തൃശൂർ ∙ നാലായിരത്തിലേറെപ്പേരിൽ നിന്ന് 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ (64), ഭാര്യ വാസന്തി (61) എന്നിവരാണു പിടിയിലായത്.
ചെന്നൈയിൽ റജിസ്റ്റർ ചെയ്തു തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ച എന്ന സ്ഥാപനം അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണു കേസ്. ഒളിവിലായിരുന്ന പ്രതികൾ രഹസ്യമായി കൂർക്കഞ്ചേരിയിലെ വീട്ടിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണു പിടിക്കപ്പെട്ടത്.
മെൽക്കർ ഫിനാൻസിനു പുറമെ മെൽക്കർ നിധി, മെൽക്കർ സൊസൈറ്റി, മെൽക്കർ ടിടിഐ ബയോഫ്യൂവൽ എന്നീ പേരുകളിൽ പ്രവർത്തിച്ചാണു കമ്പനി നിക്ഷേപകരെ ആകർഷിച്ചിരുന്നത്.
സ്ഥിര നിക്ഷേപത്തിനു പുറമെ ഡിബഞ്ചർ, സബോർഡിനേറ്റ് ഡെറ്റ് തുടങ്ങി പലവിധത്തിൽ നിക്ഷേപകരിൽ നിന്നു പണം കൈപ്പറ്റി. വയോധികരെയും സ്ത്രീകളെയുമാണു കൂടുതലും ഉന്നമിട്ടത്. 2024 മാർച്ച് വരെ പലിശയും നിക്ഷേപവും നൽകിയിരുന്നെങ്കിലും പിന്നീടു മുടങ്ങി.
നിക്ഷേപകരായ വയോധികരിൽ ചിലർ മനോവിഷമം താങ്ങാനാകാതെ മരിച്ച സംഭവങ്ങൾ പോലുമുണ്ടായി. മക്കളുടെ വിവാഹം, വിദേശ പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി കൂട്ടിവച്ച തുകയാണു പലരും മെൽക്കറിൽ നിക്ഷേപിച്ചത്.
ചെന്നൈയിലാണു കമ്പനി റജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും തൃശൂരിലാണു കോർപ്പറേറ്റ് ഓഫിസ്.
35 ശാഖകൾ പല ജില്ലകളിലായി തുറന്നിരുന്നു. പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലും ഗോവയിലുമൊക്കെ മെൽക്കറിന്റെ വിവിധ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു.
നിക്ഷേപമായി സ്വീകരിച്ച തുക പല കമ്പനികളിലേക്കു വകമാറ്റിയെന്നും ആക്ഷേപമുണ്ട്.
നിക്ഷേപകർക്കു നൽകിയ സർട്ടിഫിക്കറ്റ് പോലും വ്യാജമായി ഉണ്ടാക്കിയതാണെന്നു പൊലീസിനു ലഭിച്ച പരാതികളിൽ പറയുന്നു. ഈസ്റ്റിൽ മാത്രം 5 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
പൊലീസ് തിരയുന്നതറിഞ്ഞു മുങ്ങിയ പ്രതികൾ ഗോവ, മംഗലാപുരം ഭാഗത്തായി പലയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ അറസ്റ്റിലായ വിവരമറിഞ്ഞ് അൻപതിലേറെ നിക്ഷേപകർ ഇന്നു പല സ്റ്റേഷനുകളിലായി പരാതികൾ നൽകി.
കോർപറേറ്റ് ഓഫിസിലടക്കം പൊലീസ് റെയ്ഡുകൾ നടത്തി.
എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്എച്ച്ഒ എം.ജെ.
ജിജോ, എസ്ഐമാരായ ബിബിൻ ബി. നായർ, അനുശ്രുതി, ഹരീന്ദ്രൻ, ബാലസുബ്രഹ്മണ്യൻ, ജിജേഷ്, എഎസ്ഐ യശ്വി, സീനിയർ സിപിഒമാരായ ഗിരീഷ്, സുശാന്ത്, അരവിന്ദ്, സിപിഒ ഹരീഷ്, സൂരജ്, അജ്മൽ, ദീപക് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]