തൃശൂർ ∙ തെരുവുവിളക്കുകൾ കത്തിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ മരാമത്ത് സ്ഥിരസമിതി അധ്യക്ഷയും ഭരണകക്ഷി കൗൺസിലറുമായ കരോളിൻ ജെറിഷ് പെരിഞ്ചേരി കുത്തിയിരിപ്പ് സമരം നടത്തി. ഒല്ലൂർ സോണലിൽ 2 മാസമായി തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് ആരോപിച്ച് ഒല്ലൂർ കൗൺസിലർ സനോജ് കെ.പോൾ ആണ് ആദ്യം വിഷയം അവതരിപ്പിച്ച് നടുത്തളത്തിലേക്ക് ഇറങ്ങിയത്.
ഭരണകക്ഷിയിലെ സി.പി.പോളിയും നടുത്തളത്തിലേക്ക് ഇറങ്ങി.
തുടർന്നാണ് വിഷയത്തിൽ മറുപടി പറയേണ്ട മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായ കരോളിൻ ജെറിഷ് വിഷയത്തിൽ തനിക്കുള്ള പ്രതിഷേധം അറിയിച്ചത്.
വിഷയം ഗുരുതരമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ നിജസ്ഥിതി എന്താണെന്ന് കൗൺസിലിനെ അറിയിക്കാനും മേയർ എം.കെ.വർഗീസ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തെരുവുവിളക്കു പരിപാലനത്തിന് പുതിയ ടെൻഡർ ക്ഷണിച്ച വിവരം അജൻഡയായി കൗൺസിൽ പരിഗണനയ്ക്കു വയ്ക്കുകയോ അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്ന് സെക്രട്ടറി വി.പി.ഷിബു മറുപടി നൽകി.
വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും സെക്രട്ടറി സമ്മതിച്ചു.
മുൻ കരാറുകാരന് 2023വരെ കരാർ നീട്ടി നൽകിയിരുന്നു. പുതിയ ടെൻഡർ വിളിക്കും വരെ അതേനിരക്കിൽ കരാർ തുടരുകയായിരുന്നു.
2024ൽ മറ്റൊരാൾക്ക് ടെൻഡർ നൽകിയെങ്കിലും കരാറിൽ ഏർപ്പെടാത്തതിനാൽ പഴയ കരാറുകാരൻ തുടരുകയായിരുന്നു. ഇക്കാര്യത്തിൽ മറ്റൊരു തിരുത്തു വരാത്തതിനാൽ അജൻഡ വച്ചില്ലെന്നും സെക്രട്ടറി പറഞ്ഞു.
വിളക്കുകൾ കത്താതെ 40 ദിവസം പിന്നിടുന്നതു വരെ ഫയൽ പിടിച്ചുവച്ചതും കരാറുകാരന് പണം അനുവദിക്കാതിരുന്നതും എന്തിനാണെന്ന് സെക്രട്ടറി വ്യക്തമാക്കണമെന്ന് കെ.രാമനാഥൻ ആവശ്യപ്പെട്ടു.
ഒല്ലൂർ, കൂർക്കഞ്ചേരി, അയ്യന്തോൾ മേഖലകളിലെ ടെൻഡർ പൂർത്തിയായെന്നും ഇത് കൗൺസിൽ അംഗീകരിച്ചതാണെന്നും ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് സെക്രട്ടറിക്ക് ഫയൽ ലഭിച്ചില്ലെന്നാണ് തോന്നുന്നതെന്നും വർഗീസ് കണ്ടംകുളത്തി പറഞ്ഞു.
കാലയളവ് അവസാനിക്കാനിരിക്കെ ഭരണസമിതിയെ മോശമായി ചിത്രീകരിക്കാനാണോ ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് സംശയം പ്രകടിപ്പിച്ച മേയർ, ഉദ്യോഗസ്ഥ അനാസ്ഥ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും സെക്രട്ടറിക്കു നിർദേശം നൽകി. തുടർന്ന് അംഗങ്ങൾ പ്രതിഷേധം അവസാനിപ്പിച്ച് ഇരിപ്പിടങ്ങളിലേക്കു മടങ്ങി.
ഇവിടെയൊന്നും നടക്കുന്നില്ല മേയറേ എന്നാണ് പ്രതിഷേധിക്കാൻ നടുത്തളത്തിൽ ഇറങ്ങേണ്ടി വന്ന ഒരു സ്ഥിരം സമിതി അധ്യക്ഷ തന്നെ പറയുന്നതെന്നും ഇനി ഇതുപറയാൻ മേയർ മാത്രമേ ബാക്കിയുള്ളൂവെന്നും യാത്രയയപ്പു ചടങ്ങിൽ മേയർക്കു തന്നെ ഇക്കാര്യം സമ്മതിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ആരോപിച്ചു.
തെരുവു വിളക്കുകൾ കത്തുന്നില്ലെന്ന കാര്യം പലതവണ മേയറെയും സെക്രട്ടറിയെയും നേരിൽ കണ്ട് ബോധിപ്പിച്ചതാണെന്നും മേയർക്ക് ചെയ്യാൻ കഴിയാത്തത് മറ്റാർക്കാണ് ചെയ്യാൻ കഴിയുകയെന്നും പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽ രാജ് ചോദിച്ചു.
വിവാദസദ്യ
വിവാദ വിഷയവും കേസുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും ഉൾപ്പെട്ട പ്രതിപക്ഷം കോടതിയെ സമീപിക്കുകയും ചെയ്ത ബിനി ടൂറിസ്റ്റ് ഹോമിൽ ഓണസദ്യ നടത്തിയ ഭരണസമിതി സദ്യയിൽ പോലും വിഭാഗീയത കലർത്തിയെന്ന് രാജൻ ജെ.പല്ലൻ ആരോപിച്ചു.
