തൃശൂർ ∙ പുത്തൂർ മൃഗശാലയിൽ തെരുവുനായ ആക്രമണത്തിൽ 10 പുള്ളിമാനുകൾ ചത്ത സംഭവത്തിലെ സുരക്ഷാ വീഴ്ചയിൽ നടപടിയില്ലെങ്കിലും മാനുകളുടെ ദൃശ്യം മാധ്യമങ്ങൾക്കു നൽകിയെന്നാരോപിച്ചു ഡപ്യൂട്ടി റേഞ്ച് ഓഫിസറെ വനംവകുപ്പ് സസ്പെൻഡ് ചെയ്തു. മാന്ദാമംഗലം സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.കെ.
മുഹമ്മദ് ഷമീമിനെതിരെയാണു സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.ആടലരശന്റെ അച്ചടക്ക നടപടി. പുള്ളിമാനുകൾക്കു മുൻപു പാർക്കിലെത്തിച്ച പുലിക്കുട്ടി അടക്കം ഇരുപതോളം പക്ഷിമൃഗാദികൾക്കു കൂടി നേരത്തെ ജീവൻ നഷ്ടമായിട്ടുണ്ടെങ്കിലും ഒരാൾക്കെതിരെ പോലും അച്ചടക്ക നടപടി ഉണ്ടായിട്ടില്ല.
മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ദൃശ്യങ്ങൾ പുറത്തുവന്നതെങ്ങനെയെന്ന അന്വേഷണവും തുടർനടപടികളുമാണു ശരവേഗത്തിൽ നടന്നത്.
ഇക്കാര്യത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിൽ ഡപ്യൂട്ടി റേഞ്ച് ഓഫിസറിൽ നിന്നാണു ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തിയതെന്ന് ആരോപിക്കുന്നു. ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ ഫോണിൽ നിന്നു സംശയകരമായ കോളുകൾ ഉണ്ടായതായി കാണുന്നുവെന്നും പാർക്കിന് അവമതിപ്പ് ഉണ്ടാക്കുന്ന നടപടിയാണിതെന്നും റിപ്പോർട്ടിലുണ്ട്.
ഡിഎഫ്ഒ, പാർക്ക് ഡയറക്ടർ, ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എന്നിവരുടെ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയാണു സസ്പെൻഷന് ഉത്തരവായത്.പാർക്കിനുള്ളിൽ തെരുവുനായ്ക്കൾ കയറിയതിലോ മാനുകൾ പാർക്കുന്ന ഭാഗത്ത് എത്തിപ്പെട്ടതിലോ സുരക്ഷാ വീഴ്ച കണ്ടെത്തി ഇതുവരെ നടപടിയെടുത്തിട്ടില്ല. മന്ത്രി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷമേ നടപടിയുണ്ടാകൂ എന്നാണു സൂചന.
പാലക്കാട്ടെ റബർതോട്ടത്തിൽ നിന്നു പിടിച്ച പുലിക്കുട്ടിയും തൃശൂർ മൃഗശാലയിൽ നിന്നെത്തിച്ച പക്ഷിമൃഗാദികളുമടക്കം ഇരുപതോളം ജീവികൾ മുൻപും പാർക്കിൽ ചത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ലെന്നു പാർക്ക് അധികൃതർ വിവരാവകാശ രേഖയിൽ സമ്മതിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

