവാടി രൂപത സ്ഥാപിതമാകുന്നത്.
രൂപതയുടെ പ്രഥമ ബിഷപ്പായി അഭിഷിക്തനായതു മാർ തൂങ്കുഴിയായിരുന്നു. 42–ാം വയസ്സിൽ മെത്രാനായ മാർ ജേക്കബ് തൂങ്കുഴി ‘ബേബി ബിഷപ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.
22 വർഷക്കാലം അദ്ദേഹം മാനന്തവാടിയുടെ ഇടയനായി. വന്യമൃഗങ്ങളോടും അസുഖങ്ങളോടും മല്ലടിച്ച കുടിയേറ്റ ജനതയുടെ വിശ്വാസ ജീവിതത്തിന് അടിത്തറ പാകിയത് പിതാവിന്റെ അജപാലനമികവും പ്രാർഥനയുമായിരുന്നു.
ലാളിത്യവും പ്രവർത്തനമികവും കൊണ്ട് മാനന്തവാടി രൂപതയെ പടുത്തുയർത്താൻ അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. വയനാടിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകളാണ് ഇക്കാലയളവിൽ അദ്ദേഹം നൽകിയത്. കുടിയേറ്റ ജനതയെ സ്വയം പര്യാപ്തരാക്കുന്നതിനു വിവിധ കർമപദ്ധതികൾ അദ്ദേഹം നടപ്പാക്കി.
ഓരോ ഇടവകയുടെയും ആത്മീയവളർച്ചയിൽ സന്യാസ സമൂഹം വലിയ പങ്കു വഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയാണ് 1977ൽ ക്രിസ്തുദാസി സന്യാസ സഭയ്ക്ക് അദ്ദേഹം തുടക്കംകുറിക്കുന്നത്. നിലവിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വ്യത്യസ്ത മിഷൻ പ്രവർത്തനങ്ങൾ ക്രിസ്തുദാസി സന്യാസ സഭ നടത്തിവരുന്നു.
താമരശേരിയും തൃശൂർ അതിരൂപതയും
മാനന്തവാടി രൂപതയിലെ സ്തുത്യർഹമായ അജപാലന ശുശ്രൂഷയ്ക്കുശേഷം 1995ൽ താമരശേരി രൂപതാധ്യക്ഷനായി അദ്ദേഹം നിയമിതനായി.
1996 ഡിസംബർ 18ന് തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയോഗിക്കപ്പെട്ടു. അങ്ങനെ മാർ ജോസഫ് കുണ്ടുകുളം വിരമിച്ചതിനെത്തുടർന്ന് 1997 ഫെബ്രുവരി 15ന് മാർ തൂങ്കുഴി, അതിരൂപതയുടെ മൂന്നാം മെത്രാപ്പൊലീത്തയായി ഭരണത്തിലെത്തി. വൈദിക പരിശീലനത്തെ കാലോചിതമായി പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ മുളയത്തു സ്ഥാപിച്ച മേരിമാത മേജർ സെമിനാരി മാർ തൂങ്കുഴിയുടെ നേതൃപാടവത്തിന്റെ വലിയ ഉദാഹരണമാണ്.
പിതാവ് തുടക്കമിട്ടതാണ് അതിരൂപതയുടെ പാലയൂർ തീർഥാടനവും.
ഇന്ത്യയിലെ മെത്രാന്മാരുടെ പൊതുവേദിയായ സിബിസിഐയുടെ വൈസ് പ്രസിഡന്റായിരുന്നു 6 വർഷം മാർ തൂങ്കുഴി (2000–06). അതിരൂപതാ ചരിത്രത്തിലെ സംഭവബഹുലമായ ഒരു ദശകത്തിന് ഊടും പാടും നൽകിയ മാർ തൂങ്കുഴി 2007 ജനുവരി 22നു ചുമതലയിൽനിന്ന് വിരമിച്ചു.
പിൻഗാമിയായി മാർ ആൻഡ്രൂസ് താഴത്തിനെ നിയോഗിക്കുകയും ചെയ്തു. 2023 മേയ് ഒന്നിനാണ് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ 50–ാം വാർഷികം ആഘോഷിച്ചത്.