ഉദ്യോഗസ്ഥരിൽ നിന്ന് 400 രൂപയും ഡിഎൽആർ തൊഴിലാളികളിൽ നിന്ന് 200 രൂപയും പിരിവെടുത്ത് നടത്തിയിട്ടും പലർക്കും ഭക്ഷണം കിട്ടിയില്ല. 3 വർഷമായി കോർപറേഷനിലേക്ക് കരാർ പ്രകാരമുള്ള തുകയും ഒന്നരക്കോടി രൂപ ജിഎസ്ടിയും അടയ്ക്കാത്ത ബിനി ടൂറിസ്റ്റ് ഹോമിൽ പങ്കാളിത്തമുള്ളവരാണ് ഭരണപക്ഷത്തുള്ളതെന്ന് മുകേഷ് കൂളപ്പറമ്പിൽ ആരോപിച്ചു.
പുലിയും എംപിയും
പുലിക്കളി കെങ്കേമമാക്കിയ കോർപറേഷൻ നേതൃത്വത്തെ അഭിനന്ദിച്ച് ഭരണപക്ഷത്തെ ഐ.സതീഷ് കുമാർ അവതരിപ്പിച്ച പ്രമേയത്തോടെയാണ് കൗൺസിൽ നടപടികൾ ആരംഭിച്ചത്.
ടീമുകൾക്ക് 3 ലക്ഷം രൂപ വീതം ധനസഹായമെന്ന സുരേഷ് ഗോപി എംപിയുടെ പ്രഖ്യാപനം വാഗ്ദാനത്തിലൊതുങ്ങിയെന്ന് ഭരണപക്ഷം ആരോപിച്ചു. കഴിഞ്ഞ വർഷം സുരേഷ് ഗോപി പ്രഖ്യാപിച്ച അരലക്ഷം രൂപ പുലിക്കളിയും കഴിഞ്ഞ് ഏപ്രിലിൽ ആണ് സംഘങ്ങൾക്കു കിട്ടിയതെന്നും ഇപ്പോൾ പ്രഖ്യാപിച്ച തുക അടുത്ത വർഷത്തിൽ ലഭ്യമാക്കാനുള്ള സാഹചര്യമല്ല ഉണ്ടാകേണ്ടതെന്നും അനീസ് അഹമ്മദ് ആരോപിച്ചു.
പുലിക്കളിക്ക് ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം എംപി മുഖേന അനുവദിച്ച 3 ലക്ഷം രൂപയ്ക്കു തെളിവു ചോദിക്കുന്നത് രാജ്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവു ചോദിച്ചതിനു തുല്യമാണെന്ന് ബിജെപി പാർലമെന്ററി നേതാവ് വിനോദ് പൊള്ളഞ്ചേരി പരിഹസിച്ചു.
തുക കലക്ടറേറ്റിലേക്ക് എത്തിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ കലക്ടർ നോക്കുമെന്നും വിനോദ് പറഞ്ഞു. സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം വൈകിയെന്ന് ആരോപിക്കുന്ന ഭരണപക്ഷം കഴിഞ്ഞ വർഷത്തെ തുക നൽകിയത് എപ്പോഴാണെന്ന് ആലോചിക്കണമെന്നും അതിനും മുൻപേ സ്വകാര്യ ചടങ്ങിൽ സുരേഷ് ഗോപി എംപി സഹായധനം കൈമാറിയെന്നും ബിജെപിയിലെ വി.ആതിര പറഞ്ഞു.
കോർപറേഷൻ നടത്തുന്ന പുലിക്കളിക്ക് ധനസഹായം ലഭ്യമാക്കിയതു സംബന്ധിച്ച് എംപിയിൽ നിന്ന് തനിക്കൊരു കത്തോ അറിയിപ്പോ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു.
മുഖംമൂടി പ്രതിഷേധം
വടക്കാഞ്ചേരിയിൽ കെഎസ്യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതിലും പൊലീസ് അക്രമത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ യോഗത്തിനു മുൻപേ കറുത്ത തുണികൊണ്ട് മുഖംമൂടിയും വിലങ്ങണിഞ്ഞും പ്രതിഷേധിച്ചു.
വൈദ്യുതി വിതരണം: അവകാശവും അഭിമാനവും; വിട്ടുനൽകില്ലെന്ന് മേയർ
വൈദ്യുതി വിതരണാവകാശം തൃശൂർ കോർപറേഷന്റെ അഭിമാനമാണെന്നും അത് ഇല്ലായ്മ ചെയ്യാൻ ആരു പ്രവർത്തിച്ചാലും പ്രതികരിക്കുമെന്നും മേയർ എം.കെ.വർഗീസ് പറഞ്ഞു. അശാസ്ത്രീയമായ സർക്കാർ ഉത്തരവിനെതിരെ തന്റെ നിർദേശപ്രകാരമാണ് സംയുക്ത ട്രേഡ് യൂണിയൻ സമരത്തിന് ഇറങ്ങിയത്.
ഇക്കാര്യത്തിൽ വൈദ്യുതി വിഭാഗത്തിന് പരിപൂർണ പിന്തുണ നൽകും. തെറ്റായ ഉത്തരവിനെതിരെയുള്ള പ്രമേയം സർക്കാരിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു.
വൈദ്യുതി വിഭാഗം കെഎസ്ഇബിക്ക് വിട്ടുകൊടുക്കാനുള്ള സർക്കാർ നീക്കം അനുവദിക്കരുതെന്നും ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും കോൺഗ്രസിലെ ജോൺ ഡാനിയലാണ് ആവശ്യമുന്നയിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]