മുണ്ടൂർ∙ തൃശൂർ– കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള ഭാഗത്തെ റോഡിലെ കുപ്പിക്കഴുത്ത് പ്രശ്നം പരിഹരിക്കാൻ സ്ഥലമേറ്റെടുത്ത് കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. മുണ്ടൂർ–പുറ്റേക്കര ഭാഗത്തെ റോഡ് നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുത്ത സ്ഥലത്തിലെ പഴയ കെട്ടിടങ്ങളാണ് ഇന്നലെ ഉച്ചയോടെ പൊളിച്ചു നീക്കി തുടങ്ങിയത്.
സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ യുടെയും മരാമത്ത് വകുപ്പ് അധികൃതരുടെയും നേതൃത്വത്തിലാണ് പൊളിച്ചുനീക്കൽ ആരംഭിച്ചത്.
മുണ്ടൂർ മുതൽ പുറ്റേക്കരവരെയുള്ള 1.8 കിലോമീറ്റർ ദൂരമാണ് റോഡ് വികസിപ്പിക്കുന്നത്. ഇവിടെ ഭൂമി ഏറ്റെടുക്കുന്നതിനായി 25.57 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഭൂമിയുടെ മുഴുവൻ രേഖകളും ഹാജരാക്കി ആദ്യഘട്ട
അവാർഡ് അനുവദിച്ച ഗുണഭോക്താക്കളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തത്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എൽഎ തഹസിൽദാർ ടി.ജി. ബിന്ദുവിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ശേഷം ഭൂമി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കൈമാറുകയായിരുന്നു.
മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ.കെ.നവീൻ, അസിസ്റ്റന്റ് എൻജിനീയർ യു.ആർ.രജിത എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റെടുത്ത സ്ഥലങ്ങളിലെ മുണ്ടൂർ ഭാഗത്തെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കൽ ആരംഭിച്ചത്.
ശേഷിക്കുന്ന ഗുണഭോക്താക്കളിൽ നിന്ന് പൂർണമായും രേഖകൾ ശേഖരിച്ച് നടപടി വേഗത്തിൽ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. അഞ്ഞൂർ വില്ലേജിൽ 267 കൈവശങ്ങളിലായുളള 177 സെന്റ് ഭൂമിയാണ് കുപ്പിക്കഴുത്ത് പ്രശ്നം പരിഹരിക്കുന്നതിനായി ഏറ്റെടുക്കുന്നത്.
ഇവിടെ ഒരു സെന്റിന് 11 ലക്ഷത്തോളം രൂപ ആകെ നഷ്ടപരിഹാര തുകയായി നൽകും. ഭൂമി വിട്ടു നൽകുന്നവരിൽ നിന്ന് ഭൂമിയുടെ രേഖകൾ കൈപ്പറ്റുന്നതിനായി അവാർഡ് എൻക്വയറി പൂർത്തിയാക്കി.
ഭൂമിയുടെ മുഴുവൻ രേഖകളും സമർപ്പിച്ചവർക്ക് രണ്ടാംഘട്ട അവാർഡ് അംഗീകരിച്ച് തുക കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതായും അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