എന്നും മൈനർ സെമിനാരിയിൽ
തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ചപ്പോൾ സ്വന്തം നാടായ മലബാറിലേക്കു മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു മാർ തൂങ്കുഴിക്ക്.
പക്ഷേ തൃശൂരുകാരുടെ സ്നേഹത്തിനു വഴങ്ങി ഇവിടെ താമസമാക്കി. ഒരു നിബന്ധന മാത്രം അദ്ദേഹം വച്ചു – കാച്ചേരി മൈനർ സെമിനാരിയിൽ താമസിക്കും. തന്നെ കാണാൻ വരുന്നവർക്ക് ഇരിക്കാൻ ഒരു പാർലർ.
തനിച്ചിരിക്കാൻ ചാപ്പൽ. ഈ രണ്ടു നിർബന്ധങ്ങളേ മാർ തൂങ്കുഴിക്ക് ഉണ്ടായിരുന്നുള്ളൂ.
സാധാരണ ബിഷപ്പുമാരിൽനിന്ന് വ്യത്യസ്തമായി സെമിനാരിയിലെ വിദ്യാർഥികൾക്കൊപ്പം താമസം. അനുഭവം പഠിപ്പിച്ചത് അവർക്കു പറഞ്ഞുകൊടുക്കാമല്ലോ? അത് ഇവിടെ എത്തിച്ചേർന്ന വൈദിക വിദ്യാർഥികളുടെയും ഭാഗ്യമായി.
വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും കാച്ചേരിയിലെ മൈനർ സെമിനാരിയിലെത്തുന്ന സന്ദർശകരെ അദ്ദേഹം വിലക്കിയിരുന്നില്ല. തൃശൂർ വിടാൻ ഇഷ്ടപ്പെടാത്ത തൂങ്കുഴി പിതാവിനു ഞായറാഴ്ച വിശ്വാസികൾ അവസാനമായി സ്നേഹത്തിന്റെയും പ്രാർഥനയുടെയും പനിനീർപ്പൂക്കൾ അർപ്പിച്ചു വിടചൊല്ലും.
ശിഷ്യന്റെ ഇടയ്ക്ക വാദനത്തിൽ അലിഞ്ഞ് തൂങ്കുഴിയിലെ ഗായകൻ
എറവ് ∙ സംഗീതവും സംഗീത ഉപകരണങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന മാർ ജേക്കബ് തൂങ്കുഴി, താൻ തിരുപ്പട്ടം നൽകിയ കപ്പൽ പള്ളി വികാരി ഫാ.റോയ് ജോസഫ് വടക്കൻ ഇടയ്ക്ക പഠിച്ചതറിഞ്ഞ് വിളിപ്പിച്ചു. 2024 ഫെബ്രുവരി 20ന് കാച്ചേരിയിലെ സെന്റ് മേരീസ് മൈനർ സെമിനാരിയിലെ അദ്ദേഹത്തിന്റെ ഓഫിസിൽ ഫാ.റോയ് എത്തി.
ഇടയ്ക്കയിൽ ഗാനം ആലപിക്കാമോയെന്നു മാർ തൂങ്കുഴി ചോദിച്ചു. ‘‘പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ ’’ എന്ന് തുടങ്ങുന്ന പ്രശസ്തമായ ഗാനം പാടിയപ്പോൾ മാർ തൂങ്കുഴി ആസ്വദിച്ചു കേട്ടു.
എന്നിട്ട് ശിഷ്യനോട് പറഞ്ഞു ‘‘വെരി ഗുഡ്, നമ്മൾ ഭാരതീയരാണ്. ഇതാണ് യഥാർഥത്തിലുള്ള കത്തോലിക്കാ സഭ.
എല്ലാ നന്മകളെയും സ്വീകരിക്കാൻ പഠിക്കണം. എല്ലാ നന്മകളും വരുന്നതു ദൈവത്തിൽ നിന്നാണ്, വെരി ഗുഡ് വടക്കാ. കത്തോലിക്ക എന്ന വാക്കിന്റെ അർഥം യൂണിവേഴ്സൽ എന്നാണ്.
ലോകമെമ്പാടും നിറഞ്ഞുനിൽക്കുന്ന സനാതനമായ നന്മയാണ് ദൈവം’’. തൂങ്കുഴിപ്പിതാവിന്റെ ഈ വാക്കുകൾ ഫാ.റോയ് ജോസഫ് വടക്കൻ ഓർമിച്ചു. 2003 ഡിസംബർ 28ന് ഏനാമാവ് കർമലമാത പള്ളിയിലാണ് മാർ തൂങ്കുഴി ഫാ.റോയ് ജോസഫ് വടക്കന് തിരുപ്പട്ടം നൽകിയത്.
അന്നൊരു ക്രിസ്മസ് രാവിൽ കപ്പൽ പള്ളിയിൽ
ക്രിസ്മസ് രാത്രിയിലെ കുർബാനയ്ക്കും തിരുപ്പിറവി ശുശ്രൂഷയ്ക്കും അവസാനമായി മാർ തൂങ്കുഴി മുഖ്യകാർമികത്വം വഹിച്ചത് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ.
2023 ലായിരുന്നു അത്. ക്ഷീണം വകവയ്ക്കാതെയാണ് അദ്ദേഹം എത്തിയത്.
ഫാ.റോയ് ജോസഫ് വടക്കനും സഹവികാരി ഫാ.ഡെബിൻ ഒലക്കേങ്കിലും സഹകാർമികരായി. മാർ തൂങ്കുഴി തിരുപ്പട്ടം നൽകിയ ഫാ.റോയ് ജോസഫ് വടക്കൻ വികാരിയായ ഈ പള്ളിയിൽ ക്രിസ്മസ് തിരുക്കർമങ്ങൾക്ക് വരുമെന്ന് 2 ദിവസം മുൻപാണ് അറിയിച്ചത്.
ആഘോഷം കേക്ക് മുറിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. അൾത്താര ബാലന്മാർ, മാർ തൂങ്കുഴിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച എറവ് സെന്റ് വിൻസൻഷ്യൻ കോൺവന്റിലെ കന്യാസ്ത്രീകൾ എന്നിവരോടൊപ്പം ഫോട്ടോയുമെടുത്താണ് അദ്ദേഹം മടങ്ങിയത്.
സംഘാടനത്തിളക്കം
തൃശൂർ ∙ മുളയം മേരിമാതാ മേജർ സെമിനാരിയിൽ 2004ൽ നടന്ന സിബിസിഐയുടെ ചരിത്രസംഗമത്തിന്റെ സംഘാടകനായി ശ്രദ്ധനേടിയ വ്യക്തിത്വമാണ് മാർ ജേക്കബ് തൂങ്കുഴി.
ആശങ്കകളും അനിശ്ചിതാവസ്ഥയും നിലനിന്ന അന്തരീക്ഷത്തിലാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ വേദിയായ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) സമ്പൂർണ സമ്മേളനം (ജനറൽ അസംബ്ലി) 21 വർഷം മുൻപു തൃശൂരിൽ നടന്നത്. മികച്ച സംഘാടത്തിനു പിന്നാലെ സിബിസിഐയുടെ ഒന്നാം വൈസ് പ്രസിഡന്റായി അന്ന് ആർച്ച് ബിഷപ്പായിരുന്ന മാർ ജേക്കബ് തൂങ്കുഴിയെ തിരഞ്ഞെടുത്തു.
22ന് അവധി
തൃശൂർ ∙ കാലം ചെയ്ത മാർ ജേക്കബ് തൂങ്കുഴിയോടുള്ള ആദരസൂചകമായി തൃശൂർ അതിരൂപതയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് അവധി നൽകി.
പൊതുദർശനത്തിൽ പുഷ്പചക്രങ്ങൾക്കു പകരം സാരിയോ തുണിത്തരങ്ങളോ സമർപ്പിക്കാൻ അഭ്യർഥിക്കുന്നതായും അതിരൂപത അറിയിച്ചു. ഇവ പിന്നീട് ആവശ്യക്കാർക്ക് സമ്മാനിക്കും.
തൂങ്കുഴി പിതാവ് ഇനിയും കാണും
തൃശൂർ ∙ ആതുരശുശ്രൂഷയെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മാർ ജേക്കബ് തൂങ്കുഴി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്താണ് വിട
വാങ്ങുന്നത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരോട് അത്രമേൽ സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.
84–ാം വയസ്സിലാണ് അദ്ദേഹത്തിന്റെ കണ്ണിനു തിമിര ശസ്ത്രക്രിയ നടത്തുന്നത്. ജൂബിലി മിഷനിൽ പോയി പരിശോധിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താമെന്ന് സുഹൃത്തു കൂടിയായ ഡോക്ടർ പറഞ്ഞു.
പക്ഷേ പിതാവ് സമ്മതിച്ചില്ല.
അവിടെ ചെന്നാൽ അവർ എന്നോടു വലിയ പരിഗണന കാണിക്കും. അതു വേണ്ട
– പിതാവ് വ്യക്തമാക്കി. തൃശൂരിൽതന്നെ ചെയ്തുകൂടേയെന്നു സെക്രട്ടറി സിസ്റ്ററോടു ചോദിച്ചു. ഒടുവിൽ തൃശൂരിലെ പ്രശസ്ത കണ്ണാശുപത്രിയിൽ ചെന്നു, ശസ്ത്രക്രിയയ്ക്കു ഡേറ്റു നൽകി.
പിറ്റേ ദിവസം തൂങ്കുഴി പിതാവ് ചോദിച്ചു: എത്രയാ ശസ്ത്രക്രിയയുടെ ഫീസ്. 27,000 രൂപ.
സെക്രട്ടറി സിസ്റ്റർ പറഞ്ഞു. പിതാവിനു വിഷമമായി. അത്രയും തുകയാകുമോ? സാധാരണക്കാർക്കുള്ള ശസ്ത്രക്രിയ ഇല്ലേ എന്നായി അദ്ദേഹം.
അതുമതിയെന്നും വാശിപിടിച്ചു.
ഈ പ്രായത്തിൽ ശസ്ത്രക്രിയയുടെ റിസ്ക് അല്ല പിതാവിനെ നൊമ്പരപ്പെടുത്തിയത്. സാധാരണക്കാർ തിമിര ശസ്ത്രക്രിയ നടത്തണമെങ്കിൽ ഇത്രയും പണം വേണമല്ലോ എന്ന ആശങ്കയാണ്.
ശസ്ത്രക്രിയയുടെ ദിവസമെത്തിയപ്പോൾ സമ്മാനങ്ങളുമായാണ് പിതാവ് പോയത്. ശസ്ത്രക്രിയാ മുറിയിലെ നഴ്സുമാർക്ക് 12 ജപമാലകൾ.
പിആർഒയ്ക്ക് വിലകൂടിയ പേന. ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഇടയൻ എന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നത് തൂങ്കുഴി പിതാവിന്റെ കാര്യത്തിൽ ശരിയായിരുന്നു.
കണ്ടുമുട്ടുന്നവരുടെ പേര് പഠിച്ചുവയ്ക്കുകയും പേരു ചേർത്തു വിളിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം.
ളോഹയിലെ ചോര
വയനാട്ടിൽ സേവനം ചെയ്യുന്ന കാലം. മേപ്പാടി സിഎസ്ഐ പള്ളിയിൽ വികാരി ആയിരുന്ന ഫാ.തോമസ് കോര, മാർ തൂങ്കുഴിയെ പള്ളിയിലെ ഒരു ചടങ്ങിനു വിളിച്ചു.
ഉച്ചയ്ക്ക് ആരംഭിക്കേണ്ട പരിപാടിക്ക് വൈകിട്ടു മൂന്നായിട്ടും പിതാവ് എത്തിയില്ല.
അധികം വൈകാതെ കാർ വന്നു നിന്നു. തൂവെള്ള ളോഹയിൽ നിറയെ രക്തപ്പാടുകളുമായി തൂങ്കുഴി പിതാവ് ഇറങ്ങിവന്നു.
പിതാവ് വരും വഴി റോഡിൽ അപകടത്തിൽപെട്ടു രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ കണ്ടു. ഉടൻ ഇറങ്ങി അവരെ താങ്ങിയെടുത്ത് കാറിൽ കയറ്റി കൽപറ്റയിലെ ഫാത്തിമനാഥാ ആശുപത്രിയിൽ കൊണ്ടുപോയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ വരവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]